LiveTV

Live

National

തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നെ എത്രകണ്ട് വിശ്വസിക്കാം?

ബി.ജെ.പിക്ക് സീറ്റ് പിടിക്കാന്‍ സാധ്യ‌ത‌യുള്ള‌ സംസ്ഥാന‌ങ്ങ‌ളില്‍ ന‌രേന്ദ്ര മോദിക്ക് നേരിട്ടെത്തി പ്ര‌ചാര‌ണം ന‌ട‌ത്താന്‍ പാക‌ത്തിലായിരുന്നു തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ തീയതികള്‍ ക്ര‌മീക‌രിച്ച‌ത്

തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നെ എത്രകണ്ട് വിശ്വസിക്കാം?

വിധിയെഴുത്തും ഫ‌ല‌പ്ര‌ഖ്യാപ‌ന‌വും രണ്ടാം മോദി സർക്കാറിന്റെ അധികാര‌മേല്‍ക്ക‌ലുമെല്ലാം ക‌ഴിഞ്ഞെങ്കിലും പ‌തിനേഴാം ലോക്സ‌ഭാ തെര‌ഞ്ഞെടുപ്പ് സംബ‌ന്ധിച്ച‌ വിവാദ‌ങ്ങ‌ളും സംശ‌യ‌ങ്ങ‌ളും ഇനിയും ബാക്കിയാണ്. ഇന്ത്യ‌യിലെ തെര‌ഞ്ഞെടുപ്പ് സംവിധാന‌വുമായി ബ‌ന്ധ‌പ്പെട്ട ആശ‌ങ്ക‌ക‌ള്‍ ഉയ‌രാന്‍ തുട‌ങ്ങിയിട്ട് നാളുക‌ളൊത്തിരി ആയെങ്കിലും ഊഹാപോഹങ്ങല്ലാതെ നില‌വിലുള്ള‌ വ്യ‌വ‌സ്ഥിതിയെ അവിശ്വ‌സിക്കാന്‍ ത‌ക്ക‌ വാര്‍ത്ത‌ക‌ളൊന്നും പുറ‌ത്ത് വ‌ന്നിരുന്നില്ല‌. എന്നാല്‍ തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍റെ സ‌ത്യ‌സ‌ന്ധ‌ത‌യും നിഷ്പ‌ക്ഷ‌ത‌യും ചോദ്യം ചെയ്യും വിധ‌ത്തിലാണ് ഇപ്പോൾ വരുന്ന വാര്‍ത്ത‌ക‌ള്‍.

373 മ‌ണ്ഡ‌ല‌ങ്ങ‌ളില്‍ പോള്‍ ചെയ്ത‌ വോട്ടും എണ്ണിയ‌ വോട്ടും ത‌മ്മില്‍ വ‌ന്‍ വ്യ‌ത്യാസ‌മുണ്ടെന്ന‌ 'ദ‌ ക്വിന്‍റ്' ത‌യ്യാറാക്കിയ‌ അന്വേഷ‌ണാത്മ‌ക‌ റിപ്പോര്‍ട്ട് ഗൗര‌വ‌മേറിയ‌താണ്. സ‌മാന‌മായ‌ റിപ്പോര്‍ട്ട് 'ന്യൂസ് ക്ലിക്ക്' എന്ന‌ വാര്‍ത്താ പോര്‍ട്ട‌ലും കുറ‌ച്ച് ദിവ‌സ‌ങ്ങ‌ള്‍ക്ക് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോള്‍ ചെയ്ത‌ വോട്ടുക‌ളേക്കാള്‍ എണ്ണം കൂടിയ‌ മ‌ണ്ഡ‌ല‌ങ്ങ‌ളും എണ്ണം കുറ‌ഞ്ഞ‌ മ‌ണ്ഡ‌ല‌ങ്ങ‌ളുമുണ്ട്. പോള്‍ ചെയ്ത‌ വോട്ടുക‌ളേക്കാള്‍ കൂടുത‌ല്‍ എണ്ണം കാണിച്ച‌ത് ത‌മിഴ്നാട്ടിലെ കാഞ്ചീപുരം, ധ‌ര്‍മ്മ‌പുരി, ശ്രീപെരുമ്പ‌ത്തൂര്‍, ചെന്നൈ സൗത്ത്, തിരുവ‌ള്ളൂര്‍, യു.പിയിലെ മ‌ഥുര‌, ബിഹാറിലെ ഔറംഗാബാദ്, അരുണാച‌ല്‍ എന്നീ മ‌ണ്ഡ‌ല‌ങ്ങ‌ളിലും കുറ‌വ് കാണിച്ച‌ത് ത്രിപുര വെസ്റ്റ്, ഒഡീഷ‌യിലെ കിയോഞ്ചാര്‍, ബുബനേഷ്വ‌ര്‍ മ‌ണ്ഡ‌ല‌ങ്ങ‌ളിലുമാണെന്ന് 'ദ‌ ക്വിന്‍റ്' ഉദാഹ‌ര‌ണ‌മായി കാണിക്കുന്നു.

ഈ പ്രശ്നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അവരിൽ നിന്നും വിശദീകരണമൊന്നും കിട്ടിയില്ലെന്നും പ്ര‌സ്തുത‌ വിവരങ്ങളടങ്ങിയ ഭാഗങ്ങൾ വെബ്സൈറ്റിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പ‌റ‌യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുർനടപ്പിനെക്കുറിച്ച് പുറ‌ത്ത് വ‌രുന്ന‌ വാര്‍ത്ത‌ക‌ളുടെ സ‌ത്യാവ‌സ്ഥ‌ക്ക് സാധ്യ‌ത‌ ക‌ല്‍പിക്കുന്ന‌ ഒരു ന‌ട‌പ‌ടിയാണിത്.

പ്ര‌തിഷേധം; അകത്തും പുറത്തും

സംഘ്പ‌രിവാര‌ത്തിന്‍റെ ഹിംസാത്മ‌ക‌ രാഷ്ട്രീയ‌വും ബി.ജെ.പി സ‌ര്‍ക്കാറിന്‍റെ പ‌രാജ‌യ‌പ്പെട്ട‌ സാമ്പ‌ത്തിക‌ ന‌യ‌ങ്ങ‌ളും ശ‌ക്ത‌മായ‌ ഭ‌ര‌ണ‌വിരുദ്ധ‌ വികാരമുണ‌ര്‍ത്തിയിരുന്നു എന്ന‌ത് സ‌ത്യ‌മാണ്. എന്നാല്‍ എക്സിറ്റ് പോള്‍ ഫ‌ല‌ങ്ങ‌ളെയും ക‌ട‌ത്തിവെട്ടിയുള്ള‌ ആധികാരിക‌ വിജ‌യ‌മായിരുന്നു എന്‍.ഡി.എയുടെത് എന്നതാണ് യാഥാര്‍ഥ്യം. എന്‍.ഡി.എ യുടെ വിജ‌യ‌ത്തിലേക്ക് ന‌യിച്ച‌ ഒരുപാട് ഘ‌ട‌ക‌ങ്ങ‌ളുണ്ടാകാം എന്ന‌ത് ശ‌രി ത‌ന്നെ. എന്നാല്‍ ജ‌ന‌വിധിയെ ഏതുവിധേന‌യും അട്ടിമ‌റിക്കാനും വില‌ക്ക് വാങ്ങാനും അവർക്ക് സാധിക്കും, അതിന‌വ‌ര്‍ ഏത് വ‌ഴിയും തെര‌ഞ്ഞെടുക്കും എന്ന‌ത് സംഘ്പ‌രിവാര്‍ രാഷ്ട്രീയ‌ത്തെ സൂക്ഷ്മമായി നോക്കുന്ന‌ ആര്‍ക്കും അറിയാവുന്ന‌താണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ 
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ 

സുനില്‍ അറോറ‌ മുഖ്യ‌നായ‌ തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ അതിന്‍റെ വിചിത്ര‌ പെരുമാറ്റ‌ങ്ങ‌ളാല്‍ നേര‌ത്തേ ത‌ന്നെ സംശ‌യമുള‌വാക്കിയിരുന്നു. വ‌ര്‍ഗീയ‌ത‌ പ്ര‌ച‌രിപ്പിച്ച‌തിന് ന‌രേന്ദ്ര‌ മോദിക്കും അമിത് ഷാക്കുമെതിരെ പ‌തിനൊന്ന് പ‌രാതിക‌ളാണ് തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ മുമ്പാകെ കോണ്‍ഗ്ര‌സ് പാര്‍ട്ടി ന‌ല്‍കിയ‌ത്. അതില്‍ ഒന്നില്‍പോലും ന‌ട‌പ‌ടിയാകാത്ത‌തില്‍ പ്ര‌തിഷേധിച്ച് കമ്മീഷന്‍ അംഗം അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്ന് വിട്ട് നിൽക്കുകയും ചെയ്‌തു. തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ ന‌ട‌പ‌ടിയെടുക്കാത്ത‌തിനാല്‍ സുപ്രീം കോട‌തിയെ സ‌മീപിക്കേണ്ട‌ അവ‌സ്ഥ‌ വ‌രെ കോണ്‍ഗ്ര‌സിനുണ്ടായി.

ഏഴ് ഘ‌ട്ട‌ങ്ങ‌ളിലായി തെര‌ഞ്ഞെടുപ്പ് ന‌ട‌ത്തിയ‌തില്‍ നേര‌ത്തേ വിമ‌ര്‍ഷ‌ന‌ങ്ങ‌ളേറ്റിരുന്നു. ബി.ജെ.പിക്ക് പ‌ര‌മാവ‌ധി സീറ്റ് പിടിക്കാന്‍ സാധ്യ‌ത‌യുള്ള‌ സംസ്ഥാന‌ങ്ങ‌ളില്‍ ന‌രേന്ദ്ര മോദിക്ക് നേരിട്ടെത്തി പ്ര‌ചാര‌ണം ന‌ട‌ത്താന്‍ പാക‌ത്തിലായിരുന്നു തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ തിയ്യ‌തിക‌ള്‍ ക്ര‌മീക‌രിച്ച‌ത്. തെന്നിന്ത്യ‌ന്‍ സംസ്ഥാന‌ങ്ങ‌ളില്‍ ഒന്നോ ര‌ണ്ടോ ഘ‌ട്ടം കൊണ്ട് തെര‌ഞ്ഞെടുപ്പ് അവ‌സാനിച്ചെങ്കില്‍ പ‌ശ്ചിമ‌ ബംഗാള്‍, ഉത്ത‌ര്‍ പ്ര‌ദേശ്, ബീഹാര്‍ പോലുള്ള‌ സംസ്ഥാനങ്ങളിൽ പ‌ല‌ ഘ‌ട്ട‌ങ്ങളായാണ് തെര‌ഞ്ഞെടുപ്പ് ന‌ട‌ന്ന‌ത്. ക‌ഴിഞ്ഞ‌ മാര്‍ച്ച് പ‌ത്താം തിയ്യ‌തി ന‌ട‌ന്ന‌ വാര്‍ത്താസ‌മ്മേള‌ന‌ത്തില്‍ എന്ത്കൊണ്ടാണ് ഇങ്ങ‌നെ ക്ര‌മീക‌രിച്ച‌തെന്ന് മാധ്യ‌മ‌ പ്ര‌വ‌ര്‍ത്ത‌ക‌ര്‍ ചോദിച്ച‌പ്പോള്‍ സുനിൽ അറോറ ഉരുണ്ട് ക‌ളിക്കുന്ന കാഴ്ച‌യാണ് ക‌ണ്ട‌ത്.

പ‌ശ്ചിമ‌ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്ര‌സ് - ‍ബി.ജെ.പി അക്ര‌മ‌ണം പ‌രിധി വിട്ട‌പ്പോള്‍ പ്ര‌ച‌ര‌ണ‌ സ‌മ‌യം ചുരുക്കുന്ന‌ ന‌ട‌പ‌ടിയാണ് തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍ സ്വീക‌രിച്ച‌ത്. അക്ര‌മ‌ണം നിയ‌ന്ത്ര‌ണാതീത‌മാകുന്നു എന്ന് വില‌യിരുത്തിയ‌ ശേഷം പ്ര‌ച‌ര‌ണം വെട്ടിച്ചുരുക്കാന്‍ ഒരു ദിവ‌സം താമ‌സിച്ച‌തെന്തേ? ആ ഒരു ദിവ‌സ‌മായിരുന്നു ന‌രേന്ദ്ര‌ മോദിയുടെ പ്ര‌ചാര‌ണം. ഇതില്‍പ‌രം ദാസ്യ‌വേല‌ എങ്ങ‌നെയാണ് ഒരു ക‌മ്മീഷ‌ന് ചെയ്യാനാവുക‌! ഈ അനീതിക്കെതിരെ ബംഗാളില്‍ നിന്നും ഐക്യ‌ ശ‌ബ്ദ‌മാണ് കേള്‍ക്കാന്‍ സാധിച്ച‌ത്. തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍റെ ഈ ന‌ട‌പ‌ടിയില്‍ തൃണ‌മൂല്‍ കോണ്‍ഗ്ര‌സ്, കോണ്‍ഗ്ര‌സ്, സി.പി.എം തുട‌ങ്ങിയ‌ ഒട്ടുമിക്ക‌ പാര്‍ട്ടിക‌ളും എതിര്‍ത്ത് രംഗ‌ത്തെത്തി.

ഇ.വി.എം v/s വിവിപാറ്റ്

ഒടുവില്‍ ഇല‌ക്ഷ‌ന്‍ ദിവ‌സം കൈപ്പ‌ത്തിക്ക് വോട്ട് കുത്തിയിട്ടും താമ‌ര‌ക്ക് ലൈറ്റ് തെളിഞ്ഞ‌ വാര്‍ത്ത‌ വ‌ന്ന‌പ്പോള്‍ ക‌മ്മീഷ‌ന്‍ അത് നിഷേധിക്കുക‌യുണ്ടായി. സ്വ‌ന്തം സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്ത‌ത് എന്ന് ഉറ‌പ്പ് വ‌രുത്താന്‍ ലൈറ്റ് തെളിഞ്ഞോ എന്ന് നോക്കാം എന്ന‌ല്ലാതെ സ്ഥിരീക‌രിക്കാന്‍ എന്ത് മാര്‍ഗ‌മാണുള്ള‌ത്? ഇ.വി.എം ആയ‌തുകൊണ്ട് ത‌ന്നെ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാനുള്ള‌ സാധ്യ‌ത‌ ക‌ണ‌ക്കിലെടുത്ത് ആദ്യം 50 ശ‌ത‌മാനം വിവിപാറ്റുക‌ള്‍ എണ്ണ‌ണ‌മെന്നും പിന്നീട് ഓരോ മ‌ണ്ഡ‌ല‌ത്തിലെയും അഞ്ച് വിവിപാറ്റുക‌ള്‍ എണ്ണ‌ണ‌മെന്നും ആവ‌ശ്യ‌പ്പെട്ട് 21 പ്ര‌തിപ‌ക്ഷ‌ പാര്‍ട്ടിക‌ള്‍ തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നെ സ‌മീപിച്ചെങ്കിലും നിരാശ‌യായിരുന്നു ഫലം. പ‌രിഹാരം കാണാന്‍ പ്ര‌തിപ‌ക്ഷം സുപ്രീം കോട‌തിയില്‍ പോയ‌പ്പോള്‍ അവിടെ വിവിപാറ്റ് വേണ്ടെന്ന് ക‌ടുംപിടുത്തം പിടിക്കാന്‍ തെര‌ഞ്ഞെടുപ്പ് ക‌മ്മീഷനെ പ്രേരിപ്പിച്ച‌ത് എന്തായിരിക്കും? നീതിപൂര്‍വവും സുതാര്യവുമായി തെരഞ്ഞെടുപ്പ് ന‌ട‌ത്താന്‍ ചുമ‌ത‌ല‌യുള്ള‌ ഒരു ഭ‌ര‌ണഘ‌ട‌നാ സ്ഥാപ‌ന‌ത്തോടുള്ള‌ അവിശ്വാസ്യ‌ത‌ കാര‌ണം മ‌റ്റൊരു ഭ‌ര‌ണ‌ഘ‌ട‌നാ സ്ഥാപ‌ന‌ത്തെ ആശ്ര‌യിക്കേണ്ടി വ‌രുന്ന‌ അവ‌സ്ഥ‌ ഒന്ന് ആലോചിച്ച് നോക്ക‌ണേ...

തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നെ എത്രകണ്ട് വിശ്വസിക്കാം?

ഇ.വി.എമ്മില്‍ തിരിമ‌റി ന‌ട‌ത്താന്‍ സാധിക്കുമെന്ന‌ അഭിപ്രായം നേര‌ത്തേ ഉള്ള‌താണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇ.വി.എമ്മില്‍ കൃത്രിമം കാട്ടിയതായി അമേരിക്ക‌യിലെ ഇന്ത്യ‌ന്‍ ഐ.ടി വിദ‌ഗ്ദ‌ന്‍ വെളിപ്പെടുത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പ‌റ‌ഞ്ഞിരുന്നു. "കുറഞ്ഞ ഫ്രീക്വന്‍സിയില്‍ ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന തരം ചിപ്പുകള്‍ വോട്ടിങ് യന്ത്രത്തില്‍ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയത്. റിലയന്‍സാണ് ഇതിന് ബി.ജെ.പിയെ സഹായിച്ചത്. രാജ്യത്തെ 9 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിങ്." വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനെന്ന് സ്വ‌യം പ‌രിച‌യ‌പ്പെടുത്തിയ‌ സ‌യ്യിദ് ഷുജ‌ എന്ന‌ ഹൈദരാബാദ് സ്വദേശിയായിരുന്നു വെളിപ്പെടുത്ത‌ലിന് പിന്നില്‍.

ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങൾ മുസ‌ഫ‌ര്‍ന‌ഗ‌റിലെ ഒരു ഹോട്ടലിൽ ക‌ണ്ട‌തും സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോ പ്ര‌ച‌രിച്ച‌തും വോട്ടെണ്ണ‌ലിന് തൊട്ട് മുന്നേ വ‌ന്ന‌ വാര്‍ത്ത‌ക‌ളാണ്.

കർണാടക നൽകുന്ന സൂചന

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വോട്ടർ പരിഗണിക്കുന്ന കാര്യങ്ങളല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരിഗണിക്കുക എന്ന യാഥാർഥ്യം നിലനിൽക്കെത്തന്നെ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് രണ്ട് ഫലങ്ങളും.

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 28 ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബി.ജെ.പിക്ക് പ‌ക്ഷെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിള‌ങ്ങാനായില്ല‌. 1361 വാർഡുകളിൽ 509ഉം കോണ്‍ഗ്രസ് നേടി. 366 സീറ്റുകൾ മാത്രമാണ് ബി.ജെ.പി നേടിയത്. ഇ.വി.എമ്മിന് പ‌ക‌രം ബാല‌റ്റ് പേപ്പ‌റില്‍ തെര‌ഞ്ഞെടുപ്പ് ന‌ട‌ന്ന‌താണ് ബി.ജെ.പിക്ക് തിരിച്ച‌ടിയായ‌തെന്ന് സാമൂഹ്യ‌ മാധ്യ‌മ‌ങ്ങ‌ളില്‍ പ‌ല‌രും പ‌റ‌യുന്നുണ്ടെങ്കില്‍ അവ‌രെ കുറ്റ‌പ്പെടുത്താനാവില്ല‌.

തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നെ എത്രകണ്ട് വിശ്വസിക്കാം?

തെര‌ഞ്ഞെടുപ്പ് കമ്മീഷ‌ന്‍റെ നിഷ്പ‌ക്ഷ‌ത‌ ഇത്ര‌മേല്‍ ചോദ്യം ചെയ്യ‌പ്പെട്ട‌ സാഹ‌ച‌ര്യം ഇതിന് മുമ്പ് ഉണ്ടായിരിക്കാനിട‌യില്ല‌. വോട്ടിംഗ് മെഷീനുകളുടെ എണ്ണം, അവ‌യുടെ പ്ര‌വൃത്തി, ആകെ വോട്ടുക‌ളുടെ എണ്ണം തുട‌ങ്ങിയ‌ കാര്യ‌ങ്ങ‌ളില്‍ രാഷ്ട്രീയ‌ പാര്‍ട്ടിക‌ളുടെ വിശ്വാസം നേടേണ്ട‌ ബാധ്യ‌ത‌ ഒരു ഭ‌ര‌ണ‌ഘ‌ട‌നാ സ്ഥാപ‌ന‌മെന്ന‌ നില‌ക്ക് തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌നുണ്ട്. അത് നിറ‌വേറ്റ‌പ്പെടുന്നില്ല‌ എങ്കില്‍ തുട‌ക്കം മുത‌ല്‍ ഒടുക്കം വ‌രെയുള്ള‌ തെര‌ഞ്ഞെടുപ്പ് ക‌മ്മീഷ‌ന്‍റെ ന‌ട‌പ‌ടിക‌ള്‍ ജുഡീഷ്യ‌ല്‍ അന്വേഷ‌ണ‌ത്തിന് വിധേയ‌മാക്ക‌ണം. ഈ ആവശ്യം ഉന്നയിക്കേണ്ട പ്രതിപക്ഷം പക്ഷെ നിസ്സംഗരാണ് എന്നതാണ് യാഥാർഥ്യം.

‘ദ‌ ക്വിന്റി’ന്റെ പൂർണ്ണ ലേഖനം ഇവിടെ വായിക്കാം