LiveTV

Live

National

യോഗി ആദിത്യനാഥിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകനെ യു.പി പോലീസ് വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയി

സ്വാതന്ത്ര്യ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെയാണ് യു.പി പോലീസ് ഡൽഹിയിലെ തന്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയത്

യോഗി ആദിത്യനാഥിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകനെ യു.പി പോലീസ്  വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ യു.പി പോലീസ് വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയി. സ്വാതന്ത്ര്യ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെയാണ് യു.പി പോലീസ് ഡൽഹിയിലെ തന്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയത് .

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിനും അദ്ദേഹത്തിന് സമൂഹത്തിലുള്ള പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കും വിധത്തിൽ അധിക്ഷേപാര്‍ഹമായ പരാമർശങ്ങൾ നടത്തിയതിനും കനോജിയക്കെതിരെ കേസെടുത്തിട്ടുണ്ട്. ന്യൂസ് പോർട്ടലായ ദ വയറിന്റെ ഹിന്ദി വിഭാഗത്തിലായിരുന്നു കനോജിയ കഴിഞ്ഞ മാർച്ച് വരെ ജോലി ചെയ്തിരുന്നത്.

സംഭവത്തിന്റെ നാൾ വഴി ഇങ്ങനെ

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ഓഫിസിനു പുറത്തു വെച്ച് ഒരു യുവതി മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് താൻ ആദിത്യനാഥുമായി കഴിഞ്ഞ ഒരു വർഷത്തോളം വീഡിയോ കാളിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന വീഡിയോ രണ്ടു ദിവസം മുൻപ് കനോജിയ ഫേസ്‌ബുക്കിൽ പങ്ക് വെച്ചിരുന്നു .

യു.പി മുഖ്യമന്ത്രിയായ ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് പ്രസ്തുത വീഡിയോവിൽ യുവതി ആവർത്തിച്ചു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. യു.പി മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമറിയിച്ചു കൊണ്ടുള്ള ചില രേഖകൾ അദ്ദേഹത്തിന് അയച്ചിട്ടുണ്ടെന്നും അതിനുള്ള മറുപടി കാത്തിരിക്കുകയാണ് താനെന്നുമാണ് യുവതി അവകാശപ്പെടുന്നത്.

പ്രസ്തുത വീഡിയോ ഫേസ്‌ബുക്കിൽ പങ്ക് വെച്ച കനോജിയ ഒപ്പം ആക്ഷേപ ഹാസ്യ സ്വരത്തിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു.

"യോഗി ജീ, വീഡിയോ കാളിലൂടെ താങ്കൾക്ക് ചാറ്റ് ചെയ്യാമെങ്കിൽ എന്ത് താങ്കൾക്ക് താങ്കളുടെ പ്രണയം പങ്ക് വെച്ച് കൂടാ? യോഗി ജീ , താങ്കൾ ഒരിക്കലും ഭയപ്പെടരുത്, സമൂഹം എന്ത് പറയുമെന്ന് ഒരിക്കലും ആലോചിക്കരുത്, അങ്ങ് ഒളിച്ചോടുക , ഞങ്ങളെല്ലാം താങ്കളോടൊപ്പമുണ്ട്. ഞങ്ങൾ താങ്കളെ വിവാഹം കഴിപ്പിക്കും " എന്നായിരുന്നു പരാമർശം.

"നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രണയം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല" എന്ന കമന്റുമായി ജൂൺ ആറിന് കനോജിയ ഇതേ വീഡിയോ ട്വിറ്ററിലും പങ്ക് വെച്ചിരുന്നു.

ഇന്നുച്ചയ്ക്ക് കാനോജിയയുടെ ഡൽഹിയിലെ വസതിയിലെത്തിയ ഉത്തർപ്രദേശ് പോലീസ് റോഡ് മാർഗം ലഖ്‌നോവിലേക്ക് കൊണ്ട് പോയെന്നു ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡൽഹിവാസിയായ ആളെ ഉത്തർപ്രദേശ് പോലീസ് പിടിച്ചു കൊണ്ട് പോയത് എന്തിനെന്നും എങ്ങനെയെന്നും ഇപ്പോഴും വ്യക്തമായിട്ടില്ല.

വാറന്റില്ലാതെയാണ് പോലീസ് വീട്ടിലെത്തിയതെന്നും സാധാരണ വേഷത്തിൽ വന്ന അവർ തങ്ങൾ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ നിന്നുള്ളവരാണെന്നാണ് പരിചയപ്പെടുത്തിയതെന്നും കനോജിയയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കനോജിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പി.ടി.ഐ യോട് പറഞ്ഞ ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പിന്നീട് വ്യക്തമാക്കി .

ഇന്നലെ രാത്രി തന്നെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കനോജിയക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഐ.ടി ആക്റ്റിലെ സെക്ഷൻ 66, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 500 എന്നിവയാണ് ചാർത്തിയ വകുപ്പുകൾ എന്നാണ് റിപ്പോർട്ടുകൾ. കനോജിയയുടെ അറസ്റ്റിനെതിരെ നിരവധി ജേര്‍ണലിസ്റ്റുകളും വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദ്, ഡൽഹി യൂണിവേഴ്സിറ്റി അധ്യാപിക ബനോജ്യോൽസന ലാഹിരി തുടങ്ങി നിരവധിയാളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.