LiveTV

Live

National

അഞ്ച്‌ ദിവസത്തിനുള്ളില്‍ അഞ്ച്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ; തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള മുസ്‌ലിം ദലിത്‌ ജീവിതങ്ങള്‍

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമായി അഞ്ച്‌ ദിവസത്തിനുള്ളില്‍ അഞ്ച്‌ ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌  

അഞ്ച്‌ ദിവസത്തിനുള്ളില്‍ അഞ്ച്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ; തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള മുസ്‌ലിം ദലിത്‌ ജീവിതങ്ങള്‍

എന്‍.ഡി.എ യുടെ നിയുക്ത പാര്‍ലമെന്റ്‌ എം.പിമാരോട്‌ ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം പിടിച്ച്‌ പറ്റാന്‍ വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ ശേഷം മാത്രം അഞ്ച്‌ ദിവസത്തിനുള്ളില്‍ അഞ്ച്‌ ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.

543ല്‍ 352 സീറ്റുകള്‍ നേടിയാണ്‌ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം അധികാരം കൈക്കലാക്കിയത്‌. 2014‌ ലേതിനേക്കാള്‍ 21 സീറ്റുക‌ള്‍ കൂടുത‌ലാണ‌ിത്. കൂടാതെ ക‌ഴിഞ്ഞ‌ ത‌വ‌ണ‌ത്തേക്കാള്‍ കൂടുത‌ല്‍ ഭൂരിപ‌ക്ഷ‌ത്തിലാണ് പ‌ല‌ ഉത്ത‌രേന്ത്യ‌ന്‍ സംസ്ഥാന‌ങ്ങ‌ളിലും ബി.ജെ.പി സ്ഥാനാര്‍ഥിക‌ള്‍ വിജ‌യിച്ച‌ത്.

പ‌ശു സംര‌ക്ഷ‌ണ‌ത്തിന്‍റെ പേരില്‍ മുസ്‍ലിങ്ങള്‍ക്കും ദ‌ലിതുക‌ള്‍ക്കുമെതിരായ‌ അക്ര‌മ‌ണ‌ങ്ങ‌ളില്‍ വ‌ന്‍ വ‌ര്‍ധ‌ന‌വായിരുന്നു ന‌രേന്ദ്ര‌ മോദി പ്ര‌ധാന‌മ‌ന്ത്രിയായ‌ ക‌ഴിഞ്ഞ‌ അഞ്ച് വ‌ര്‍ഷ‌ങ്ങ‌ളില്‍ സംഭ‌വിച്ച‌ത്. എങ്കിലും, എന്‍.ഡി.എയുടെ അമ‌ര‌ക്കാര‌നായി ര‌ണ്ടാമ‌തും നിയോഗിക്ക‌പ്പെട്ട‌ ശേഷം ശ‌നിയാഴ്ച‌ അദ്ദേഹം പ്ര‌തിക‌രിച്ച‌ത് ഇങ്ങ‌നെയാണ്: ‘പാവ‌ങ്ങ‌ള്‍ വ‌ഞ്ചിക്ക‌പ്പെട്ട‌ പോലെ ന്യൂന‌പ‌ക്ഷ‌ സ‌മുദായ‌ങ്ങ‌ളും വ‌ഞ്ചിക്ക‌പ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയ‌ക്കാര്‍ അവ‌രെ ചൂഷ‌ണം ചെയ്തു. അവ‌ര്‍ ഭ‌യ‌ത്തോടെയാണ് ജീവിക്കുന്ന‌ത്. ന്യൂന‌പ‌ക്ഷ‌ങ്ങ‌ളുടെ വിദ്യാഭ്യാസ‌ത്തിലും ആരോഗ്യ‌ത്തിലും ശ്ര‌ദ്ധ‌ ന‌ല്‍ക‌ണ‌മെന്നും അദ്ദേഹം പ‌റ‌ഞ്ഞു.

എന്നാല്‍ ഇല‌ക്ഷ‌ന് ശേഷം മാത്ര‌മായി വിവിധ‌ കാര‌ണ‌ങ്ങ‌ളാലും കാര‌ണ‌ങ്ങ‌ള്‍ ഇല്ലാതെയും നിരവധി ആളുകളാണ് അക്രമിക്കപ്പെട്ടത്.

1) ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലി

മധ്യപ്രദേശില്‍ മെയ് 24ന് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുൾപ്പടെയുള്ള മൂന്നംഗ സംഘത്തെ വലിച്ചിറക്കിയാണ് ഭീകരര്‍ ആക്രമിച്ചത്. ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ശേഷം ബീഫ് കയ്യില്‍ സൂക്ഷിച്ചു എന്നാരോപിച്ച് മര്‍ദ്ധിക്കുകയായിരുന്നു. രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.. യുവാക്കളിലൊരാളെക്കൊണ്ട് തന്നെ അയാളുടെ ഭാര്യയെ അടിക്കാനാവശ്യപ്പെടുന്നതും ജയ്ശ്രീറാം വിളിപ്പിക്കുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്.

വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം
Also Read

വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം

2) തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദ്ദനം

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മുഹമ്മദ് ബര്‍ക്കത്ത് എന്ന ഇരുപത്തഞ്ച് വയസ്സുക്കാരനാണ് മെയ് 25 രാത്രി 10 മണിയോടെ ഗുരുഗ്രാമിലെ പള്ളിയില്‍ നിന്നിറങ്ങി വരും വഴി ക്രൂര മര്‍ദ്ദനത്തിനിരയായത്. “ഒരു സംഘം ഹിന്ദുത്വ പ്രവര്‍ത്തകര്‍ തനിക്ക് നേരെ വരികയും തൊപ്പി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു, പള്ളിയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറ‍ഞ്ഞപ്പോള്‍ തന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ജയ് ശ്രീറാമും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു. അതിന് വിസ്സമ്മതിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു”, ബര്‍ക്കത്ത് പ‌റ‌ഞ്ഞു.

ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി  ഫേസ്ബുക്ക് പോസ്റ്റ്;  എ.ബി.വി.പി പരാതിയില്‍  ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍ 
Also Read

ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്;  എ.ബി.വി.പി പരാതിയില്‍ ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍ 

തന്നെ മര്‍ദ്ദിച്ച വ്യക്തിയെ തള്ളിമാറ്റി ഓടാന്‍ ശ്രമിച്ചപ്പോള്‍ ധരിച്ച ഷര്‍ട്ട് വലിച്ച് കീറിയെന്നും പിന്നീട് ഉച്ചത്തില്‍ കരഞ്ഞ സന്ദര്‍ഭത്തില്‍ നാല് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും രണ്ട് പേര്‍ അടുത്തുള്ള ഊടു വഴി കയറി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ബര്‍ക്കത്തിന്റെ കസിന്‍ മുര്‍തജയാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചതും പൊലീസില്‍ പരാതിയായി അറിയിച്ചതും. പ്രതികള്‍ക്കെതിരെ മതവിദ്വേഷത്തിനും ഭീഷണിക്കും അന്യായ കൂട്ടം ചേരലിനും കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

കശ്മീരിൽ പശു സംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നു; മരണപ്പെട്ടത് അഞ്ച് പെണ്‍കുട്ടികളുടെ പിതാവ്
Also Read

കശ്മീരിൽ പശു സംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നു; മരണപ്പെട്ടത് അഞ്ച് പെണ്‍കുട്ടികളുടെ പിതാവ്

3) ക്ഷേത്ര പ്രവേശന നിഷേധത്തിനെതിരെ പോസ്റ്റിട്ടതിന് ഗുജറാത്തിൽ ദലിത് ദമ്പതികൾക്ക് ക്രൂര മർദനം.

ഗ്രാമത്തിലെ ക്ഷേത്രം ദലിതുകളുടെ വിവാഹ ആവശ്യങ്ങൾക്ക് സർക്കാർ തുറന്നുകൊടുക്കാത്തത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ദലിത് ദമ്പതികളെ 200ഓളം പേർ വരുന്ന മേൽജാതിക്കാരുടെ സംഘം വീട്ടിൽ കയറി ക്രൂരമായി മർദിച്ചു. ഗുജറാത്തിലെ വഡോദരയിൽ പാദ്ര താലൂക്കിൽ മെയ് 25നാണ് സംഭവം.

പശുസംരക്ഷണത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട 28 പേരില്‍ 24 ലും മുസ്‍ലിംകളായിരുന്നുവെന്ന് റിപ്പോര്‍ട്ട്
Also Read

പശുസംരക്ഷണത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട 28 പേരില്‍ 24 ലും മുസ്‍ലിംകളായിരുന്നുവെന്ന് റിപ്പോര്‍ട്ട്

4) പാകിസ്താനിലേക്ക് പോകാൻ പറഞ്ഞു മുസ്‌ലിം യുവാവിന് നേരെ വെടിയുതിർത്തു.

മെയ് 26നാണ് സംഭവം. ബിഹാറിലെ ബെഗുസാരായിയിലാണ് മുസ്‌ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്തത്. തൊഴിലാളിയായ മുഹമ്മദ് ഖാസിമിന് നേരെയാണ് വെടിയുതിര്‍ത്തത്. തനിക്ക് വെടിയേറ്റത് കണ്ട ചുറ്റുമുള്ള ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് താൻ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്നും ഖാസിം പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘മദ്യലഹരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുയുടന്‍ ഇയാള്‍ തന്നോട് പാക്കിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നു’; ഖാസിം പറഞ്ഞു.

ആക്ടിവിസ്റ്റായ മുഹമ്മദ് ആസിഫ് ഖാന്റെ ട്വിറ്റര്‍ വഴിയാണ് വാര്‍ത്ത പുറത്തറിയുന്നത്. ബെഗുസരായി സ്വദേശിയും ബെഗുസരായി ലോക്സഭ മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയുമായിരുന്ന കനയ്യകുമാര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്.

5) കശ്മീരിൽ പശുക്കടത്തിന്റെ പേരില്‍ ഒരാളെ വെടിവെച്ചുകൊന്നു.

ജമ്മു കശ്മീരിലെ ചെനാബ് വാലി ജില്ലയിലെ ബദര്‍വയില്‍ പ്രദേശത്താണ് പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം ‘പശു സംരക്ഷകർ’ കശ്മീർ സ്വദേശി നയീം ഷായെ വെടിവെച്ച് കൊലപ്പെടുത്തിയത്. നയീം ഷായുടെ സുഹൃത്ത് യാസിർ ഹുസൈനാണ് വെടിയേറ്റ് മരണപ്പെട്ട സംഭവം പുറത്തറിയിച്ചത്.

മെയ് 26ന് രാത്രി 2 മണിക്കാണ് സംഭവം. 'നിങ്ങള്‍ ഞങ്ങളുടെ പശുക്കളെ കൊല്ലും' എന്നാക്രോശിച്ച് ഏഴിലധികം വരുന്ന സംഘം മധ്യവയസ്‌കനായ നയീം ഷായെയും യാസിറിനെയും അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പശുക്കളെ അല്ല കുതിരകളെയാണ് തങ്ങള്‍ കൊണ്ടുപോകുന്നതെന്ന് പറഞ്ഞെങ്കിലും സംഘം കേള്‍ക്കാന്‍ തയ്യാറായ്യില്ലെന്നും കടുത്ത മര്‍ദ്ദനത്തിനിരയാക്കുകയും നയീമിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും യാസിർ പറയുന്നു. വെടിയുതിർത്ത ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എ.ബി.വി.പി പരാതിയില്‍ ജാര്‍ഖണ്ഡിലെ ആദിവാസി പ്രൊഫസര്‍ കഴി‍ഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കടപ്പാട് : സ്ക്രോള്‍.ഇന്‍