LiveTV

Live

National

അലിഗഡിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊന്ന കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്

പരാതി നൽകിയ ഉടനെ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌‌തിട്ടുണ്ട്.

അലിഗഡിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊന്ന കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്

10000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഒരാൾ അഞ്ചു വർഷം മുമ്പു സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് പൊലീസ്. ആ കേസിൽ ഭാര്യയാണ് ഇയാളെ ജാമ്യത്തിൽ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ അയൽവാസികളായ രണ്ടു പേർ ചേർന്നാണ് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. കുപ്പത്തൊട്ടിയിൽനിന്നു നായ്ക്കൾ കടിച്ചുവലിച്ചു പുറത്തിട്ടതോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രാജ്യമെങ്ങും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രോഷമുയർന്നതോടെ ദേശീയ ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോർട്ട് തേടി.

വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മേയ് 30നാണു കാണാതായത്. കഴിഞ്ഞ ഞായറാഴ്ച സമീപത്തെ കുപ്പത്തൊട്ടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. കുടുംബവും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പിറ്റേന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.

മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രദേശത്ത് ആക്രി പെറുക്കുന്ന സ്ത്രീ ചവറ്റുകൊട്ടയിൽ നിന്നും തെരുവ് നായ്‌ക്കൾ മനുഷ്യശരീരമെന്ന് തോന്നിക്കുന്ന വസ്തു കടിച്ചുമുറിക്കുന്നത് കണ്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞു.സംഗതി വഷളാകുമെന്ന് കണ്ട പൊലീസ് കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതികളിൽ ഒരാളെ പിടികൂടി. പരാതി നൽകിയ ഉടനെ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌‌തിട്ടുണ്ട്.

Also read: കടം തിരിച്ചു ചോദിച്ചതിന്റെ പേരിൽ അലിഗഡിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി; പ്രതിഷേധം ശക്തം

കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനിൽ നിന്നും പ്രതികൾ 50,000 രൂപ വായ്‌പ വാങ്ങിയിരുന്നു. ഇതിൽ 10,000 രൂപ തിരിച്ചുനൽകാത്തതിനെ ചൊല്ലി പ്രതിയും കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതാകുന്നത്.സമൂഹത്തിൽ നാണക്കേടുണ്ടാക്കുന്ന വിധം കുടുംബത്തെ നാണം കെടുത്തുമെന്ന് വാക്കുതർക്കത്തിനിടെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. തുടർന്ന് രണ്ടാം പ്രതിയുടെ സഹായത്തോടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നാട്ടുകാർ ആരോപിക്കുന്നത് പോലെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനോ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതിനോ തെളിവില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കുറച്ച് ദിവസങ്ങൾ പഴകിയതിനാലാകും കണ്ണുകൾക്ക് ഇത്തരത്തിൽ കുഴപ്പം സംഭവിച്ചത്. കുട്ടിയുടെ ഒരു കയ്യും കാലും മുറിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.