ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം; വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ സമിതി
സമിതിയുടെ ശിപാര്‍ശ ജൂലൈയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക പീഡനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി. അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് റിട്ടയര്‍ഡ് ജസ്റ്റിസ് എ.കെ പട്നായികിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുത്തത്.
അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് ആണ് ഗൂഢാലോചന ആരോപണം ഉന്നയിച്ചത്. തെളിവുകള്‍ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയുടെ പരാതിക്ക് പിന്നില്‍ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് ആരോപണം അന്വേഷിക്കാന്‍ റിട്ടയര്‍ഡ് ജസ്റ്റിസ് എ.കെ പട്നായിക്കിനെ സുപ്രീം കോടതി നിയോഗിച്ചത്.
ഉത്സവ് ബെയിന്‍സ് സമര്‍പ്പിച്ച തെളിവുകള്‍ എ.കെ പട്നായിക്ക് വിശദമായി പരിശോധിച്ചു. ഗൂഢാലോചന ആരോപണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന കണ്ടെത്തലില്‍ എ.കെ പട്നായിക് എത്തിയതായാണ് റിപ്പോര്‍ത്ത്.
അന്വേഷണത്തില്‍ സഹായിക്കാന്‍ സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവയോട് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനാല്‍ ഗൂഢാലോചനയുടെ തുടരന്വേഷണം നടത്താന്‍ എ.കെ പട്നായിക്ക് ആവശ്യപ്പെടും. ജൂലൈ രണ്ടാം വാരത്തിനകം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പട്നായിക് സമര്‍പ്പിക്കും