LiveTV

Live

National

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

ഗുരുതുല്യരായ അധ്യാപകര്‍ തന്നെ റാങ്ക് നേടിയതിന് ദലിതന്‍ കൊണ്ടുവരുന്ന മധുരം നിരസിക്കുമ്പോള്‍ അത്തരം അധ്യാപകര്‍ വളര്‍ത്തിയെടുത്ത തലമുറകൾ വർണ്ണാശ്രമ വ്യവസ്ഥ നിലനിറുത്താൻ ബാധ്യതപ്പെട്ടവരാകുന്നു

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

മെയ് 22-ന് മുബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഡോ. പായല്‍ തദ്‍വി ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വംശീയതയുടെ രക്തസാക്ഷിയാണ്. തദ്‍വിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും മരണ സാഹചര്യങ്ങളും മുൻനിറുത്തി ഇപ്പോൾ അഭിഭാഷകൻ ഉന്നയിച്ചിട്ടുണ്ട്‌.

ട്രൈബല്‍ വിഭാഗമായ ഭില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മിടുക്കിയായിരുന്നു പായൽ. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിനായാണ് മഹാരാഷ്ട്രയിലെ ജാല്‍ഗോണ്‍ ജില്ലയില്‍ നിന്ന് മുംബൈയിലേക്കെത്തുന്നത്. മുബൈയില്‍ കോഴ്‌സിന് ചേര്‍ന്നത് മുതല്‍ തന്നെ ക്രൂരമായ ജാതീയ വിവേചനത്തിനും പീഡനത്തിനുമാണ് പായല്‍ ഇരയായത്.

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

സീനിയറായി പഠിക്കുകയും കൂടെ താമസിക്കുകയും ചെയ്തിരുന്ന ഭക്തി മഹ്‌റെ, ഹേമ അഹുജ, അങ്കിത ഖണ്ടേൽവാൽ എന്നിവരാണ് പ്രധാനമായും പ്രതിസ്ഥാനത്തുള്ളത്. ആദ്യ അനുഭവമുണ്ടായപ്പോള്‍ തന്നെ കോളേജ് അധികാരികള്‍ക്ക് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതിയും നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ കോളേജധികാരികള്‍ തയ്യാറായില്ല.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും രാജ്യത്തെ മീഡിയകള്‍ പുലര്‍ത്തുന്ന നിസംഗത ഭീകരമാണ്

പായലിന്റെ വിരിപ്പിൽ കാലുകള്‍ തുടക്കുക, മറ്റുള്ളവർ കുളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നിടങ്ങളിൽ കുളിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാതിരിക്കുക, സവര്‍ണരായ സീനിയേഴ്‌സ് ഉള്ളപ്പോള്‍ ഓപറേഷന്‍ തിയേറ്ററിലും ആശുപത്രിയിലെയും കോളേജിലെയും പൊതുഇടങ്ങളിലും കയറാനോ ഇടപഴകാനോ അനുവദിക്കാതിരിക്കുക, നോമ്പ് തുറക്കാൻ സമ്മതിക്കാതിരിക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങളാണ് പായൽ ഏൽക്കേണ്ടി വന്നത്.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും രാജ്യത്തെ മീഡിയകള്‍ പുലര്‍ത്തുന്ന നിസംഗത ഭീകരമാണ്. ദേശീയ മീഡിയകളും മറ്റും വിഷയം ഇപ്പോഴും സമ്മര്‍ദ്ദഭാഷയിൽ ഉന്നയിക്കുന്നില്ല. ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്.

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

ഈ സംഭവം രാജ്യത്തെ സാമൂഹിക നിര്‍മിതിയെ കുറിച്ച് ആഴത്തിലാലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ട ഒന്നാണ്. അക്കാദമികമായ എല്ലാ യോഗ്യതകളും കഴിവും ഉണ്ടായിട്ട് പോലും പായലിനെ സമഭാവനയോടെ ഉള്‍കൊള്ളാൻ  സഹാപാഠികള്‍ക്കും കോളേജ് അധികൃതർക്കും കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഇതിന്റെ ഉത്തരം കണ്ടെത്തുമ്പോഴാണ് ഇന്ത്യയിലെ വംശീയതയുടെ ഭീകരരൂപമായ ജാതീയതയെയും മുസ്‌ലിം വിരുദ്ധതയെയും കാണാനാവുക. രോഹിത് വെമുല, മുദസ്സിര്‍ കമ്രാന്‍, നജീബ് അഹ്മദ് പോലെ നിരവധി പേരുകളുള്ള കണ്ണിയിലെ അവസാന കണ്ണിയായി മാറിയിരിക്കുന്നു ഡോ. പായൽ.

തങ്ങളുടെ പരിശുദ്ധ അഗ്രഹാരങ്ങളെ അശുദ്ധര്‍ കടന്ന് മലിനമാക്കുന്നതിനെ പേടിക്കുന്നവരാണ് യൂണിവേഴ്‌സിറ്റികളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍

ജാതീയമായി താഴ്ത്തപ്പെട്ട ആദിവാസി വിഭാഗത്തില്‍നിന്നാണ് പായല്‍ ഉയർന്നുവന്നതെന്നത് സംവരണ വിരുദ്ധത പാര്‍ലമെന്റടക്കമുള്ള ഭരണ നിർവഹണ സംവിധാനങ്ങളെ ആമൂലാഗ്രം ഗ്രസിച്ച ഇന്ത്യന്‍ സമൂഹത്തില്‍ വലിയ പാതകം തന്നെയാണ്. തങ്ങളുടെ പരിശുദ്ധ അഗ്രഹാരങ്ങളെ അശുദ്ധര്‍ കടന്ന് മലിനമാക്കുന്നതിനെ പേടിക്കുന്നവരാണ് യൂണിവേഴ്‌സിറ്റികളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍.

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

സാമൂഹികത പഠിപ്പിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വകലാശാലകളില്‍ ജാതീയത ആചരിക്കാനും വംശീയത നടപ്പിലാക്കാനും വിവിധ ജാതികള്‍ക്ക് പ്രത്യേകം കുടിവെള്ളവും മറ്റും ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന കാമ്പസുകളില്‍ നിന്ന് ഇതല്ലാതെ എന്താണ് കേള്‍ക്കാനാവുക. ഗുരുതുല്യം പരിഗണിക്കേണ്ട അധ്യാപകര്‍ തന്നെ റാങ്ക് നേടിയതിന് ദലിതന്‍ കൊണ്ടുവരുന്ന മധുരം നിരസിക്കുമ്പോള്‍ അത്തരം അധ്യാപകര്‍ വളര്‍ത്തിയെടുത്ത തലമുറകൾ വർണ്ണാശ്രമ വ്യവസ്ഥ നിലനിറുത്താൻ ബാധ്യതപ്പെട്ടവരായി മാറുന്നു.

ഈ സാഹചര്യത്തില്‍ പൗരസമൂഹവും സാമൂഹിക പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും ധീരമായി മുന്നോട്ടുവരണം. ആന്തരിക വ്യത്യാസങ്ങൾ മറന്ന് വിവിധ അനീതിയും വിവേചനവും നേരിടുന്ന വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നമ്മുടെ ജനാധിപത്യത്തെ അര്‍ഥവത്താക്കാന്‍ കൈകോര്‍ക്കണം.

ലോകത്ത് വംശീയാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ രാജ്യങ്ങളുണ്ട്. പല യൂറോപ്യന്‍ -  അമേരിക്കന്‍ രാജ്യങ്ങളും പരമാവധി സമത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇത്തരം വംശീയത നടപ്പാക്കുമ്പോള്‍ യൂറോപ്പിലെ തീവ്രവലതുപക്ഷവും സയണിസ്റ്റ് ഇസ്രയേലും സവർണ്ണതയും ഹിന്ദുത്വയും പിടിമുറക്കിയ ഇന്ത്യയുമെല്ലാം മറയില്ലാതെ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുകയാണ്.

ഇന്ത്യയില്‍ ഭരണം നിലനിര്‍ത്താര്‍ സംഘ്പരിവാര്‍ ഉപയോഗിച്ച രാഷ്ട്രീയം വെറുപ്പിന്റേതും വിദ്വേഷത്തിന്റേതും മാത്രമായിരുന്നു. വികസന പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളെ വലച്ച നോട്ട്‌ നിരോധനം, വ്യവസായത്തെ പിടിച്ചുലച്ച നികുതി വ്യവസ്ഥകള്‍, യുവാക്കളെ പെരുവഴിയിലാക്കിയ തൊഴില്‍ രാഹിത്യം, വിലവര്‍ധന തുടങ്ങിയ ധാരാളം പ്രശ്‌നങ്ങളുണ്ടായിരിക്കെ തന്നെ  നിലവിലുള്ളതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറാന്‍ സംഘ്പരിവാർ ഹിന്ദുത്വ ശക്തികള്‍ സ്വീകരിച്ച നിലപാട് മുസ്‌ലിം വിരുദ്ധ പ്രചാരണവും ജാതീയകളികളുമായിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ ഫലമായിട്ടാണ് തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞയുടനെ പേര് ചോദിച്ച് അക്രമ മഴിച്ചുവിടുന്ന ശൈലി രാജ്യത്ത് ഉണ്ടായത്. മോദിയുടെ വിജയത്തിന് തൊട്ടു പിന്നാലെ പശുഭീകരരുടെ അഴിഞ്ഞാട്ടവുമുണ്ടായി. വംശഹത്യയിലൂടെയും അക്രമ മർദനങ്ങളിലൂടെയും ഭയപ്പെടുത്തിയും സവർണ്ണ വംശീയതയുടെ പ്രത്യക്ഷ ഹിംസകൾ ഇവിടെ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

സംവരണം അട്ടിമറിച്ചും പൗരത്വ പട്ടികയിൽ നിന്ന് പുറന്തള്ളിയും വിചാരണയുടെ പേരിൽ തടവറകളിൽ പാർപ്പിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കല്പിത അഗ്രഹാരങ്ങളാക്കി മാറ്റിയെടുത്തും വംശീയതയുടെ പരോക്ഷ ഹിംസയും ശക്തമാണ്. കേരളത്തിലെ പേരെടുത്ത ഒരു  ഉന്നത വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയെത്തുന്ന ആദ്യവർഷ വിദ്യാർത്ഥികളെ ക്ലാസിൽ വെച്ച് അധ്യാപകർ പരിചയപ്പെടുമ്പോൾ അവരുടെ പേരും സ്ഥലവും ചോദിക്കുമ്പോൾ എൻട്രൻസ് റാങ്കും ചോദിക്കുന്ന രീതിയുണ്ടത്രെ. പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നാമെങ്കിലും റാങ്ക് പറയുമ്പോൾ ആരൊക്കെയാണ് സംവരണത്തിലൂടെ പ്രവേശനം നേടിയതെന്നു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുമ്പാകെ പരസ്യമാക്കപ്പെടുകയാണ്.

സാമൂഹിക നീതിയുടെയും പൗരബോധത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ തന്നെ ഇത്തരം അസമത്വങ്ങളുടെയും അനീതികളുടെയും അരങ്ങാകുന്നുയെന്നതാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്

സംവരണത്തെ ആനുകൂല്യമായും മെറിറ്റ് ഇല്ലാത്തവർക്കുള്ള പിൻവാതിലായും മെറിറ്റിനെ അട്ടിമറിക്കുന്ന പിന്തിരിപ്പൻ സംവിധാനമായും കാണുന്ന മെറിറ്റ് തീവ്രവാദികള്‍ ആയ ഒരു പൊതുസാമൂഹിക ബോധത്തിനകത്തു ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല. പഠനം പാതിവഴിയിൽ നിറുത്തി തിരിച്ചു പോകേണ്ടി വന്ന ദലിത് വിദ്യാർത്ഥിനികൾ ആ കാമ്പസിലുണ്ട്. സമത്വത്തെയും തുല്യതയെയും സാഹോദര്യത്തെയും കുറിച്ച് പുറമെ വല്ലാതെ വാചാലമാകുന്ന സാമൂഹിക പൊതുബോധങ്ങളെ കൂടി ഡോ. പായലിന്റെ രക്തം വിചാരണ ചെയ്യുന്നുണ്ട്.

ഡോ. പായല്‍ തദ്‍വി: സവർണ്ണ വംശീയതയുടെ രക്തസാക്ഷി

സാമൂഹിക നീതിയുടെയും പൗരബോധത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ തന്നെ ഇത്തരം അസമത്വങ്ങളുടെയും അനീതികളുടെയും അരങ്ങാകുന്നുയെന്നതാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ മുതല്‍ കാമ്പസുകളില്‍ ശക്തിമായിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ വരെ ഇതിന്റെ ഭാഗമായി നമുക്ക് കാണാനാകണം.

അലീഗഢ് കാമ്പസില്‍ പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥികളെ അക്രമിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഇനിയും ഇത്തരം അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ പൗരസമൂഹവും സാമൂഹിക പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും ധീരമായി മുന്നോട്ടുവരണം.

ആന്തരിക വ്യത്യാസങ്ങൾ മറന്ന് വിവിധ അനീതിയും വിവേചനവും നേരിടുന്ന വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നമ്മുടെ ജനാധിപത്യത്തെ അര്‍ഥവത്താക്കാന്‍ കൈകോര്‍ക്കണം. രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും നജീബ് അഹമ്മദിന്റെ നിർബന്ധിത തിരോധാനവും അതിന് വലിയൊരളവിൽ കാരണമായിട്ടുണ്ട്. ഡോ. പായലിന്റെ രക്തസാക്ഷിത്വവും അത് നമ്മോടാവശ്യപ്പെടുന്നുണ്ട്.