LiveTV

Live

National

ബംഗാളിൽ അക്രമത്തില്‍ തകര്‍ത്ത വിദ്യാസാഗര്‍ പ്രതിമ മമത ബാനര്‍ജി അനാച്ഛാദനം ചെയ്തു; തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘര്‍ഷം തുടരുന്നു

കാന്‍കിനാരയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബംഗാളിൽ അക്രമത്തില്‍ തകര്‍ത്ത വിദ്യാസാഗര്‍ പ്രതിമ മമത ബാനര്‍ജി അനാച്ഛാദനം ചെയ്തു; തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘര്‍ഷം തുടരുന്നു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു. കാന്‍കിനാരയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ നേരത്തെ സംഘര്‍ഷത്തില്‍ തകര്‍ത്തതിനെ തുടര്‍ന്ന് പുനസ്ഥാപിച്ച വിദ്യാസാഗര്‍ പ്രതിമ മമത ബാനര്‍ജി അനാഛാദനം ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വ്യാപക അക്രമം നടന്ന കാന്‍കിനാരയിലാണ് ഇന്നലെ രാത്രിയോടെ വീണ്ടും സംഘര്‍ഷം ഉണ്ടായത്. അക്രമങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃണമൂല്‍ നേതാവ് അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിച്ച് ജയിച്ച ബരാക്പൊരെ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ അക്രമം നടന്ന കാന്‍കിനാര.

ബംഗാളിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ഇന്നലെ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണം ആലോചനയിലുണ്ടോയെന്ന് ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

അതേസമയം വിദ്യാസാഗര്‍ കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വിദ്യാസാഗര്‍ പ്രതിമ പുനസ്ഥാപിച്ചത്. അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിലായിരുന്നു പ്രതിമ തകര്‍ക്കപ്പെട്ടത്.