LiveTV

Live

National

മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെയ്റ്റ്‍ലി

ആരോഗ്യപ്രശ്നങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെയ്റ്റ്‍ലി

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. മന്ത്രിസഭാംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ ബി.ജെ.പിക്കകത്തും ഘടക കക്ഷികള്‍ക്കുള്ളിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

നാളെ വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക നാളെ രാഷ്ട്രപതിക്ക് കൈമാറും. ഇതിന് മുന്നോടിയായി പുതിയ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്നും ഇന്നലെയും മണിക്കൂറുകളോളമാണ് മോദി - അമിത് ഷാ കൂടിക്കാഴ്ച നീണ്ടുനിന്നത്. ഘടകകക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.

ആരോഗ്യപ്രശ്നങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതോടെ ധനമന്ത്രാലയത്തിന്‍റെ ചുമതല പുതുമുഖത്തിനായിരിക്കും. പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെങ്കിലും രാജ്നാഥ് സിങ്, നിഥിന്‍ ഗഡ്കരി, സുഷ്മ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവര്‍ തുടര്‍ന്നേക്കും. കേന്ദ്രത്തിന്‍റെ ക്ഷണം ലഭിച്ച ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരും കിര്‍ഗിസ്ഥാന്‍, മൌറീഷ്യസ് രാഷ്ട്രത്തലവന്മാരും മറ്റ് വിദേശ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നാക്കം പോയി. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി വ്യാജപ്രചാരണം നടത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മമത ട്വീറ്റില്‍ വ്യക്തമാക്കി.