LiveTV

Live

National

ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു

ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന

സര്‍ക്കാരില്‍ കൂടുതല്‍ പദവികളും രാമക്ഷേത്ര വിഷയവും ഉന്നയിച്ച് ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മന്ത്രിസ്ഥാനമാണ് ശിവസേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അരവിന്ദ് സാവന്ദിനെ മാത്രമാണ് മന്ത്രിയാക്കിയത്. ഇതോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് ശിവസേന പിടിമുറുക്കിയത്. മുതിര്‍ന്ന എം.പി ഭാവന ഗൗലിയെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് ഉദ്ദവ് താക്കറെ അമിത്ഷായോട് ആവശ്യപ്പെട്ടു.

നിലവിലെ മന്ത്രാലയങ്ങള്‍ക്ക് പുറമെ മറ്റേതെങ്കിലും വകുപ്പുകളുടെ ചുമതല കൂടി അരവിന്ദ് സാവന്ദിന് നല്‍കണമെന്ന ആവശ്യവും ശിവസേന ഉന്നയിച്ചിട്ടുണ്ട്. കൂടാതെ രാമക്ഷേത്ര നിര്‍മാണം ഉന്നയിച്ചും ബി.ജെ.പിക്ക് മേല്‍ ശിവസേന സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. നിലവില്‍ 350ല്‍ അധികം എംപിമാര്‍ എന്‍.ഡി.എക്കുണ്ട്.

ഇതില്‍ കൂടുതല്‍ എന്താണ് രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമുള്ളതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ചോദിച്ചു. ഈ മാസം 15ന് 18 പാര്‍ട്ടി എം.പിമാരുമായി അയോധ്യ സന്ദര്‍ശിക്കുമെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദു വോട്ട് ബാങ്ക് ബി.ജെ.പിയിലേക്ക് പോകുന്നതിന് തടയിടാന്‍ കൂടിയാണ് ശിവസേനയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.