LiveTV

Live

National

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തിലെത്തിയെന്ന് അവര്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും യോഗത്തിനെത്തുമോ എന്ന ആശങ്കയിലാണ് നേതൃത്വം

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തിലെത്തിയെന്ന് അവര്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍, മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും യോഗത്തിനെത്തുമോ എന്ന ആശങ്കയിലാണ് നേതൃത്വം. വൈകിട്ട് ആറിന് ബംഗളൂരുവിലെ സ്വകാര്യഹോട്ടലിലാണ് യോഗം. ഇന്ന് ഡല്‍ഹിയിലെത്തുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യദ്യൂരപ്പ, അമിത് ഷായുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും..

ബി.ജെ.പിയുമായി നേരത്തെ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ജാര്‍ക്കിഹോളി, തന്നോടൊപ്പം ആറ് എം.എല്‍.എമാരുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ ഇന്നത്തെ യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും. ചിക്ബല്ലാപുര എം.എല്‍.എ കെ.സുധാകറും ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ബി.ജെ.പി യിലേയ്ക്ക് പോകാന്‍ സാധ്യതയുള്ള എം.എല്‍.എമാരുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് നേതൃത്വവും സംസാരിച്ചു. മന്ത്രിസഭാ വികസനത്തില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന ഉറപ്പ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

79 എം.എല്‍.എ മാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ രണ്ടുപേര്‍ ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ബാക്കിയുള്ള 77 പേര്‍ യോഗത്തിനെത്തിയാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പ്രതിസന്ധി തരണം ചെയ്യാം. 225 അംഗ മന്ത്രിസഭയില്‍ 117 പേരുടെ പിന്തുണയാണ് സഖ്യസര്‍ക്കാറിനുള്ളത്. 107 അംഗങ്ങളണ് ബി.ജെ.പി ക്കുള്ളത് . രമേഷ് ജാര്‍ക്കിഹോളിയ്ക്ക് ഒപ്പമുള്ള വടക്കന്‍ കര്‍ണാടകത്തിലെ ആറ് എം.എല്‍.എമാരെ രാജി വെപ്പിച്ച് സര്‍ക്കാറിനെ താഴെയിറക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇവരെ കര്‍ണാടകയില്‍ നിന്നു മാറ്റാനും നീക്കമുണ്ട്.