LiveTV

Live

National

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷം; 5 പേർ കൊല്ലപ്പെട്ടു

നാല് ബി.ജെ.പി പ്രവര്‍ത്തകരും ഒരു ടി.എം.സി പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്

 പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷം; 5 പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപി സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് ബി.ജെ.പി പ്രവര്‍ത്തകരും ഒരു ടി.എം.സി പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷമുണ്ടായ നോര്‍‍ത്ത് 24 പര്‍ഗാനയില്‍ വന്‍‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദേശ്ഖല്ലിയില്‍ സംഘര്‍ഷം ഉണ്ടായത്. ടി.എം.സി പ്രവര്‍ത്തകനായ ഖയ്യൂം മൊല്ല, ബി.ജെ.പി പ്രവര്‍ത്തകരായ ദേവദാസ് മണ്ഡല്‍, തപാസ് മണ്ഡല്‍, ശുകന്ത് മണ്ഡല്‍, പ്രദീപ് മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിലേക്ക് നയിച്ചതിന്‍റെ കാരണം സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്.

പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടി.എം.സി പ്രവര്‍ത്തകന്‍ ഖയ്യൂം മൊല്ലയെ ബി.ജെ.പി പ്രവര്‍ത്തകര്‍ പോയന്‍റ് ബ്ലാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടി.എം.സി നേതാവും സംസ്ഥാന മന്ത്രിയുമായ ജ്യോതിപ്രിയോ മുല്ലിക് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി പതാക അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികള്‍ക്കുമിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

എന്നാല്‍ ടി.എം.സി പ്രവര്‍ത്തകരാണ് സംഘര്‍ഷം അഴിച്ചുവിട്ടതെന്നാണ് ബി.ജെ.പിയുടെ വിമര്‍ശം. പൊലീസിനെ ഉപയോഗിച്ച് മമത സര്‍ക്കാര്‍ ഘാതകരെ സംരക്ഷിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധ്യപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് മുകുള്‍ റോയ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പ്രതികരിച്ചില്ല. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബംഗാളില്‍ തുടരുന്നു ബി.ജെ.പി-ടി.എം.സി സംഘര്‍ഷത്തിന്‍റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണിത്.