LiveTV

Live

National

ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര 

സ്ത്രീകളുടെ സുരക്ഷിത യാത്രക്കും യാത്രാ ചെലവ് ഗണ്യമായി കുറക്കുന്നതിനുമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതെന്ന് കെജ്‍രിവാള്‍

ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര 

ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാകും. യാത്ര സൗജന്യമാക്കുന്ന പദ്ധതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രഖ്യാപിച്ചു. മെട്രോയിലും ബസുകളിലുമാണ് സ്ത്രീകള്‍ക്ക് സൗജന്യമായി സഞ്ചരിക്കാനാകുക. തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പില്‍ വരും. അടുത്ത വര്‍ഷം ഡല്‍ഹി നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

സ്ത്രീകളുടെ സുരക്ഷിത യാത്രക്കും യാത്രാ ചെലവ് ഗണ്യമായി കുറക്കുന്നതിനുമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളില്‍ യാത്രാ സൗജന്യം നടപ്പില്‍ വരുത്തും. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ട സ്ത്രീകള്‍ക്ക് അതിനുള്ള അവസരമുണ്ടാകും. പദ്ധതി അനുസരിച്ച് മെട്രോ, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍, ക്ലസ്റ്റര്‍ ബസുകള്‍ തുടങ്ങിയവയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. 700 കോടി സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ പദ്ധതി എങ്ങനെ മൂന്ന് മാസത്തിനുള്ളില്‍ നടത്താന്‍ സാധിക്കുമെന്നും കെജ്‍രിവാള്‍ ഡല്‍ഹിയുടെ ശാപമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ബസുകളില്‍ യാത്ര സൗജന്യമാക്കാന്‍ സാധിക്കുമെങ്കിലും മെട്രോകളിലെ യാത്ര സൗജന്യത്തില്‍ ആം ആദ്മി സര്‍ക്കാരിന് വലിയ വെല്ലുവിളി നേരിടേണ്ടി വരും. ഡല്‍ഹി മെട്രോ ഉടമസ്ഥാവകാശം 50 ശതമാനം സംസ്ഥാന സര്‍ക്കാരിനും 50 ശതമാനം കേന്ദ്രത്തിനുമായതാണ് കാരണം. ജനപ്രിയ പ്രഖ്യാപനത്തിലൂടെ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണ് എ.എ.പിയുടെ ലക്ഷ്യം.