LiveTV

Live

National

കോൺഗ്രസിന്റെ നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന്; രാഹുല്‍ ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കും

രാഹുൽ പദവി ഏറ്റെടുത്തില്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എം.പി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾക്കാണ് സാധ്യത. ലോക്സഭാ കക്ഷിനേതാവിനെയും ചീഫ് വിപ്പിനെയും യോഗം തെരഞ്ഞെടുക്കും

 കോൺഗ്രസിന്റെ നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന്; രാഹുല്‍ ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കും

കോൺഗ്രസിന്റെ നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെടുക്കാനാണ് യോഗം . കോൺഗ്രസ് അധ്യക്ഷ പദവിയിൽ രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച അനിശ്ചിതാവസ്ഥ ഒരു ഭാഗത്ത്. മറുഭാഗത്ത് സഭയിൽ സർക്കാരിന് എതിരെ കൂട്ടായ്‌മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും രാഹുൽ ഗാന്ധിലോക്സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം. ഇതിനിടെ ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്താനാണ് സാധ്യത. ശേഷം സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോട് ലോക്സഭാ കക്ഷി നേതൃസ്ഥാനം വഹിക്കാൻ നിർദ്ദേശിച്ചേക്കും. രാഹുൽ പദവി ഏറ്റെടുത്തില്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എം.പി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾക്കാണ് സാധ്യത. ലോക്സഭാ കക്ഷിനേതാവിനെയും ചീഫ് വിപ്പിനെയും യോഗം തെരഞ്ഞെടുക്കും.

ലോക്സഭാ കക്ഷി നേതൃ പദവിക്ക് ആവശ്യമായ 55 സീറ്റ് തികക്കുന്നതിനായി 3 സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസ് തുടരുകയാണ്. നേരത്തെ ഒരുമിച്ച് ലോക്സഭാ നേതൃ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കോണ്‍ഗ്രസും എൻ.സി.പിയും ആലോചിക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഇരു പാർട്ടികളും തള്ളിയിരുന്നു. പാർലമെന്ററി പാർട്ടി യോഗശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട് കേരള എം.പിമാർ ആവശ്യപ്പെടും. സോണിയ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും എം.പിമാർ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്.