LiveTV

Live

National

രാജിയില്‍ ഉറച്ച് രാഹുല്‍; പിന്‍തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്

രാജിയില്‍ ഉറച്ച് രാഹുല്‍; പിന്‍തിരിപ്പിക്കാനുള്ള  നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറാതെ രാഹുല്‍ ഗാന്ധി. അനുനയ ശ്രമങ്ങൾ ഇന്നും ഫലം കണ്ടില്ല. ആവശ്യമെങ്കിൽ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നാണ് രാഹുലിന്റെ നിലപാട്. രാഹുലിന്റെ രാജി നിര്‍ദേശം പ്രവർത്തക സമിതി ഏകകണ്ഠമായി തള്ളിയതാണെന്നും ഇക്കാര്യത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ആവശ്യമെങ്കിൽ ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാം. പാർട്ടി പുനഃസംഘടനാ ചുമതയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഒരു മാസത്തെ സമയം നല്‍കിയെന്നാണ് വിവരം.

പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാൽ, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, രണ്‍ദീപ് സുർജെവാല എന്നിങ്ങനെ നേതാക്കളുടെ നീണ്ടനിര തന്നെ ഇന്ന് രാഹുലിനെ അനുനയിപ്പിക്കാൻ വസതിയിൽ എത്തി. പക്ഷെ രാഹുല്‍ വഴങ്ങിയിട്ടില്ല. എന്നാല്‍ രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് വക്താവ് തള്ളി. എന്നാല്‍ രാഹുല്‍ രാജി പിന്‍വലിച്ചോയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

രാഹുലിനെ പിന്തിരിപ്പിക്കാന്‍ സഖ്യകക്ഷി നേതാക്കളും രംഗത്തുവന്നു. രാജി ആത്മഹത്യപരമാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയോടെ എല്ലാം അവസാനിക്കുന്നില്ലെന്നും ലാലു രാഹുലിനെ ഓര്‍മ്മിപ്പിച്ചു. രാഹുലിനെ ഫോണില്‍ ബന്ധപ്പെട്ട ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകളാണ് രാഹുലിന് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാല് ദിവസത്തിനകം കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേര്‍ന്നേക്കും.