LiveTV

Live

National

കശ്മീര്‍, പൗരത്വ രജിസ്റ്റര്‍.. അമിത് ഷാക്ക് മുന്‍പില്‍ വെല്ലുവിളികളേറെ

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം നിയന്ത്രണാതീതമായി തുടരുന്ന കശ്മീരിലെ സംഘര്‍ഷാവസ്ഥയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ പുതുതായി ചുമതലയേറ്റ അമിത് ഷാക്ക് മുമ്പിലുള്ള സുപ്രധാന വെല്ലുവിളി.

കശ്മീര്‍, പൗരത്വ രജിസ്റ്റര്‍.. അമിത് ഷാക്ക് മുന്‍പില്‍ വെല്ലുവിളികളേറെ

അമിത് ഷാ ആഭ്യന്തര വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ പ്രതീക്ഷകളോടൊപ്പം ആശങ്കകളും ഏറെ. ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത രാജ്‌നാഥ് സിംഗിന്റെ കാലത്ത് 44 ജില്ലകളാണ് മാവോയിസ്റ്റ് ഭീഷണിയുടെ ലേബലില്‍ നിന്നും മുക്തമായത്. കശ്മീരിലെ സംഘര്‍ഷം നിയന്ത്രണാതീതമായി മാറിയെങ്കിലും കശ്മീരിന് പുറത്തെ ഭീകരാക്രമണങ്ങള്‍ വലിയൊരളവില്‍ കുറയുന്നതാണ് രാജ്യം കണ്ടത്.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം നിയന്ത്രണാതീതമായി തുടരുന്ന കശ്മീരിലെ സംഘര്‍ഷാവസ്ഥയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ പുതുതായി ചുമതലയേറ്റ അമിത് ഷാക്ക് മുമ്പിലുള്ള സുപ്രധാന വെല്ലുവിളി. അജിത് ദോവല്‍ കശ്മീള്‍ വിഷയത്തില്‍ നടപ്പാക്കിയ ഉരുക്കുമുഷ്ടിനയം തുടരുമോ അതോ ക്രിയാത്മകമായ പോംവഴികളുമായി അമിത് ഷാ രംഗത്തെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബി.ജെ.പിക്ക് സഭയില്‍ ഒറ്റക്കു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ കശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370, 35 (എ) എന്നീ വകുപ്പുകള്‍ റദ്ദാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് അറിയാനുള്ളത്.

രാജ്‌നാഥ് സിംഗിന്റെ കാലത്ത് മാവോയിസ്റ്റ് കലാപം നിയന്ത്രിക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ ഷായ്ക്ക് മുന്നോട്ടു കൊണ്ടുപോവാനായേക്കും. അതേസമയം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക വരുന്ന ജൂലൈ 31ന് വിടുന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടാനിടയുണ്ട്. കരടുപട്ടികയില്‍ ഇടം കണ്ടെത്താതെ പോയ 40 ലക്ഷം പേരുടെ കാര്യത്തില്‍ എന്തായിരിക്കും പുതിയ സര്‍ക്കാറിന്റെ തീരുമാനമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഹിന്ദുത്വ ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും പ്രഗ്യ സിംഗിനെതിരെ രജിസ്റ്റര്‍ ചെയ്തത് പകപോക്കല്‍ കേസുകളാണെന്നും പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് സനാതന്‍ സംസ്ത ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാവി ചോദ്യചിഹ്‌നമാവുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനായിരിക്കെ സംസ്ഥാന ഭരണങ്ങളില്‍ അമിത് ഷാ നടത്തിയ ഇടപെടലുകള്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അദ്ദേഹം തുടരുമോ എന്ന ആശങ്കയും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശക്തമാവുന്നുണ്ട്.

എല്ലാത്തിനുമുപരി വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അറിയപ്പെട്ട നേതാവായി മാറിയ തെലങ്കാനായിലെ ബി.ജെ.പി നേതാവാണ് ഷായുടെ സഹമന്ത്രിയായി ചുമതലയേറ്റ കിഷന്‍ റെഡ്ഡി. ഇതോടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടില്‍ കൂടുതല്‍ കാര്‍ക്കശ്യം ഉണ്ടാവുമെന്ന ഭയവും ഉയരുന്നുണ്ട്.