LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇരുപത്തിയേഴായിരം കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളുടെ കൂടി അറുപതിനായിരം കോടി ചെലവഴിച്ചപ്പോള്‍ അതിന്റെ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളം തുകയാണ് ബി.ജെ.പി ഒറ്റക്ക് ചെലവാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇരുപത്തിയേഴായിരം കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇരുപത്തിയേഴായിരം കോടി രൂപ ചെലവഴിച്ചതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ എല്ലാപാര്‍ട്ടികളുടെ കൂടി അറുപതിനായിരം കോടി ചെലവഴിച്ചപ്പോള്‍ അതിന്റെ 45 ശതമാനത്തോളം തുകയാണ് ബി.ജെ.പി ഒറ്റക്ക് ചെലവാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞതെന്നും സി.എം.എസ് അവകാശപ്പെടുന്നു

1998 ല്‍ തെരഞ്ഞെടുപ്പില‍് ആകെ ചെലവായ പണത്തിന്റെ 20 ശതമാനം മാത്രമായിരുന്നു ബി.ജെ.പിയുടെ പങ്ക്. അവിടെ നിന്നാണ് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 45 ശതമാനത്തിലേക്കുള്ള ബി.ജെ.പിയുടെ വളര്‍ച്ച . 2019 ല്‍ എല്ലാ പാര്‍ട്ടികളും കൂടി അറുപതിനായിരം കോടതി തെരഞ്ഞെടുപ്പില്‍ മുടക്കിയപ്പോള്‍ അതില്‍ ഇരുപത്തിയേഴായിരം കോടിയും ബി.ജെ.പിയുടേതാണെന്ന് സി.എം.എസ് പറയുന്നു. 2014 ല്‍ ആകെ തെരഞ്ഞെടുപ്പ് ചെലവ് മുപ്പതിനായിരം കോടി ആയിരുന്നതാണ് ഇത്തവണ ഇരട്ടിയായി വര്‍ധിച്ചത്. ആഗോള ചരിത്രത്തിലെ തന്നെ ഏറ്റവും പണമൊഴുകിയ തെരഞ്ഞെടുപ്പും ഇതാണെന്നാണ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ കണ്ടെത്തല്‍.

അതേസമയം കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് മൊത്തം ചെലവിന്റെ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം തുകയാണ്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് നോക്കിയാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ ചെലവ് ഒരു ട്രില്ല്യണ്‍ കടക്കുകമെന്നും സി.എം.എസ് ചെയര്‍മാന്‍ എന്‍. ഭാസ്കര റാവു പറയുന്നു. 2019 തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവാണ്. ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നിടത്ത് നിന്ന് വന്‍കിട കമ്പനികളുടെ ഫണ്ടിങ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സി.എം.എസ് പറയുന്നു.