LiveTV

Live

National

തദ്ദേശസ്വയംഭരണ വകുപ്പ് പോയി, പിന്നാലെ എട്ട് ഉപദേശകസമിതികളില്‍ നിന്നും സിദ്ദു പുറത്ത്; പഞ്ചാബിൽ ഉൾപ്പോര് മുറുകുന്നു 

മന്ത്രിമാരുടെ വകുപ്പുകള്‍ പുന:സംഘടിപ്പിച്ചപ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പ് സിദ്ദുവില്‍ നിന്ന് എടുത്തുമാറ്റിയതിന് പിന്നാലെയാണ് അടുത്ത നടപടി

തദ്ദേശസ്വയംഭരണ വകുപ്പ് പോയി, പിന്നാലെ എട്ട് ഉപദേശകസമിതികളില്‍ നിന്നും സിദ്ദു പുറത്ത്; പഞ്ചാബിൽ ഉൾപ്പോര് മുറുകുന്നു 

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ എട്ട് ഉപദേശക സമിതികളില്‍ നിന്നും സര്‍ക്കാര്‍ നീക്കി. മന്ത്രിമാരുടെ വകുപ്പുകള്‍ പുന:സംഘടിപ്പിച്ചപ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പ് സിദ്ദുവില്‍ നിന്ന് എടുത്തുമാറ്റിയതിന് പിന്നാലെയാണ് അടുത്ത നടപടി.

തദ്ദേശസ്വയംഭരണ വകുപ്പിന് പകരം താരതമ്യേന ചെറിയ വകുപ്പായ ഊര്‍ജവകുപ്പ് മാത്രമാണ് സിദ്ദുവിന് നല്‍കിയത്‌. എന്നാൽ സിദ്ദു വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തിട്ടില്ല . മാത്രവുമല്ല വിഷയത്തിൽ ഏതെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാനും തയാറായിട്ടില്ല . അത് കൊണ്ട് തന്നെ എന്താണ് സിദ്ദുവിന്റെ അടുത്ത നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുകയാണ്

മന്ത്രിമാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാനാണ്‌ വകുപ്പുമാറ്റമെന്നായിരുന്നു അമരീന്ദറിന്റെ വിശദീകരണം. പഞ്ചാബ് സര്‍ക്കാറിന്‍റെ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എട്ട് മന്ത്രിമാരടങ്ങുന്ന ഉപദേശക സമിതികള്‍ പുതുതായി രൂപീകരിച്ചത്. കാബിനറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന എം.എല്‍.എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് കമ്മിറ്റികളിലുള്ളത്. കാബിനറ്റംഗമായ നവജോത് സിങ് സിദ്ദുവിനെ ഉൾപ്പെടുത്താതെയാണ് അമരീന്ദര്‍ സിങ് ഈ കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സിദ്ദുവിന് പുറമെ മറ്റൊരു കാബിനറ്റംഗമായ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓംപ്രകാശ് സോണിയെയും കമ്മിറ്റികളില്‍ ഉൾപ്പെടുത്തിയിട്ടില്ല.

വ്യാഴാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതെ ഫെയ്സ്ബുക്കിലൂടെ തത്സമയം മാധ്യമങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സിദ്ദുവിന്റെ വകുപ്പ് മാറ്റിയത്‌.രണ്ടുവര്‍ഷമായി അമരീന്ദറും സിദ്ദുവും സ്വരച്ചേര്‍ച്ചയിലല്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂര്‍ച്ചിക്കുകയും ചെയ്തു. സിദ്ധുവിന്‍റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം ഉടലെടുത്തത്.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ദുവിന്റെ 'ഉത്തരവാദിത്വമില്ലാത്ത നടപടികള്‍' കോണ്‍ഗ്രസിനു ദോഷം ചെയ്‌തെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ നഗരമേഖലകളിൽ കോൺഗ്രസിനേറ്റ പരാജയം സിദ്ദുവിന്റെ മോശം പ്രവർത്തനം മൂലമാണെന്നു മുഖ്യമന്ത്രി അമരീന്ദർ സിങ് വിമർ‌ശിച്ചിരുന്നു. സിദ്ദുവിന് മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാര്‍ഥ കോണ്‍ഗ്രസുകാരനല്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു .

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പഞ്ചാബിൽ 13 ൽ 8 സീറ്റുകളിൽ വിജയിച്ചിരുന്നു. സിദ്ദുവിന്റെ പ്രകടനം മോശമായതിനാലാണ് നഗരമേഖലകളിൽ പരാജയപ്പെട്ടതെന്നു തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം അമരീന്ദർ പറഞ്ഞിരുന്നു. നഗരമേഖലകളാണു പാർട്ടിയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചതെന്നും അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിദ്ദു മറുപടി പറയുകയുണ്ടായി .