LiveTV

Live

National

ബി.ജെ.പി - ജെ.ഡി.യു ഭിന്നത: നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി‌

നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ വീണ്ടും ചേരുന്നതില്‍ ആര്‍.ജെ.ഡിക്ക് എതിര്‍പ്പില്ലെന്ന് റാബ്റി ദേവി പറഞ്ഞു.

ബി.ജെ.പി - ജെ.ഡി.യു ഭിന്നത: നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി‌

ബിഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തില്‍ നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി‌ രംഗത്തെത്തി. നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ വീണ്ടും ചേരുന്നതില്‍ ആര്‍.ജെ.ഡിക്ക് എതിര്‍പ്പില്ലെന്ന് റാബ്റി ദേവി പറഞ്ഞു. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച് നീങ്ങണമെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് രംഘുവന്‍ശ് പ്രസാദ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബിഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടുമൊരു വഴിത്തിരിവിനുള്ള സാഹചര്യമൊരുങ്ങുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച ജെ.ഡി.യു, സഖ്യം പാതി വഴിയില്‍ ഉപേക്ഷിച്ച് ബി.ജെ.പിയൊടൊപ്പം പോവുകയായിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുമായി ഭിന്നതയിലായ ജെ.ഡി.യുവിനെ സ്വാഗതം ചെയ്തുകൊണ്ട് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ബീഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ റാബ്റി ദേവിയാണ് രംഗത്ത് വന്നത്. നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ ചേരുകയാണെങ്കില്‍ തങ്ങള്‍ എതിര്‍ക്കില്ലെന്ന് റാബ്രി ദേവി പറഞ്ഞു.

എന്‍.ഡി.എയിലേക്ക് പോയതില്‍ കുറ്റബോധം തോന്നിയിരുന്നുവെന്നും മഹാസഖ്യത്തിലേക്ക് തിരികെ വരാന്‍ ആ സമയത്ത് തന്നെ നിതീഷ് കുമാറിന് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുറത്ത് വന്നിരുന്നു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മതേതര സഖ്യത്തിനൊപ്പം നിന്നില്ലെങ്കില്‍ ജെ.ഡി.യുവിന് തിരിച്ചടിയുണ്ടാകുമെന്നുമുള്ള അശങ്കയും പാര്‍ട്ടിക്കുണ്ട്. ഇതിനിടെ ജെ.ഡി.യു കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.