LiveTV

Live

National

പ്രശാന്ത് കിശോര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായേക്കും

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായി പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശാന്ത് കിശോര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായേക്കും

കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയ ശില്പിയായി പ്രവര്‍ത്തിച്ച രാഷ്ട്രതന്ത്രജ്ഞന്‍ പ്രശാന്ത് കിശോര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായി പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ ഉപാധ്യക്ഷനാണ് പ്രശാന്ത്‌ കിശോര്‍.

2021ലാണ് പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അതിന് മുന്നോടിയായി പ്രശാന്ത് കിശോര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനാകുമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. നിലവില്‍ ജെ.ഡി.യു ഉപാധ്യക്ഷനാണ് കിശോര്‍. മോദിയെ വിജയിപ്പിച്ച 2011ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും 2014ലെ കേന്ദ്ര തെരഞ്ഞെടുപ്പിലും കിശോര്‍‍ ബി.ജെ.പിയുടെ മുഖ്യബുദ്ധി കേന്ദ്രമായിരുന്നു. 2015ല്‍ ബീഹാറില്‍ ജെ.ഡി.യുവിന് വേണ്ടിയും 2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടിയും കിശോര്‍ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്.

ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായാണ് ഏറ്റവും ഒടുവില്‍ പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിച്ചത്. എന്‍.ഡി.എക്കകത്ത് ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ മുഖ്യ ശത്രു തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.