LiveTV

Live

National

നീറ്റ് പരീക്ഷ; ‘മെറിറ്റി’ൽ തന്നെ യോഗ്യത നേടി ദളിത്-ആദിവാസി-ഒ.ബി.സി വിദ്യാർഥികള്‍

നീറ്റ് പരീക്ഷ; ‘മെറിറ്റി’ൽ തന്നെ യോഗ്യത നേടി ദളിത്-ആദിവാസി-ഒ.ബി.സി വിദ്യാർഥികള്‍

ബുധനാഴ്ച്ച നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോൾ ദളിത് -ആദിവാസി മറ്റു പിന്നോക്ക -വിഭാഗങ്ങളിൽ നിന്നുള്ള 80 % വിദ്യാർത്ഥികളും പൊതു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിർണയിച്ച കട്ട്-ഓഫ് മാർക്ക് മറികടന്നതായി കണക്കുകൾ. ടെലഗ്രാഫ് പത്രമാണ് കണക്കുകൾ പുറത്തു വിട്ടത് .

50 % മാർക്കാണ് പൊതു വിഭാഗം വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർണയിച്ച കട്ട്- ഓഫ് മാർക്ക്. ഒ.ബി.സി വിഭാഗത്തിൽ നിന്ന് പരീക്ഷയിൽ യോഗ്യത നേടിയ 3 .76 ലക്ഷം വിദ്യാർത്ഥികളിൽ 3 .12 ലക്ഷം വിദ്യാർത്ഥികളും (അതായത് 83 % ശതമാനം ) 50 % മാർക്കെന്ന യോഗ്യതാ മാർക്ക് കടന്നപ്പോൾ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതിയ 99 ,890 വിദ്യാർത്ഥികളിൽ 79 ,881 പേരും (79.96 %) 50 % എന്ന കടമ്പ കടന്നു . പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 35 ,272 പേർ യോഗ്യത നേടിയപ്പോൾ അതിൽ 26 ,817 പേരും (76 %) 50 % മുകളിൽ മാർക്ക് നേടിയവരാണ്‌.

കടപ്പാട് : ടെലഗ്രാഫ് 
കടപ്പാട് : ടെലഗ്രാഫ് 

സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 40 % മാർക്കായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിശ്ചയിച്ച കട്ട്-ഓഫ് . അത് പ്രകാരം ഒ.ബി.സി വിഭാഗത്തിൽ നിന്ന് 63,789 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 20,009 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 8,455 പേരും കൂടി അധികമായി യോഗ്യത നേടി . 286,245 പേരാണ് പൊതു വിഭാഗത്തിൽ നിന്ന് യോഗ്യത നേടിയത്.

മെയ് 5 നും മെയ് 20 നുമായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെഡിക്കൽ -ഡെന്റൽ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷ നടത്തിയത്. ദളിത്-ആദിവാസി-മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കട്ട്-ഓഫ് മാർക്കിലെ ഇളവുകൾ ഉപയോഗിച്ച് സംവരണ ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന്റെ പേരിൽ മെഡിക്കൽ കോളേജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് വിവേചനങ്ങൾ നേരിടുന്ന സമയത്ത് തന്നെയാണ് ഈ വിഭാഗങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും മുന്നോക്ക ജാതി വിഭാഗമെന്ന് വ്യവഹരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ അതേ യോഗ്യതാ മാർക്ക് കടമ്പ കടന്നിട്ടുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് .

മുബൈയിലെ ബി.വൈ.എല്‍ നായര്‍ ഹോസ്പിറ്റലില്‍ ട്രൈബല്‍ വിഭാഗമായ ഭില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഡോ. പായല്‍ തദ്‍വി സംവരണത്തിന്റെ പേരിലും മറ്റും ജാതിപരമായി അധിക്ഷേപിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയിലെ ദളിത്-ആദിവാസി -മറ്റു പിന്നോക്ക സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനം ഏറെ പ്രാധാന്യമർഹിക്കുന്നു