LiveTV

Live

National

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ കാണാതായ വ്യോമസേന വിമാനം എ.എന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍ അടക്കമുളള 13 വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 3 ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്.

എ.എന്‍ 32 കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. തെരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഡ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റ് സഹായവും നാവികസേനയുടെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉള്ള പി8ഐയും തെരച്ചിലില്‍ ഉപയോഗപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിന്‍ എന്നിവര്‍ അടക്കം 13 പേര്‍ കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചിലും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അടക്കമുള്ളവയുമാണ് ഇനി കണ്ടെത്തേണ്ടത്. വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയതിനാല്‍ ബാക്കി തെരച്ചില്‍ അതിവേഗം സാധ്യമാകുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. രക്ഷാപ്രവര്‍ത്തനം അതിവേഗം സാധ്യമാക്കുന്ന സിഗ്നല്‍ സംവിധാനം എ.എന്‍ 32വില്‍ പ്രവര്‍ത്തിച്ചില്ലെന്നത് നേരത്തെ വലിയ വിവാദമായിരുന്നു. 14 വര്‍ഷം മുന്‍പ് നിര്‍മ്മാണം നിര്‍ത്തിയ സിഗ്നല്‍ സംവിധാനമായിരുന്നു ഈ വിമാനത്തില്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.