LiveTV

Live

National

തെരഞ്ഞെടുപ്പിന് പിന്നാലെ മധ്യപ്രദേശ് പിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി

ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും തെളിവുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ബി.ഐക്ക് കൈമാറി

തെരഞ്ഞെടുപ്പിന് പിന്നാലെ മധ്യപ്രദേശ് പിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി

മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പിനായി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും തെളിവുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിബിഐക്ക് കൈമാറി. എന്നാല്‍ കമല്‍നാഥ് ആരോപണം നിഷേധിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 7ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിലൂടെയാണ് അനധികൃത പണമിടപാട് വിവരങ്ങള്‍ ലഭിച്ചതെന്ന് ആദായനികുതി വകുപ്പ് പറയുന്നു. കമല്‍നാഥിന്റെ 5 സഹായികള്‍ അടക്കം 11 സ്ഥാനാര്‍ഥികള്‍ ഒരു ഗ്രൂപ്പില്‍ നിന്നും 25 മുതല്‍ 50 ലക്ഷം പണം കൈപറ്റി.

ഏറ്റവുമധികം പണം കൈപറ്റിയത് ദിഗ്വിജയ് സിങാണ്. എഐസിസിക്ക് 20 കോടി ലഭിച്ചിട്ടുണ്ട് എന്നിങ്ങനെയാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വാട്സ്ആപ്പ് ചാറ്റ്, ഫോൺ ട്രാൻസ്ഫർ, ഫോൺ സംഭാഷണങ്ങൾ എന്നിവയും ശേഖരിച്ചിട്ടുണ്ട്.

അക്കൗണ്ടന്റ് ലലിത് കുമാർ ചാലാനിയുടെ കമ്പ്യൂട്ടറിൽ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. കമല്‍നാഥിന്റെ മുൻ സഹായികളായ ആർ.കെ മിഗ്ലാനി, പ്രവീൺ കക്കർ എന്നിവരോടൊപ്പം പ്രവർത്തിച്ചിരുന്നയാളാണ് ലളിത് കുമാര്‍. നിയമസഭ തെരഞ്ഞെടുപ്പിലും 17.9 കോടി രൂപ 87 പേര്‍ക്കായി നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ലോക്സഭ സ്ഥാനാർഥികളുടെ ചെലവുകൾ പ്രഖ്യാപിക്കുന്ന ജൂൺ അവസാന വാരത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ഉണ്ടാവുക. ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷിക്കട്ടെ എന്നും കമല്‍നാഥ് പ്രതികരിച്ചു.