LiveTV

Live

National

മുട്ടയും ഉള്ളിയും പൊട്ടിക്കുന്നത് ചുറ്റിക കൊണ്ട്; വെെറലായി സിയാച്ചിന്‍ സെെനികരുടെ വീഡിയോ

കഴിഞ്ഞ പത്ത് വർഷത്തിനിടെ സിയാച്ചിനിൽ വിന്യസിച്ച 163 സെെനികർക്കാണ് കടുപ്പമേറിയ കാലാവസ്ഥ കാരണം ജീവൻ നഷ്ടമായത്.

മുട്ടയും ഉള്ളിയും പൊട്ടിക്കുന്നത് ചുറ്റിക കൊണ്ട്; വെെറലായി സിയാച്ചിന്‍ സെെനികരുടെ വീഡിയോ

ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാന അതിർത്തി മേഖലയാണ് സിയാച്ചിൻ. ചെെനയോട് അടുത്ത് നിൽക്കുന്ന സിയാച്ചിൻ ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത് 11,875 അടി ഉയരത്തിലാണ്. മെെനസ് ഡിഗ്രി കാലാവസ്ഥയിൽ മഞ്ഞ് മൂടി കിടക്കുന്ന സിയാച്ചിനിലെ സെെനികരുടെ ജീവിതം ഊഹിക്കാവുന്നതിലും അപ്പുമറമായിരിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ, സിയാച്ചിൻ ഗ്ലേസിയറിൽ കാവൽ നിൽക്കുന്ന സെെനികരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. തണുത്തുറഞ്ഞ അതിർത്തിയിലെ പാചകം എവ്വിധമായിരിക്കുമെന്ന് കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

മെെനസ് 40 ഡിഗ്രി മുതൽ 70 ഡിഗ്രി വരെ താഴ്ന്ന, തണുത്തുറഞ്ഞ കാലാവസ്ഥയിൽ മുട്ട പൊട്ടിക്കാനും ഉരുളക്കിഴങ്ങ് മുറിക്കാനും ചുറ്റിക ഉപയോഗിക്കുകയാണ് സെെനികർ. കുടിക്കാനുള്ള ജ്യൂസ് പാക്ക് കത്തി കൊണ്ട് പൊളിച്ചാല്‍ കാണുന്നത്, ഒരുഗ്രന്‍ ഇഷ്ടിക കട്ടയെ തോന്നിപ്പിക്കുന്ന തണുത്തുറഞ്ഞ ജ്യൂസാണ്. ജ്യൂസ് ചൂടാക്കിയതിന് ശേഷമേ കുടിക്കാനാവൂ എന്ന് കൂട്ടത്തിലെ ഒരു പട്ടാളക്കാരൻ പറയുന്നുമുണ്ട്.

എപ്പോള്‍ ചിത്രീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമല്ല. പുതിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ സിയാച്ചിൻ സന്ദർശനത്തിന് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

2018ലെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ സിയാച്ചിനിൽ വിന്യസിച്ച 163 സെെനികർക്കാണ് കടുപ്പമേറിയ കാലാവസ്ഥ കാരണം ജീവൻ നഷ്ടമായത്.