LiveTV

Live

National

യു.പിയില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു; കേസ് എടുക്കുന്നില്ലെന്ന് ആരോപണം

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടി രംഗത്ത് വന്നിട്ടുണ്ട്

യു.പിയില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു; കേസ് എടുക്കുന്നില്ലെന്ന് ആരോപണം

ഒരു ദിവസത്തെ ഇടവേളക്കിടെ യു.പിയിൽ വീണ്ടും സമാജ്‍വാദി പാർട്ടി നേതാവിന് വെടിയേറ്റു. യു.പി നോയിഡയിൽ വെച്ചാണ് എസ്.പി നേതാവ് ബ്രജ്പാൽ രതിയെ അജ്ഞാതർ വെടിവെച്ചത്. ഗൗതം ബുദ്ധ നഗറിൽ മറ്റൊരു സമാജ്‍വാദി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതിന് ഒരു ദിവസം തികയും മുമ്പാണ് ബ്രജ്പാലിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വെെകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

സമാജ്‍‍വാദി പാർട്ടിയുടെ ജില്ലാ അധ്യക്ഷനായ ബ്രജ്പാൽ, സുഹൃത്തിനൊപ്പം വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് അജ്ഞാതരായ ചിലർ വന്ന് ആക്രമിക്കുന്നത്. കയ്യിന് വെടിയേറ്റ ബ്രജ്പാലിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആരിൽ നിന്നും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഇതേ കുറിച്ച് സൂരജ്പൂർ സ്റ്റേഷനിൽ നിന്നുള്ള പ്രതികരണം.

തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക പൊലീസ് സുരക്ഷ ലഭിച്ചിരുന്ന വ്യക്തിയാണ് ബ്രജ്പാൽ രതി. തെരഞ്ഞെടുപ്പ് തീർന്നതോടെ ഇദ്ദേഹത്തിനുള്ള സുരക്ഷ പൊലീസ് പിൻവലിക്കുകയായിരുന്നു. എന്നാൽ, തുടർന്നും പൊലീസ് സുരക്ഷ ലഭ്യമാക്കാനായി ബ്രജ്പാൽ തന്നെ തട്ടിക്കൂട്ടിയ നാടകമായിരുന്നു വെടിവെപ്പ് ആക്രമണമെന്ന തരത്തിലുള്ളതാണ് പൊലീസ് ഭാഷ്യമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടി രംഗത്ത് വന്നിട്ടുണ്ട്.