LiveTV

Live

National

രണ്ടാം മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാരടക്കം ആറായിരം പേര്‍ പങ്കെടുക്കും

നാളെ വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ചായിരിക്കും നടക്കുക

രണ്ടാം മോദി സര്‍ക്കാറിന്‍റെ  സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാരടക്കം ആറായിരം പേര്‍ പങ്കെടുക്കും

രണ്ടാം മോദി സര്‍ക്കാറിന്‍റെ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാരടക്കം ആറായിരം പേര്‍ പങ്കെടുക്കും. പ്രധാനമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന സകേന്ദ്രമന്ത്രിസഭാംഗങ്ങളുടെ പട്ടിക നാളെയാകും രാഷ്ട്രപതിക്ക് കൈമാറുക. മന്ത്രിസഭാംഗങ്ങളാരൊക്കെ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്തും ഘടകകക്ഷികള്‍ക്കുള്ളിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ചായിരിക്കും നടക്കുക. കേന്ദ്രത്തിന്‍റെ ക്ഷണം ലഭിച്ച ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരും കിര്‍ഗിസ്ഥാന്‍, മൌറീഷ്യസ് തുടങ്ങിയ രാഷ്ട്രങ്ങളുടെ രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുക്കും. ഇവരടക്കം ആറായിരത്തോളം പേര്‍ക്കുള്ള സൌകര്യമാണ് ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍, രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. പാര്‍ട്ടി വൈര്യം ശക്തമാണെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങിനെത്തും. കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ പങ്കെടുപ്പിക്കുമെന്നും വിവരങ്ങളുണ്ട്.

സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമാവണം. ഇന്നലെ നടന്ന മോദി-അമിത്ഷാ കൂടിക്കാഴ്ചയില്‍ ബി.ജെ.പിയില്‍ നിന്ന് മന്ത്രിസഭയിലേക്ക് എത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായാണ് സൂചന. മന്ത്രിസഭ പ്രതിനിധികളെ നിശ്ചയിക്കാന്‍ ജെ.ഡി.യുവിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ‍വൈകീട്ട് ചേരുന്നുണ്ട്. എല്‍.ജെ.പിയില്‍ നിന്ന് രാംവിലാസ് പാസ്വാന്‍ തന്നെയായിരിക്കും മന്ത്രിസഭയിലെത്തുക. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടെയോ നാളെ ഉച്ചക്ക് മുമ്പായോ രാഷ്ച്രപതിക്ക് കൈമാറുമെന്നാണ് വിവരം.