LiveTV

Live

National

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പുത്തന്‍ സഖ്യനീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്

പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായി സഖ്യ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പുത്തന്‍ സഖ്യനീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പുത്തന്‍ സഖ്യനീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായി സഖ്യ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. എന്‍.സി.പിയുമായുള്ള സഖ്യ നീക്കം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാണ് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പുതിയ സഖ്യനീക്കം. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായി സഖ്യനീക്കത്തിന് കോൺഗ്രസ് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. വഞ്ചിത് ബഹുജന്‍ അഗാഡിയും അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമിൻ പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിച്ചത്. 48 സീറ്റില്‍ നിന്നെങ്കിലും ഒന്നും നേടാനായില്ല. പക്ഷെ പത്തോളം മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-എന്‍.സി.പി വോട്ടുകള്‍ ചിതറിച്ചു. ദളിത് - മുസ്ലിം കേന്ദ്രങ്ങളില്‍ നിന്നായി വഞ്ചിത് ബഹുജന്‍ അഗാഡി പിടിച്ചത് 40 ലക്ഷം വോട്ടാണ്. ഇത് കണ്ടാണ് കോണ്‍ഗ്രസ് നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പ്പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന പി.സി.സി യോഗശേഷമാണ് വിവരം പുറത്ത് വന്നത്. പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ അടക്കമുള്ള നേതാക്കള്‍ എന്‍.സി.പിയുമായുള്ള സഖ്യം നീക്കം പുനഃപരിശോധിക്കണം എന്ന നിലപാടുകാരാണ്. എന്‍.സി.പിയുമായുള്ള സഖ്യം ഗുണം ചെയ്യുക എന്‍.സി.പിക്ക് മാത്രമാകുമെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപന ശേഷം ഒരു നേതാക്കളുമായും കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്ന രാഹുല്‍ ഗാന്ധി ശരത് പവാറിനെ വസതിയിലെത്തി കണ്ടത് നേരത്തെ സഖ്യ സാധ്യതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു.