LiveTV

Live

National

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

മന്ത്രിസഭാ യോഗത്തിന് മുന്‍പ് തന്നെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള ഫയലില്‍ പ്രധാനമന്ത്രി ഒപ്പിട്ടു.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം  6000 രൂപ; ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

കര്‍ഷക സൌഹൃദ പ്രഖ്യാപനങ്ങളുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി വിപുലീകരിക്കാന്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന ഭൂവിസ്തൃതി പരിഗണിക്കാതെ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാനാണ് ആദ്യ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. നേരത്തെ 2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ളവര്‍ക്കായിരുന്നു പദ്ധതി ലഭിച്ചിരുന്നത്. പദ്ധതി വിപുലീകരിക്കുന്നതോടെ 2 കോടി കര്‍ഷകര്‍ കൂടി പദ്ധതിക്ക് കീഴില്‍ വരും. ആകെ 14.5 കോടി കര്‍ഷകരാണ് ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കളാവുക.

60 വയസ്സ് തികഞ്ഞ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് മറ്റൊരു സുപ്രധാന തീരുമാനം. അഞ്ചു കോടി കര്‍ഷകര്‍ മൂന്ന് വര്‍ഷത്തിനകം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാക്കും. ചെറുകിട വ്യാപാരികള്‍ക്കും ഇതേ മാതൃകയില്‍ പെന്‍ഷന്‍ നല്‍കും. കന്നുകാലികളിലെ കുളമ്പ് രോഗം നിയന്ത്രിക്കാന്‍ സമഗ്ര പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിക്കും. ഇതിനായി 13343 കോടി രൂപ നീക്കിവെക്കും.

മന്ത്രിസഭാ യോഗത്തിന് മുന്‍പ് തന്നെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള ഫയലില്‍ പ്രധാനമന്ത്രി ഒപ്പിട്ടു. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപയായും പെണ്‍കുട്ടികള്‍ക്ക് 3000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. നക്സല്‍-തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ മക്കളും പദ്ധതിക്ക് അര്‍ഹരാകും. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു.