LiveTV

Live

National

അക്ബര്‍ രജപുത്ര രാജകുമാരിയോട് അപമര്യാദയായി പെരുമാറിയെന്ന് ബി.ജെ.പി നേതാവ്; ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കോണ്‍ഗ്രസ്

രാജകുമാരി വാള്‍ ഉപയോഗിച്ച് ചെറുത്തുനിന്നു. തുടർന്ന് ക്ഷമ ചോദിച്ചാണ് അക്ബര്‍ സ്വന്തം ജീവന്‍ രക്ഷിച്ചതെന്ന് ബി.ജെ.പി നേതാവ് മദൻ ലാൽ സെയ്നി

അക്ബര്‍ രജപുത്ര രാജകുമാരിയോട് അപമര്യാദയായി പെരുമാറിയെന്ന് ബി.ജെ.പി നേതാവ്; ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കോണ്‍ഗ്രസ്

മുഗൾ ചക്രവർത്തി അക്ബറിനെതിരായ ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശം വിവാദത്തിൽ. രജപുത്ര രാജകുമാരി കിരൺ ദേവിയോട് അക്ബർ അപമര്യാദയായി പെരുമാറിയെന്ന് രാജസ്ഥാൻ ബി.ജെ.പി നേതാവ് മദൻ ലാൽ സെയ്നി പറഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിൽ മഹാറാണാ പ്രതാപിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മദൻ ലാൽ.

''അക്ബർ സ്ഥാപിച്ച മീന ബസാർ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പുരുഷൻമാർക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകൾ ജോലി ചെയ്തിരുന്ന മീന ബസാറിൽ അക്ബർ വേഷം മാറി വരുമായിരുന്നു. അവിടെവെച്ചാണ് കിരൺ ദേവിയോട് മോശമായി പെരുമാറാന്‍ നോക്കിയത്. എന്നാല്‍ രാജകുമാരി വാള്‍ കൊണ്ട് ചെറുത്തുനിന്നു. തുടർന്ന് ക്ഷമ ചോദിച്ചാണ് അക്ബര്‍ ജീവന്‍ രക്ഷിച്ചത്''- മദൻ ലാല്‍ പറഞ്ഞു.

പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി നേതാവ് ചരിത്രം വളച്ചൊടിക്കുകയാണെന്നും സമൂഹത്തിൽ വിദ്വേഷംനിറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് അർച്ചന ശർമ പറഞ്ഞു. വർഷങ്ങളായി മുഗളൻമാരുടെ പാരമ്പര്യത്തെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. മുഗള്‍ കാലത്തെ സ്ഥലനാമങ്ങളില്‍ പലതും മാറ്റിയത് ഇതേ പാര്‍ട്ടിയുടെ സര്‍ക്കാരാണെന്നും അര്‍ച്ചന ശര്‍മ വിമര്‍ശിച്ചു.