വിശ്വാസികളെ തിരികെയെത്തിക്കണമെന്ന് കേരളാഘടകത്തോട് സി.പി.എം കേന്ദ്രകമ്മിറ്റി
കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും കേന്ദ്രകമ്മിറ്റി...

ശബരിമലയുടെ പേരില്‍ അകന്ന വിശ്വാസികളെ തിരികെയെത്തിക്കാന്‍ കേരളഘടകത്തോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. വിശ്വാസികളെ എങ്ങനെ തിരികെയെത്തിക്കാമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്ന് വിശദീകരണം നല്കാന് സംസ്ഥാനഘടകങ്ങളോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ വിവിധ നിര്‍ദേശങ്ങളായിരുന്നു കൊല്‍ക്കത്ത പ്ലീനം മുന്നോട്ട് വച്ചിരുന്നത്. സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ വര്‍ഗ്ഗബഹുജന സമരങ്ങള്‍ സംഘടിപ്പിക്കണമെന്നും, ജനങ്ങളുമായി നേരിട്ട് ഇടപെടല്‍ നടത്തി ബന്ധം ശക്തമാക്കണമെന്നും യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കണെമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.
2015 കൊല്‍ക്കത്ത പ്ലീനത്തിലെ ഏതൊക്കെ തീരുമാനങ്ങള്‍ നടപ്പാക്കിയെന്നും ഏതൊക്കെ നടപ്പാക്കിയില്ലെന്നും സംസ്ഥാനഘടകങ്ങള്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും. വിപുലീകൃത സിസിയോ പ്ലീനമോ ചേരണമെന്ന് പാര്‍ട്ടി തീരുമാനിക്കുക.
കേരളത്തില്‍ ശബരിമല വിഷയത്തിലൂടെ നഷ്ടമായ വിശ്വാസികളെ തിരികെ എത്തിക്കാന്‍ കേരളഘടകത്തോട് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. നഷ്ടമായ പാര്‍ട്ടി അനുഭാവികളായ വിശ്വാസികളെ എങ്ങനെ തിരികെ എത്തിക്കണമെന്ന് സംസ്ഥാനഘടകത്തിന് തീരുമാനിക്കാം എന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനുള്ള കര്‍മ്മപരിപാടിക്ക് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്തു. ബി.ജെ.പിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം തുടരും. തമിഴ്നാട്ടില്‍ നിന്നുള്ള എം.പി പി.ആര് നടരാജനാകും സി.പി.എം ലോക്സഭാ കക്ഷി നേതാവ്.