LiveTV

Live

National

കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം

ഇന്ന് രാവിലെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകൂടി.

കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം

കര്‍ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ച് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചര്‍ച്ചകള്‍ തുടങ്ങി. ഇന്ന് രാവിലെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകൂടി. ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ എം.എല്‍.എമാരും എത്തിയത് കോണ്‍ഗ്രസിന് ആശ്വാസമായി.

പ്രഭാത ഭക്ഷണത്തിനായാണ് മന്ത്രിമാരും കോൺഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പരമേശ്വരയുടെ വീട്ടില്‍ ഒത്തുകൂടിയത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രതിസന്ധി മറികടക്കാന്‍ മന്ത്രിസഭ വികസിപ്പിച്ച്, ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ വിമതര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. നേരത്തെയുള്ള ധാരണപ്രകാരം ഒഴിവുള്ള മന്ത്രിസ്ഥാനങ്ങളില്‍ ഒന്ന് കോണ്‍ഗ്രസിനും രണ്ടെണ്ണം ജെ.ഡി.എസിനും അവകാശപ്പെട്ടതാണ്. മൂന്നും വിമതര്‍ക്ക് നല്‍കുകയോ മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവെപ്പിച്ച് പകരം ആളുകളെ ഉള്‍പ്പെടുത്തുകയോ വേണം. ഇതിനായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സര്‍ക്കാറിന്റെ നിലനില്‍പിനായി മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ചില മന്ത്രിമാര്‍ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഭാവിയില്‍ എതിരഭിപ്രായങ്ങള്‍ ഇല്ലാതെ മുന്നോടുപോകാവുന്ന തരത്തിലായിരിക്കും തീരുമാനങ്ങള്‍ ഉണ്ടാകുക. വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രമേഷ് ജാര്‍ക്കിഹോളിയുടെ അനുയായി ശ്രീമന്ദ് പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭരണം മുന്നോട്ടുപോകാന്‍ വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ തുടരും.