LiveTV

Live

National

കരട് വിദ്യാഭ്യാസ നയത്തിന് എതിരെ വ്യാപക പ്രതിഷേധം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്  

കരട് വിദ്യാഭ്യാസ നയത്തിന് എതിരെ വ്യാപക പ്രതിഷേധം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്  

കരട് വിദ്യാഭ്യാസ നയത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്ത്. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ വ്യക്തമാക്കി. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സമൂഹമാധ്യമങ്ങളിലും ഹിന്ദി ഭാഷ പഠനം നിര്‍ബന്ധമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതമായത്.

സ്കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി കൊണ്ടുള്ള കരട് വിദ്യാഭ്യാസ നയം കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറിയിരുന്നു. മുന്‍ ഐ.എസ്.ആര്‍.ഒ മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതിയായിരുന്നു വിവാദ നിര്‍ദേശം അടങ്ങിയ കരട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ത്രിഭാഷ പദ്ധതിയിലൂടെ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉണ്ടായി. സമൂഹമാധ്യമങ്ങളിലും തമിഴ്നാട് അടക്കമുള്ള ഇടങ്ങളിലുമാണ് പ്രതിഷേധത്തിന് വേദിയായത്. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഭാഷയും ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത് കരട് നയം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ നയം 1986 ല്‍ ആവിഷ്കരിച്ചതും 1992 ല്‍ പുതിക്കിയതുമാണ്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്നത് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി മുന്‍പോട്ട് വെച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.