LiveTV

Live

National

കരിമ്പുലികൾ പാർലമെന്റിൽ: എന്തു കൊണ്ട് തിരുമായുടെ ജയം പ്രധാനമാകുന്നു?

തമിഴ്നാട്ടിൽ ദലിതർക്ക് കാലാകാലങ്ങളായി മറികടക്കാൻ കഴിയാത്ത രാഷ്ട്രീയത്തിലെ സ്വതന്ത്രമായ അസ്തിത്വത്തെയാണ് അദ്ദേഹം സാധ്യമാക്കിയത്

കരിമ്പുലികൾ പാർലമെന്റിൽ: എന്തു കൊണ്ട് തിരുമായുടെ ജയം പ്രധാനമാകുന്നു?

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിസ്മയിപ്പിക്കുന്ന വിജയത്തോടെ വിടുതലൈ ചിരുതൈ തലവൻ, തോല്‍‌‍ തിരുമാവളാവൻ തമിഴ് രാഷ്ട്രീയത്തിലെ തന്റെ വ്യക്തിപ്രഭാവം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ചിദംബരം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള തന്റെ രണ്ടാം ജയത്തിലൂടെ ചെറിയ രാഷ്ട്രീയപാർട്ടികൾ മുഖ്യധാരാ സംഘടനകൾക്ക് നേരെ മുന്നോട്ട് വെക്കുന്ന പുതിയൊരു രാഷ്ട്രീയ പദ്ധതി കൂടി നമുക്ക് കാണാം. തിരഞ്ഞെടുപ്പ് ചിഹ്നമാണ് തിരുമാ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

മുന്നണിക്ക് നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (ഡി.എം.കെ) കാലങ്ങളായി നിലനിൽക്കുന്നതും ജനങ്ങൾക്ക് പരിചിതവുമായ 'ഉദയസൂര്യ’ന് പകരം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. തമിഴ്നാട്ടിൽ ദലിതർക്ക് കാലാകാലങ്ങളായി മറികടക്കാൻ കഴിയാത്ത രാഷ്ട്രീയത്തിലെ സ്വതന്ത്രമായ അസ്തിത്വത്തെയാണ് അദ്ദേഹം സാധ്യമാക്കിയത്. അതേസമയം തന്റെ പാർട്ടിക്ക് കിട്ടിയ മറ്റൊരു സീറ്റിൽ ഡി.എം.കെ ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ ഉള്ള പ്രായോഗിക കൗശലവും അദ്ദേഹം കാണിച്ചു. ചെറിയ പാർട്ടികൾക്ക് തങ്ങളുടെ വിഭവ ശേഷിയുടെ പരിമിതിയെ മറികടക്കാനും സാധ്യതകളെ വിപുലീകരിക്കാനുള്ള തന്ത്രമായും നമുക്കിതിനെ കാണാം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവൻ എന്ന നിലയിൽ, കമ്മീഷൻ നൽകുന്ന ചിഹ്നം (കുടം) അദ്ദേഹം സ്വീകരിച്ചു. തുടർന്ന് തിരുമയും വിടുതലൈ ചിരുത്തൈകളും ചിദംബരം ലോക്സഭാ മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നം എത്തിച്ചു. പ്രദേശത്ത് ശക്തമായ വേരോട്ടമുള്ള ചിരുത്തൈകളുടെ യുവജന വിദ്യാർത്ഥി സംഘം അതിനുള്ള സാധ്യമായ എല്ലാ വഴികളും തേടി. എ.ഐ.ഡി.എം.കെയുടെ ജനങ്ങൾക്ക് ഏറെ പരിചിതമായ 'രണ്ടില' ചിഹ്നത്തോടാണ് മത്സരിക്കേണ്ടത് എന്നത് തന്നെ തിരുമക്ക് വലിയ വെല്ലുവിളിയായിരുന്നു. എതിർ സ്ഥാനാർഥി അത്ര ജനകീയൻ അല്ലായിരുന്നെങ്കിൽ കൂടി, അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം സംസ്ഥാനത്താകമാനം ശക്തമായിരുന്നു.

കരിമ്പുലികൾ പാർലമെന്റിൽ: എന്തു കൊണ്ട് തിരുമായുടെ ജയം പ്രധാനമാകുന്നു?

ലിബറൽ അക്കാദമിക്ക് സർക്കിളിലും ബുദ്ധിജീവികള്‍ക്കിടയിലും തീരുമാ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു നേതാവാണ്. അതേസമയം ജാതിഹിന്ദുക്കൾക്കിടയിൽ അത്രത്തോളം തന്നെ വെറുക്കപ്പെടുകയും ചെയ്യുന്നു. വണ്ണിയാർ ജാതിക്കാരുടെ രാഷ്ട്രീയമുഖമായ പാട്ടാളി മക്കൾ കച്ചി (പി.എം.കെ) ശക്തമായ വ്യാജ പ്രചാരണങ്ങളാണ് അദ്ദേഹത്തിനെതിരെ നടത്തിയത്. തിരുമയെ തമിഴ്‌നാട്ടിലെ പ്രധാന പ്രത്യയശാസ്ത്ര എതിരാളിയായി കാണുന്ന ബി.ജെ.പിയും മറ്റ് ഹിന്ദുത്വ ശക്തികളും ഇത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.

വണ്ണിയാർ ജാതിക്കാരുടെ രാഷ്ട്രീയമുഖമായ പാട്ടാളി മക്കൾ കച്ചി (പി.എം.കെ) ശക്തമായ വ്യാജ പ്രചാരണങ്ങളാണ് അദ്ദേഹത്തിനെതിരെ നടത്തിയത്. തിരുമയെ തമിഴ്‌നാട്ടിലെ പ്രധാന പ്രത്യയശാസ്ത്ര എതിരാളിയായി കാണുന്ന ബി.ജെ.പിയും മറ്റ് ഹിന്ദുത്വ ശക്തികളും ഇത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.

അതേസമയം ദ്രാവിഡ കോട്ട പിടിക്കാൻ അരക്കിട്ടുറപ്പിച്ച് ഇറങ്ങിയ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം തീർത്തത് മുന്നണിയിലെ ചെറുകക്ഷിയായ വി.സി.കെയും തിരുമയും തന്നെയായിരുന്നു. ദലിത് സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന എന്നതിനൊപ്പം, ശക്തമായ മുസ്‍ലിം സാന്നിധ്യവും നമുക്ക് വി.സി.കെ യിൽ കാണാം.

തന്റെ സ്വതസിദ്ധമായ പ്രസംഗശൈലി ഉപയോഗപ്പെടുത്തി "ദേസം കാപ്പോം" (ദേശത്തെ രക്ഷിക്കാം) എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് കൊണ്ട് ഒരു സമ്മേളനം അദ്ദേഹം സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷ സംഘടനകളെ ഒന്നിച്ച് നിർത്തി ഒരു ബി.ജെ.പി വിരുദ്ധ മുന്നണിക്ക് രൂപം നൽകാൻ ഈ സമ്മേളനത്തിന് സാധിച്ചുവെന്ന് തന്നെ പറയാം. സനാതന ധർമ്മ വിരുദ്ധ സമ്മേളനം എന്ന് കൂടി അറിയപ്പെട്ട ഈ സമ്മേളനത്തിൽ സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ് ബി.ജെ.പി യുടെ ധർമ്മം എന്ന് തിരുമ പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ നിന്നും ആര്‍.എസ്.എസ്സില്‍ നിന്നുമാണ് ദേശത്തെ രക്ഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവഴി മോദി വിരുദ്ധ വികാരം തമിഴ്മണ്ണിൽ അലയടിപ്പിക്കാനും തമിഴ് ദേശീയതക്കും സംസ്കാരത്തിനും പുതിയൊരു രാഷ്ട്രീയാടിത്തറ നൽകാനും, സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് വളമേകാനും ചിരുത്തൈകൾക്ക് കഴിഞ്ഞു. ഡോ.അനിതയുടെ ആത്മഹത്യക്ക് ശേഷം നീറ്റ് പ്രവേശന പരീക്ഷക്കെതിരെയും, ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയും വലിയ തോതിലുള്ള സമര പരിപാടികളാണ് വിടുതലൈ ചിരുത്തൈകളുടെ നേതൃത്വത്തില്‍ നടന്നത്. ഹിന്ദുത്വത്തിനെതിരെ ശക്തമായ വിമർശ പദ്ധതി രൂപീകരിക്കാനും മോദി വികാരത്തെ തമിഴ്നാട്ടിൽ നിന്ന് തുരത്താനും ഇതിലൂടെ വിടുതലൈ ചിരുത്തൈകൾക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായിരുന്നു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയുടെ ഉജ്ജ്വല വിജയം. ഒരേ ഒരു സീറ്റ് മാത്രമാണ് എന്‍.ഡി.എ ക്കെതിരെ അവർക്ക് നഷ്ടമായത്.

എന്തുകൊണ്ട് തിരുമാ പ്രധാനമാകുന്നു ?

തമിഴ്നാട്ടിലെ കീഴാള രാഷ്ട്രീയത്തിന് ശക്തമായ ഉണർവ്വ് പകർന്ന് കൊണ്ടാണ് തിരുമാവളാവൻ എന്ന രാഷ്ട്രീയക്കാരൻ ഉയർന്ന് വരുന്നത്. കോളനിയാനന്തര തമിഴ്നാട്ടിൽ മറ്റൊരു ദളിത് നേതാവായ ഡോ.കൃഷ്ണസാമിയോടൊപ്പം ചേർന്ന് ആദ്യമായി ഒരു ജാതി ആധിപത്യ വിരുദ്ധ ദളിത് രാഷ്ട്രീയം അദ്ദേഹം മുന്നോട്ട് വെച്ചു. തമിഴ് രാഷ്ട്രീയത്തിന് തന്നെ പുതുഭാവവും കാഴ്ചയും വി.സി.കെ നൽകി.

1989 ൽ ഇന്ത്യൻ ദളിത് പാന്തേഴ്സിന്റെ സ്ഥാപകൻ എ.മലൈച്ചാമിയുടെ മരണത്തോടെയാണ് തീപ്പൊരി പ്രഭാഷകനായ തിരുമാവളാവൻ നേതൃത്വത്തിലേക്ക് ഉയരുന്നത്. 1990 കളിൽ ജാതി രാഷ്ട്രീയത്തെ തെരുവിൽ നേരിട്ടും തിരിച്ചടിച്ചുമാണ് ഡി.പി.ഐ യുടെ (ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ) വളർച്ച. നിരന്തരമായ ഇടപെടലുകളിലൂടെ മധുരൈയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ജാതിപരമായ അതിക്രമങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടു വന്ന് അധികാരികളെ അതിനെതിരെ നടപടി എടുക്കാൻ അവർ നിർബന്ധിതരാക്കി. പ്രാഥമികമായ ഈ അവസ്ഥയിൽ നിന്നും വടക്കൻ തമിഴ്നാട്ടിലെ ശക്തമായ ദളിത് രാഷ്ട്രീയ പ്രസ്ഥാനമായി സംഘടന വളർന്നു. 1999 ല്‍ വി.സി.കെ (വിടുതലൈ ചിരുത്തൈകള്‍‍ കച്ചികള്‍ ) എന്ന പുതിയ രൂപത്തിൽ അവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യയിലെ കലങ്ങി മറിഞ്ഞ ആ രാഷ്ട്രീയ ഘട്ടത്തിൽ തിരുമയും കൃഷ്ണസാമിയും മിലിറ്റന്റ് ദലിത് രാഷ്ട്രീയത്തിന്റെ മുഖങ്ങളാവുകയായിരുന്നു. 1999 ൽ ജി.കെ. മൂപ്പനാരുടെ 'തമിൾ മാനില കോണ്‍ഗ്രസു’മായി ചേർന്ന് ഇലക്ഷനിൽ മത്സരിച്ചതോടെ അവർ ഒരു ദലിത്-ദ്രാവിഡിയൻ ബദൽ രാഷ്ട്രീയം വിഭാവന ചെയ്തു.

പ്രസ്തുത ഇലക്ഷനിലും, തുടർന്നും വിജയങ്ങൾ കണ്ടെത്താനായില്ലെങ്കിലും അന്ന് ഒരു ദലിത് സംഘടനക്ക് ചിന്തിക്കാൻ കഴിയുന്നതിലും പതിന്മടങ്ങ് വോട്ടുകൾ നേടാൻ അവർക്കായി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ദലിത് നേതാവ് എന്ന രീതിയിൽ തിരുമ ഉയർത്തിയ വെല്ലുവിളികൾക്കുള്ള പ്രതികരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകൾക്ക് നേരെ നടന്ന ആക്രമണ പരമ്പരകൾ. തുടർന്ന് വിഭവശേഷിയുടെയും രാഷ്ട്രീയ മൂലധനത്തിന്റെയും അഭാവം, ഡി.എം.കെ / എ.ഐ.ഡി.എം.കെ എന്നീ കക്ഷികളുടെ മുന്നണികളിൽ പ്രവേശിക്കാൻ വി.സി.കെയെ നിർബന്ധിതരാക്കി. ഒരിക്കൽ ബി.ജെ.പി ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷിയിലും അവർ പങ്കാളികളായി.

2001 ൽ ഡി.എം.കെ ചിഹ്നത്തിൽ തിരുമ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ, വേണ്ടത്ര പരിഗണനകൾ ലഭിക്കാത്തത് മൂലം അദ്ദേഹം രാജി വെക്കുകയാണുണ്ടായത്.

2004 ലെ ലോക്സഭാ ഇലക്ഷനിൽ ജനതാദൾ(യു) മുന്നണിയുടെ ഭാഗമായി ചിദംബരം മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. 2006 ൽ എ.ഐ.ഡി.എം.കെ മുന്നണിയുടെ ഭാഗമായി നിയമസഭയിലേക്ക് മത്സരിച്ച ചിരുത്തൈകൾ രണ്ട് മണ്ഡലത്തിൽ വിജയിച്ചു. 2009 ൽ ഡി.എം.കെ മുന്നണിയിൽ തിരികെ എത്തിയ തിരുമ ചിദംബരം മണ്ഡലത്തിൽ നിന്ന് എം.പി യായി തിരഞ്ഞെടുക്കപ്പെട്ടു.

തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുവാന്‍ പിന്നെയും അദ്ദേഹത്തിന് പല തരത്തിൽ പൊരുതേണ്ടി വന്നു. സാമൂഹികമായ പ്രത്യയശാസ്ത്ര അടിത്തറയോട് കൂടിയ ഒരു മൂന്നാം മുന്നണിക്ക് 2016 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം രൂപം നൽകി. മൂന്നാം മുന്നണി പരാജയപ്പെട്ടെങ്കിലും തിരുമ കേവലം 85 വോട്ടിനാണ് എതിർ സ്ഥാനാർത്ഥിയോട് തോറ്റത്.

രണ്ട് പ്രബലമായ രാഷ്ട്രീയ സംഘടനകൾ കുത്തകയാക്കി വെച്ചിരിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, കൃത്യമായ വിഭവശേഷിയുള്ള കമലഹാസന്റെ സംഘടന പോലും സ്വന്തം ഇടം കണ്ടെത്താൻ പെടാപ്പാട് പെടുകയാണ്. ഇത്തരം പ്രശ്നങ്ങൾ, ഒരു ദളിത് സംഘടന എന്ന തലത്തിൽ ചിരുത്തൈകൾക്ക് മുൻ പറയപ്പെട്ടതിനേക്കാൾ എത്രയോ മടങ്ങാണ്. ഒരു മുഖ്യധാരാ സംഘടനയുടെയും സഹായമില്ലാതെ വ്യക്തമായ വോട്ടുകൾ നേടാൻ വി.സി.കെക്ക് കഴിയുമെങ്കിലും ജയത്തിന്റെ ഫിനിഷിങ്ങ് പോയിന്റ് കടക്കാൻ പ്രയാസമാണ്.

ഡോ.അനിതയുടെ ആത്മഹത്യക്ക് ശേഷം നീറ്റ് പ്രവേശന പരീക്ഷക്കെതിരെയും, ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയും വലിയ തോതിലുള്ള സമര പരിപാടികളാണ് വിടുതലൈ ചിരുത്തൈകളുടെ നേതൃത്വത്തില്‍ നടന്നത്. ഹിന്ദുത്വത്തിനെതിരെ ശക്തമായ വിമർശ-പദ്ധതി രൂപീകരിക്കാനും മോദി വികാരത്തെ തമിഴ്നാട്ടിൽ നിന്ന് തുരത്താനും ഇതിലൂടെ വിടുതലൈ ചിരുത്തൈകൾക്ക് കഴിഞ്ഞു.

അതുകൊണ്ടാണ് 2019 ൽ ഒരിക്കൽ കൂടി ഡി.എം.കെ ക്കൊപ്പം മത്സരിക്കാൻ തിരുമ തീരുമാനിക്കുന്നത്. ഇതിലൂടെ 2009 ലെ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനായി, അതും സ്വന്തം ചിഹ്നത്തിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസ്ഥാനത്തുടനീളം കൃത്യമായി പങ്ക് വഹിച്ച അദ്ദേഹത്തിന് തമിഴ്നാട്ടിലെ ജാതിഹത്യകൾക്കെതിരെ നിലപാടെടുക്കുന്നതിലേക്ക് ഡി.എം.കെ പോലൊരു സംഘടനയെ എത്തിക്കാനും കഴിഞ്ഞു.

ഭാവിയിലേക്കുള്ള ദിശ

തിരുമയും, ഡി.രവികുമാറും ഇന്ത്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ വി.സി.കെക്ക് ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് പേരും മികച്ച പ്രാസംഗികന്മാരും കൃത്യമായ രാഷ്ട്രീയ അനുഭവ സമ്പത്തിന്റെ ഉടമകളും തന്നെ. വി.സി.കെ ജനറൽ സെക്രട്ടറി ആയ ഡി.രവികുമാർ തന്റെ എഴുത്തുകളിലൂടെയും സാമൂഹിക നിരീക്ഷണങ്ങളിലൂടെയും മികച്ച ഒരു രാഷ്ട്രീയ തന്ത്രജ്ഞനെന്ന് പേരെടുത്ത വ്യക്തിയാണ്. എം.എല്‍.എ ആയിരിക്കുന്ന സമയത്ത് നിരവധി പോളിസി രൂപീകരണങ്ങളിൽ അദ്ദേഹം പങ്കാളിയായി.

കരിമ്പുലികൾ പാർലമെന്റിൽ: എന്തു കൊണ്ട് തിരുമായുടെ ജയം പ്രധാനമാകുന്നു?

രണ്ട് പേരും ജാതി വ്യവസ്ഥയെ കുറിച്ച് തീക്ഷ്ണമായ വിമർശ പദ്ധതികൾ എഴുതിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കീഴാള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള യാത്രയിലും ലിബറേഷൻ പാന്തേഴ്സിനെ സംസ്ഥാനത്ത് കേഡർ സംവിധാനത്തിലൂടെ കൃത്യമായ വേരോട്ടമുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തുവാനും രണ്ട് പേർക്കും ഉത്തരവാദിത്വമുണ്ട്.

തോൾ തിരുമാവളാവൻ എന്ന നേതാവിന്റെ വ്യക്തിപ്രഭാവമാണ് വി.സി.കെ എന്ന പാർട്ടി. അത്രത്തോളം തന്നെ ആ വ്യക്തിയിൽ സംഘടന ആശ്രയിച്ചിരിക്കുന്നു. ഈ അവസ്ഥയിൽ നിന്ന് സംഘടന മുന്നോട്ട് പോകേണ്ടതുണ്ട്. അതിന്റെ ആന്തര ഘടന വിപുലീകരിക്കുകയും പുതിയ കാലത്തെ സാങ്കേതിക മേഖലകളെ കൃത്യമായി ഉപയോഗപ്പെടുത്തുകയും വേണം. ഇത്തരം മാറ്റങ്ങളിലൂടെ ഒരു ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി വളരുവാനും, തമിഴ്‌നാടിന്റെ രാഷ്ട്രീയ സാമൂഹിക ഭൂപടത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരാനും ചിരുത്തൈകൾക്ക് കഴിയും.

കടപ്പാട്: ദ വയര്‍

വിവര്‍ത്തനം: സുഹൈല്‍ അബ്ദുല്‍ ഹമീദ്