LiveTV

Live

National

വികസനത്തിന് വേണ്ടിയായിരുന്നോ ഇന്ത്യ വോട്ട് ചെയ്‍തത്?

ഓക്സ്ഫർഡ് സർവകലാശാലയിലെ തനുശ്രീ ഗോയൽ തിരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ വോട്ടിംഗ് രീതിയില്‍‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെക്കുറിച്ച് പറയുന്നത്

വികസനത്തിന് വേണ്ടിയായിരുന്നോ ഇന്ത്യ വോട്ട് ചെയ്‍തത്?

ഇന്ത്യക്കാർ വോട്ട് ചെയ്യുന്നത് പുരോഗതിക്ക് വേണ്ടിയോ പോളിസികൾ അടിസ്‌ഥാനപ്പെടുത്തിയോ അല്ലെന്ന് ഈയടുത്ത കാലത്ത് നടന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ വെളിപ്പെടുകയുണ്ടായി. 2019ലെ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.

തൊഴിലില്ലായ്മ, കർഷകരുടെ ദുരിതങ്ങൾ, എന്നിങ്ങനെ കഷ്ടപ്പാടിന്റെയും സാമ്പത്തിക ക്ലേശങ്ങളുടെയും പായ്ക്കപ്പലായി കിടന്ന് രാജ്യം ഉഴലുമ്പോഴും 56%ൽ അധികം സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ്.

ഓക്സ്ഫർഡ് സർവകലാശാലയിലെ തനുശ്രീ ഗോയൽ 14 സംസ്ഥാനങ്ങളിലെ (അത് 90% ജനസംഖ്യയെയും ഉൾക്കൊള്ളുന്നു) തിരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ വോട്ടിംഗ് രീതിയില്‍‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെക്കുറിച്ച് പറയുന്നത് (Do Citizens Enforce Accountability For Public Goods Provision?). 1998 മുതൽ 2017 വരെ നിയമസഭകളിലേക്കും പാർലിമെന്റിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളും പ്രധാൻ മന്ത്രി ഗ്രാമ സടക്ക് യോജനയും (prime minister’s rural roads project; P.M.G.S.Y) തമ്മിലുള്ള ബന്ധം തന്റെ പഠനത്തിലൂടെ അവർ പരിശോധിക്കുന്നു.

അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി സർക്കാരിന്റെ പ്രഥമ പദ്ധതികളിൽ ഒന്നായിരുന്നു 2000 ല്‍ ആരംഭിച്ച P.M.G.S.Y. 2018 വരെ ഈ പദ്ധതി പ്രകാരം 28 മില്യൺ കോടി രൂപ ചെലവിൽ 5,50,000 കിലോമീറ്റർ റോഡ് ഇന്ത്യയുടെ വ്യത്യസ്ത ഗ്രാമീണ മേഖലയിൽ നിർമ്മിക്കപ്പെട്ടു.

ഗ്രാമീണ മേഖലയിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടും ജനങ്ങൾ അതേ സർക്കാറിന് വോട്ട് ചെയ്തില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 1998 മുതൽ 2003 വരെയുള്ള കാലയളവിൽ 13,634.43 കിലോമീറ്റർ റോഡ് കോൺഗ്രസ് രാജസ്ഥാനിൽ നിർമ്മിച്ചു. പക്ഷെ, തുടർന്ന് 2003 നടന്ന തിരഞ്ഞെടുപ്പിൽ അവർക്ക് ശരാശരി 9.6% വോട്ട് കുറഞ്ഞ് ബി.ജെ.പി അധികാരത്തിൽ എത്തി. 1999നും 2004നും ഇടയിൽ അവിഭജിത ആന്ധ്രാപ്രദേശ് ഭരിച്ചിരുന്ന തെലുങ്കു ദേശം പാർട്ടി (TDP) സംസ്ഥാനത്ത് 8167.56 KM റോഡ് നിർമ്മിക്കുകയുണ്ടായി. പക്ഷെ, 7.3% വോട്ട് കുറഞ്ഞ അവർക്ക് അധികാരം നഷ്ടപ്പെട്ടപ്പെടുകയും കോണ്ഗ്രസ്സ് അധികാരത്തിലെത്തുകയും ചെയ്തു.

"ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ റോഡ് വികസന പദ്ധതിയിലൂടെ 200,000 ഗ്രാമങ്ങൾക്ക് ഏത് കാലാവസ്ഥയിലും ഉപയോഗപ്രദമായ വികസനമാണ് സാധ്യമായത്. ഈ ഗ്രാമങ്ങളിലുള്ളവര്‍ എല്ലാം തന്നെ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളില്ലാതെ കഷ്ട്ടപ്പെട്ടിരുന്നവരും വർഷം മുഴുവൻ പുറം ലോകവുമായി ബന്ധം ഉണ്ടാകാൻ ഏറെ ആഗ്രഹിച്ചിരുന്നവരും ആണെങ്കിൽ കൂടി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പദ്ധതിയുടെ പ്രതിഫലനം സംപൂജ്യമായിരുന്നു എന്ന് കാണുവാൻ കഴിയും" ഗോയൽ തന്റെ പഠനത്തിൽ പറയുന്നു. "വളരെ കുറച്ച് അവസരങ്ങളിൽ മാത്രമാണ് ഫലം കൃത്യമായി പ്രകടമായത്. ആശാവഹവും സുതാര്യവുമായ ഒരു പദ്ധതി രൂപീകരണത്തിലേക്ക് നയിക്കാൻ കഴിയാവുന്ന ഒരു തുടർച്ച അവക്ക് ഒട്ടും ഉണ്ടായിരുന്നില്ല.

ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാനും വിലയിരുത്താനും കഴിയുന്ന ഒരു വികസന പദ്ധതി എന്ന അർത്ഥത്തിലാണ് PMGSY ഈ പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ഗോയൽ വിശദീകരിക്കുന്നു, "PMGSY സാധാരണ ജനങ്ങൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ പ്രാഥമിക ആവശ്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന ഒരു പദ്ധതിയായി എളുപ്പം മനസ്സിലാക്കാവുന്നതാണ്"

2019 ഇലക്ഷന് മുന്നോടിയായി നടന്ന ക്യാമ്പയിനുകളിലും മറ്റും വികസന കാര്യങ്ങളെ കുറിച്ചോ അടിസ്ഥാന വികസപദ്ധതികളെ പറ്റിയോ ഉള്ള നരേന്ദ്ര മോഡിയുടെ പ്രസ്താവനകൾ വെറും നാമ മാത്രമായിരുന്നു. രാജ്യപുരോഗതിക്കുള്ള പദ്ധതികൾ ഒഴികെ മറ്റെല്ലാ കാര്യങ്ങളും ഇലക്ഷനിൽ ചർച്ച ചെയ്യപ്പെടുന്നു, എന്നാണ് മുൻ ധനമത്രി പി.ചിദംബരം അഭിപ്രായപ്പെട്ടത്. താൻ ഭരണത്തിൽ വന്നാൽ കൊണ്ട് വരും എന്ന് പറഞ്ഞ വികസനത്തെക്കാളുപരിയായി കോണ്‍ഗ്രസ് പ്രസിഡന്റിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിനെ കുറിച്ചും സംസാരിക്കാനാണ് മോഡിക്ക് താല്‍പര്യം എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

മോഡിയുടെ റിപ്പോർട്ട് കാർഡ് എന്ന തലക്കെട്ടിൽ factchecker.in പുറത്തിറക്കിയ ലേഖനങ്ങളിൽ ബി.ജെ.പിയുടെ പ്രമുഖ പദ്ധതികൾ എന്ന രീതിയിൽ വിശകലനം ചെയ്യുന്നത് ഗ്രാമീണ വൈദ്യുതീകരണ പദ്ധതി, സ്വച്ഛ്‌ ഭാരത്, ഗ്രാമീണ തൊഴിൽ പദ്ധതി എന്നിവയാണ്.

ജനാധിപത്യത്തിനുള്ള ആപൽക്കരമായ സൂചനകളാണ് ഓക്സ്ഫഡ് സർവകലാശാലയുടെ പഠനം തെളിയിക്കുന്നത്. ഗോയൽ പറയുന്നു "ജനങ്ങൾ പദ്ധതികളോട് മുഖം തിരിഞ്ഞുള്ള ഒരു ഭാവമാണ് കാണിക്കുന്നത് എങ്കിൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സാധ്യമായിരുന്ന ജനകീയ പദ്ധതികളും സേവനങ്ങളും പതിയെ മണ്മറഞ്ഞ് പോകുകയോ നാമമാത്രമാകുകയോ ചെയ്യും".

പാർട്ടികൾ 'ഭരിക്കാനുള്ള ചിലവിന്' പണം കെട്ടുന്നു

P.M.G.S.Y യിൽ നിന്നും ലഭ്യമായതിൽ ഏറ്റവും സമഗ്രവും പ്രാഥമികവും ആയ വിവരങ്ങൾ ശേഖരിച്ച് സംഗ്രഹിപ്പിച്ച് അതിനെ ദേശീയ സംസ്ഥതല തലങ്ങളിലെ ഏതാണ്ട് 11,000 ത്തിൽ പരം നിയമസഭാ-പാർലിമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി ഗോയൽ പഠനം നടത്തി. അതും മൊത്തം പദ്ധതി കാലയളവിലെ മുൻനിർത്തി.

റോഡുകളുടെ കാര്യത്തിൽ പോലും ഉത്തരവാദിത്വത്തോടു കൂടി ജനനങ്ങൾക്ക് കാണാൻ കഴിയുന്നില്ല എങ്കിൽ, "മറ്റു പദ്ധതികളിൽ ഒന്നും തന്നെ അത് കാണാൻ കഴിയില്ല" ഗവേഷക പറയുന്നു. ഗോയലിന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ സാമ്പത്തിക വശങ്ങളെ കണക്കിൽ എടുത്താൽ റോഡുകൾ 'കാര്യക്ഷമതയിലേക്കുള്ള പടിവാതിൽ' ആണ്.

വികസനത്തിന് വേണ്ടിയായിരുന്നോ ഇന്ത്യ വോട്ട് ചെയ്‍തത്?

ധാർവാർഡിലെ കർണാടക് സർവകാലയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ഹരീഷ് രാമസ്വാമി വോട്ടും വികസനവും തമ്മിലുള്ള ബന്ധമില്ലായ്മയെ നിരക്ഷരതയുമായി ബന്ധിപ്പിക്കുന്നുണ്ട്. "ഇന്ത്യൻ ജനാധിപത്യം നിരക്ഷരതകൊണ്ടാണ് നിലനിക്കുന്നത് എന്നൊരു വാദം ഉണ്ട്" അദ്ദേഹം പറയുന്നു. "തിരഞ്ഞെടുപ്പ് പത്രികയൊക്കെ 1-2 % ആളുകൾ മാത്രമാണ് വായിക്കുന്നത്"

ഉയർന്ന വിദ്യാഭ്യാസവും വിവരങ്ങളിലേക്കുള്ള കൂടുതൽ സാധ്യതയും ജനങ്ങളെ കൂടുതൽ ഉത്തരവാദിത ബോധമുള്ളവരാക്കും എന്ന് ഗോയലും തന്റെ പഠനത്തിൽ പറയുന്നുണ്ട്. പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണങ്ങളോ റോഡ് നിര്‍മാണത്തിന്റെയും മറ്റും ദൃശ്യമായ തെളിവുകളോ ദേശീയ സംസ്ഥാന തലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കുന്നില്ല.

ഉയർന്ന വിദ്യാഭാസവും വിവരങ്ങളിലേക്കുള്ള കൂടുതൽ സാധ്യതയും ജനങ്ങളെ കൂടുതൽ ഉത്തരവാദിത്വംബോധം ഉള്ളവർ ആക്കും എന്ന് ഗോയലും തന്റെ പഠനത്തിൽ പറയുന്നുണ്ട്. പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണങ്ങളോ റോഡ് നിര്‍മാണത്തിന്റെയും മറ്റും ദൃശ്യമായ തെളിവുകളോ ദേശീയ സംസ്ഥാന തലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കുന്നുല്ല. ഇത്തരം പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പരിമിതമല്ല മറിച്ച് അതിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം ശൂന്യമാണെന്ന് മാത്രം.

ജനങ്ങൾ പദ്ധതികളുടെ പ്രവർത്തനത്തിന് അനുസരിച്ച് വോട്ട് ചെയ്യാത്തത് കൊണ്ട് തന്നെ, ഭരണനിർവഹണത്തിലെ മികവ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയ ലാഭമല്ല. മറിച്ച്, ഗോയലിന്റെ അഭിപ്രായത്തിൽ അവ ഭരണപോരായ്മയായും പാഴ്‌ചെലവായും കണക്കാക്കപ്പെടുന്നു.

"പദ്ധതികൾക്ക് മേൽ അധികാരത്തിലുള്ള പാർട്ടിക്ക് താരതമ്യേന പ്രതിപക്ഷത്തേക്കാൾ പിടിമുറുക്കം ഉണ്ട്. അവർക്ക് പദ്ധതികൾ മുന്നോട്ട് വെച്ച് പ്രതിപക്ഷത്തേക്കാൾ തങ്ങൾ മികച്ചവരാണെന്ന് ജനങ്ങളോട് പറയാം. പ്രതിപക്ഷത്തിനാണെങ്കിൽ അതിന് കഴിയുകയും ഇല്ല" അവർ പറയുന്നു. "പക്ഷെ, ജനങ്ങൾ ഈ കാര്യങ്ങളിൽ ഒരു താല്‍പര്യവും കാണിക്കുന്നില്ലെങ്കിൽ ഭരണ മികവ് ഒന്നും താരതമ്യത്തിന്റെ വിഷയമേ ആകുന്നില്ല"

2019 ലെ തിരഞ്ഞെടുപ്പിൽ ഇതെങ്ങനെ പ്രതിഫലിക്കുന്നു

"ഈ തിരഞ്ഞെടുപ്പിൽ ഒരു പദ്ധതിയും പോളിസിയും വിഷയമേ ആയിട്ടില്ല", ഗോയൽ പറയുന്നു. "കഴിഞ്ഞ 5 വർഷം സർക്കാർ എന്തൊക്കെയാണ് ചെയ്തത് എന്നൊന്നും പ്രശ്‌നമല്ല, അതുകൊണ്ടാണ് മോഡി ദേശീയതയെ കുറിച്ചും എയർ സ്ട്രൈക്കിനെ കുറിച്ചും ഒക്കെ സംസാരിച്ച് കൊണ്ടിരിക്കുന്നത്. 2014 ൽ നിന്ന് 2019 ലേക്ക് എത്തുമ്പോൾ ബി.ജെ.പിയുടെ വ്യവഹാരങ്ങൾ എങ്ങനെയൊക്കെയാണ് മാറിമറിഞ്ഞിരിക്കുന്നത് എന്ന് നോക്കൂ. മുൻപ് അത് വികസനത്തിന്റെയും ഹിന്ദുത്വത്തിന്റെയും ഒരു മിക്സ് ആയിരുന്നു എങ്കിൽ ഇന്ന് വെറും സ്വത്വവും ജാതിയും മാത്രമാണ്."

അതുകൊണ്ട് തന്നെ, വികസനം തിരഞ്ഞെടുപ്പ് ഗോദയിൽ ഫലമുണ്ടാക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സർക്കാരുകൾ സമയവും പണവും ചെലവഴിച്ച് റോഡുകൾ ഉണ്ടാക്കുന്നത്?"

"റോഡുനിർമ്മാണം ഫലം ചെയ്യുന്നില്ലായിരിക്കാം, പക്ഷെ അവ നിർമ്മിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമാണ്" തക്ഷശിലയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ അനുപം മനുർ പറയുന്നു. "സമ്പദ്ഘടന ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ അത് രാഷ്ട്രീയ പാർട്ടികൾക്ക് പ്രശ്നമാകും."

ജനങ്ങൾ വ്യത്യസ്ത ഘടകങ്ങൾക്കനുസരിച്ചാണ് വോട്ട് ചെയ്യുന്നത്, റോഡ് മാത്രമല്ല

സന്ദീപ് ശാസ്ത്രിയുടെ അഭിപ്രായത്തിൽ "ആളുകൾ റോഡുകൾക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ അതിന് വേറെയും കാരണങ്ങൾ ഉണ്ടായേക്കാം". ലോക്‌നീതി നെറ്റ്വർക്കിന്റെ കോർഡിനേറ്ററും ജൈൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും ആണ് അദ്ദേഹം. "ഒരുപാട് മേഖലകളിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അവരുടെ വാസസ്ഥലവും കൃഷിഭൂമിയും ഒക്കെ നഷ്ടപ്പെടുന്നു, എന്നാൽ കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതും ഇല്ല. അതുമല്ലാതെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതിയാണ് P.M.G.S.Y. ആർക്കാണ് അതിന് അംഗീകാരം നൽകേണ്ടത് എന്ന് ജനങ്ങൾക്കും സംശയം ഉണ്ടായേക്കാം"

റോഡിനെ വോട്ട് ചെയ്യാനുള്ള മാനദണ്ഡമായി കാണുന്നവരെ ശാസ്ത്രി ചോദ്യം ചെയ്യുന്നു. "എന്താണ് വികസനം എന്ന് ജനങ്ങളുടെ കണ്ണിലൂടെ കാണേണ്ടിയിരിക്കുന്നു. റോഡുകൾ ഒരു ഘടകം മാത്രമാണ്, ജനങ്ങൾ വോട്ട് ചെയ്യാൻ പോകും മുൻപ് ഒരുപാട് ഘടകങ്ങൾ കണക്കിൽ എടുക്കും. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിങ്ങനെ."

ഗോയൽ തന്റെ പഠനത്തിൽ, പാര്ലിമെന്റിലെയും നിയമസഭയിലെയും അംഗങ്ങൾ ആരോപണങ്ങൾക്ക് വിധേയരാണ് എന്ന സാധ്യതയെ പുറം തള്ളുകയാണ് ചെയ്തത്. റോഡ് നിർമ്മിച്ചാലും അഴിമതിക്കാരായ ജനപ്രതിനിധികളെ ജനങ്ങൾ തെരഞ്ഞെടുക്കാൻ സാധ്യതയില്ല എന്നതും അവർ വിസ്മരിച്ചു. "ജനങ്ങൾ റോഡുകളുടെ വ്യത്യസ്തമായ ഗുണങ്ങളെ (ഗുണമില്ലായ്മയെയും) നോക്കിക്കാണുന്നില്ല. അവർ നല്ല റോഡുകളെ പ്രശംസിക്കുകയോ മോശം റോഡുകളെ പഴിക്കുകയോ ചെയ്യുന്നില്ല" ഗോയൽ തന്റെ ബ്ലോഗിൽ എഴുതുന്നു.

മറുവശത്ത് ശാസ്ത്രി പറയുന്നത്, പാർട്ടികളുടെ വികസനരേഖ മറ്റ് പല വഴികളിലൂടെ ജനങ്ങൾ പരിശോധിക്കുന്നുണ്ട് എന്നാണ്. "ജനാധിപത്യം സൂക്ഷ്മനിരീക്ഷണങ്ങളിലൂടെയുള്ള പോരാട്ടമാണ്. 2014ൽ മോഡിയുടെ പ്രചാരണം കോൺഗ്രസ്സിന്റെ പ്രവർത്തനക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു. ആ കുറവ് പരിഹരിക്കാൻ ആണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയത് വികസനം തന്നെ ആയിരുന്നു" അദ്ദേഹം പറയുന്നു.

ജനങ്ങൾ വികാരനിര്‍ഭര പ്രസംഗങ്ങൾക്ക് വോട്ട് ചെയ്യുന്നു

ജനങ്ങൾ വോട്ട് ചെയ്യുന്നത് വികസനത്തിന് അല്ലെങ്കിൽ പിന്നെ എന്തിനാണ്. അത്, ജാതി ആണെന്നാണ് ഗോയലിന്റെ അഭിപ്രായം. "അവരുടെ തിരഞ്ഞെടുപ്പുകൾ അവിവേകമാണെന്നോ അറിവില്ലായ്മയാണെന്നോ അല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്", അവർ പറഞ്ഞു. "ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയിൽ ജാതി അത്രയും പ്രധാനമാണ്. ഇത് വികസന കാര്യത്തിലായാലും പോളിസിയുടെ കാര്യത്തിലായാലും നിഷേധാത്മകമായ പരിണിതഫലമാണ്. വളരെ സിമ്പിൾ ആയി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മറ്റെന്തൊക്കെയോ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്"

ഇന്ന്, ജാതി പുനർസങ്കല്പിക്കപ്പെടേണ്ടതുണ്ട്, ശാസ്ത്രി കൂട്ടിച്ചേർത്തു. "ജാതി അനാദിയായ ഒരു അസ്തിത്വമായല്ല കാണപ്പെടേണ്ടത്. പ്രയോജനപരമായ ഒരു ആധുനിക രാഷ്ട്രീയ സാധ്യതയായി അതിനെ കാണേണ്ടതുണ്ട്. തങ്ങളുടെ ജീവിതപരിസരവും അനുഭവവും ഒന്നായത് കൊണ്ട് കൂടി ജനങ്ങൾ ജാതിക്ക് വോട്ട് ചെയ്യുന്നു."

എന്നാൽ കർണാട സർവ്വകലാശാലയിലെ രാമസ്വാമിയുടെ അഭിപ്രായത്തിൽ, ജാതിയേക്കാൾ വികാരനിർഭര പ്രസംഗങ്ങൾക്കാണ് വോട്ട് വീഴുന്നത്. "ജാതിക്ക് വോട്ട് ചെയ്യുന്നവരുണ്ട്, അതൊരു ചെറിയ ശതമാനം മാത്രം. ബാക്കിയുള്ളവർ ചില പ്രത്യേക തരം വികാരങ്ങൾക്ക് പുറത്താണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് പാർട്ടികൾ ദേശീയതയെ കുറിച്ചും രാമക്ഷേത്രത്തെ കുറിച്ചും ഒക്കെ സംസാരിച്ച് കൊണ്ടേ ഇരിക്കുന്നത്. എല്ലാ പാർട്ടികളും വികാരവോട്ടിന്റെ അകിട് തങ്ങളാകാൻ ശ്രമിക്കും" അദ്ദേഹം പറഞ്ഞു.

വോട്ടർമാരുടെ താല്‍പര്യങ്ങളെ മുന്‍ഗണനാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ സ്വന്തം താല്‍പര്യങ്ങൾ ആദ്യവും, പിന്നീട് സമുദായവും, അവസാനം പൊതുനന്മയും വരുന്നത് കാണാം എന്ന് തക്ഷശിലയിലെ ഗവേഷകൻ മനുർ പറയുന്നു. പക്ഷെ ഗുണഭോക്താവായിക്കഴിഞ്ഞാൽ വോട്ടർ അതിനെ വ്യക്തിരിക്തമായി കാണുന്നില്ല. "ഒരുവിധം വോട്ടർമാരും വോട്ട് ചെയ്യുന്ന സമയത്ത് പുതിയ റോഡുകളെ അല്ല കാണുന്നത്, മറിച്ച് സ്വന്തം താല്‍പര്യങ്ങളെ ആണ്. അതുകൊണ്ടാണ് ഭരണത്തിലുള്ള പാർട്ടികൾ തുടക്കത്തിലുള്ള വർഷങ്ങളിൽ പൊതു കാര്യങ്ങളിലും അവസാന ഘട്ടങ്ങളിൽ സൗജന്യങ്ങൾ കൊടുക്കുകയും കൊടുക്കുകയും ചെയ്യുന്നത്. സൗജന്യ സാരി, ലാപ്പ്ടോപ്പ്, പണം എന്നിങ്ങനെ ജയിക്കാൻ ആവശ്യമായ എന്തും" മനുർ നിരീക്ഷിക്കുന്നു.