LiveTV

Live

National

അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കും.

അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

കേരള എക്സ്പ്രസ് ട്രെയിന്‍ യാത്രക്കിടെ കോയമ്പത്തൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമിത ചൂടുമൂലം ഉണ്ടായ അസ്വസ്ഥതയും ശ്വാസതടസവുമാണ് മരണകാരണമെന്ന് സംശയം. ഇന്നലെ വൈകീട്ട് ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടവരാണ് മരിച്ചവര്‍.

വരാണസി, ആഗ്ര സന്ദര്‍ശന ശേഷം മടങ്ങുകയായിരുന്നു കോയമ്പത്തൂരില്‍ നിന്നുള്ള 68 അംഗ സംഘം. ആഗ്രയില്‍ നിന്നും കേരള എക്സ്പ്രസില്‍ എസ്8, എസ്9 ബോഗികളിലായിരുന്നു യാത്ര. യാത്ര ആരംഭിച്ചപ്പോള്‍ തന്നെ അഞ്ച് പേര്‍ക്ക് അസ്വസ്ഥത ആരംഭിച്ചിരുന്നു. ഝാന്‍സി സ്റ്റേഷന്‍ എത്തിയപ്പോഴേക്കും നാല് പേര്‍ മരിച്ചു. ബുണ്ടൂര്‍ പളനി സ്വാമി, ബാലകൃഷ്ണ രാമസ്വാമി, ചിന്നാര, ദിവ എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്കും 70 വയസിന് മുകളില്‍ പ്രായമുണ്ട്. 71 വയസുള്ള സുബറയ്യയാണ് ചികിത്സയിലുള്ളത്.

ട്രെയിന്‍ ആഗ്ര വിട്ടപ്പോള്‍ സഹിക്കാനാകാത്ത ചൂടും ശ്വാസതടസവും അനുഭവപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ സഹായിക്കും മുന്‍പേ നാലു പേരും മരിച്ചതായി സംഘത്തിലുള്ളവര്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.