LiveTV

Live

National

ഡോ പായലിന്റെ ആത്മഹത്യ : കുറ്റാരോപിതരെ കസ്റ്റഡിയിൽ വെക്കാനാവില്ല, ചോദ്യം ചെയ്യാമെന്ന് ക്രൈം ബ്രാഞ്ചിനോട് ബോംബെ ഹൈക്കോടതി 

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നു പേരെയും ചോദ്യം ചെയ്യുന്നതിന് വേണ്ടി തങ്ങളുടെ കസ്റ്റഡിയിലേക്ക് വിട്ട് തരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യം

ഡോ പായലിന്റെ ആത്മഹത്യ : കുറ്റാരോപിതരെ കസ്റ്റഡിയിൽ വെക്കാനാവില്ല, ചോദ്യം ചെയ്യാമെന്ന് ക്രൈം ബ്രാഞ്ചിനോട് ബോംബെ ഹൈക്കോടതി 

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ ഡോ.പായൽ തദ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരെ കസ്റ്റഡിയിൽ വെക്കാനാവില്ലെന്നും, ചോദ്യം ചെയ്യാമെന്നും ക്രൈം ബ്രാഞ്ചിനോട് ബോംബെ ഹൈക്കോടതി. കുറ്റാരോപിതരായ പായലിന്റെ സീനിയറായിരുന്ന റസിഡന്റ് ഡോക്റ്റര്‍മാരായ ഡോ.അങ്കിത ഖണ്ഡേല്‍വാല്‍, ഡോ.ഭക്തി മെഹ്‌രെ, ഡോ.ഹേമ അഹുജ എന്നിവരെ ചോദ്യം ചെയ്യാൻ മാത്രമായിട്ടാണ് ക്രൈം ബ്രാഞ്ചിന് ബോംബെ ഹൈക്കോടതി അനുമതി നൽകിയത്.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നു പേരെയും ചോദ്യം ചെയ്യുന്നതിന് വേണ്ടി തങ്ങളുടെ കസ്റ്റഡിയിലേക്ക് വിട്ട് തരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യമെങ്കിലും കോടതി നിരാകരിച്ചു. പകരം ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ ആറ് മണി വരെയും വെള്ളി,ശനി,ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുവദിച്ചു.

അഗരിപാട പോലീസ് സ്റ്റേഷനിൽ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കേസ് കൈമാറിയത് കഴിഞ്ഞ മെയ് 30 നാണ്. പിറ്റേ ദിവസം കേസ് പരിഗണിച്ച സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിക്ക് വിട്ടു കൊണ്ട് റിമാൻഡ് ചെയ്യുകയും ചെയ്തു. അത് കൊണ്ട് തന്നെ ക്രൈം ബ്രാഞ്ചിന് അവരെ ചോദ്യം ചെയ്യാൻ അവസരം കിട്ടിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.

അതേ സമയം സംഭവത്തെ കുറിച്ച് ദേശീയ പട്ടിക വർഗ കമീഷന്റെ അഞ്ചംഗ സംഘം മഹാരാഷ്ട്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തുമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് . ജൂൺ 8 നാണ് കമ്മീഷന്റെ സംഘം സർക്കാരിന്റെ ഉന്നത വൃത്തങ്ങളെ കാണുക.

Also read: ഡോ. പായലിന്റെ ആത്മഹത്യ : ദേശീയ പട്ടിക വർഗ കമ്മീഷൻ മഹാരാഷ്ട്ര സർക്കാർ അധൃകൃതരുമായി ചർച്ച നടത്തും