ബംഗാളികളെയും ബംഗാളിയിതരരെയും തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമതാ ബാനർജി
ബി.ജെ.പി യുടെ വളർച്ച തടയാൻ ‘ബംഗാ ജനനി ബാഹിനി’ ( വംഗ മാതാ ആർമി )യും ‘ജയ് ഹിന്ദ് ബാഹിനി’യും രൂപീകരിക്കണമെന്നും അവർ പാർട്ടി അണികളോട് ആഹ്വാനം ചെയ്തു

ബംഗാളികളെയും ബംഗാളിയിതരരെയും തമ്മിലടിപ്പിക്കാനാണ് ബംഗാളിൽ ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമതാ ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടി സീറ്റ് വർധിപ്പിച്ച ബി.ജെ.പി ക്ക് ബംഗാളിൽ ഒരിക്കലും ഭൂരിപക്ഷം ലഭിക്കില്ലെന്നും അവർ അവകാശപ്പെട്ടു .
നൈഹാത്തി മുൻസിപ്പാലിറ്റി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. "അവർക്ക് ബംഗാളിലെ സാമുദായിക സൗഹാർദ്ദം തകർക്കണം . ബി.ജെ.പി യെ പോലുള്ള പാർട്ടികളെ ഞാൻ വെറുക്കുന്നു. സാമുദായിക സ്പർദ്ധയുണ്ടാക്കുന്നതിനെതിരെ ശബ്ദമുയർത്താൻ ഞാൻ ഈ രാജ്യത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു" അവർ കൂട്ടി ചേർത്തു.
ബി.ജെ.പി ഉത്തരവുകൾ പ്രകാരമാണ് സംസ്ഥാനത്ത് പോലീസ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അവർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബി.ജെ.പി യുടെ വളർച്ച തടയാൻ ‘ബംഗാ ജനനി ബാഹിനി’ ( വംഗ മാതാ ആർമി )യും ‘ജയ് ഹിന്ദ് ബാഹിനി’യും രൂപീകരിക്കണമെന്നും അവർ പാർട്ടി അണികളോട് ആഹ്വാനം ചെയ്തു .