LiveTV

Live

National

‘കോണ്‍ഗ്രസ് - എന്‍.സി.പി ലയനം കുപ്രചരണം മാത്രം’

പ്രതിപക്ഷ നേതൃസ്ഥാനത്തിന് മൂന്ന് എം.പിമാര്‍ കൂടി ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് എന്‍.സി.പി ലയനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍

‘കോണ്‍ഗ്രസ് - എന്‍.സി.പി ലയനം കുപ്രചരണം മാത്രം’

കോണ്‍ഗ്രസ് എന്‍.സി.പി ലയനം കുപ്രചാരണം മാത്രമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സൌഹൃദത്തില്‍ തുടരരുതെന്ന് കരുതുന്നവരാണ് പ്രചാരണത്തിന് പിന്നിലെന്നും ശരത് പവാര്‍ എന്‍.സി.പി കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍.സി.പിയുടെ പ്രകടനം, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കോര്‍ കമ്മിറ്റിയോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ലയനം കോര്‍ കമ്മിറ്റി യോഗത്തില്‍ ശരത് പവാര്‍ തള്ളി. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ലയനവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ദുരുദ്ദേശ്ശമുണ്ട്. ഇരു പാര്‍ട്ടിയുടെയും സൌഹൃദ്ദം തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ശരത് പവാര്‍ യോഗത്തില്‍ ആരോപിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തിന് മൂന്ന് എം.പിമാര്‍ കൂടി ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് എന്‍.സി.പി ലയനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ലയന വാര്‍ത്തകള്‍ സംബന്ധിച്ച അഭ്യൂഹം ശക്തമായത്.

വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും എന്‍.സി.പി അധ്യക്ഷന്‍ പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന് താന്‍ സംശയിക്കുന്നുണ്ടെന്നും പവാര്‍ ആരോപിച്ചു. ശരത് പവാറിന്‍റെ പരസ്യ പ്രതികരണത്തോടെ എന്‍.സി.പി കോണ്‍ഗ്രസ് ലയനം തമ്മിലുള്ള അഭ്യൂഹത്തിനാണ് അവസാനമാകുന്നത്