LiveTV

Live

National

ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചന്ദ്രാനി മുർമു

ലോക്സഭാ ഇലക്ഷനിൽ പാർട്ടിയുടെ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യാനുള്ള ഒ‍ഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ തീരുമാനപ്രകാരമാണ് ചന്ദ്രാനി മുർമു അടക്കം ഏഴു സ്ത്രീകള്‍ മത്സരിച്ചത്

ലോക്സഭയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചന്ദ്രാനി മുർമു

ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ചന്ദ്രാനി മുർമു. ഒഡീഷയിലെ ഖെയോജാർ മണ്ഡലത്തിൽ നിന്നാണ് മുർമു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 25 വയസ്സും 11 മാസവുമാണ് മുർമുവിൻ്റെ പ്രായം. കഴിഞ്ഞ ലോക്സഭയിൽ അംഗമായിരുന്ന ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ദുഷ്യന്ത് ചൗതാലക്കായിരുന്നു ഇത് വരെ ഈ റെക്കോർഡ്.

എഞ്ചിനീയർ ബിരുദധാരിയായ മുർമു കഴിഞ്ഞ രണ്ടു തവണയും ഖെയോജാറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ അനന്ത നായകിനെ 67,822 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നവീൻ പട്‌നായിക്കിന്റെ ബിജു ജനതാ ദളിന്റെ (ബി.ജെ.ഡി ) യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച മുർമു നേടിയത് 5,25,886 വോട്ടുകൾ. ചന്ദ്രാനിയുടെ പിതാവ് സൻജീവ്‌ മുർമു ഗവർമെന്റ് ഉദ്യോഗസ്ഥനും അമ്മ ഉർബാഷി സോറൻ വീട്ടമ്മയുമാണ്.

എഞ്ചിനീയറിങ് കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന മുർമുവിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല തരത്തിലുള്ള കുപ്രചരണങ്ങളും മുർമുവിന് നേരിടേണ്ടി വന്നു. എതിരാളികൾ മുർമുവിന്റെ മോർഫ് ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു.

ലോക്സഭാ ഇലക്ഷനിൽ പാർട്ടിയുടെ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യാനുള്ള മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ തീരുമാനപ്രകാരമാണ് ചന്ദ്രാനി മുർമു അടക്കം ഏഴു സ്തീകള്‍ മത്സരിച്ചത്. ഇവരിൽ അഞ്ചു പേര്‍ വിജയിച്ചു. ബി.ജെ.പി യിൽ നിന്നുള്ള രണ്ടു പേരടക്കം ഏഴു സ്ത്രീകളാണ് ഒഡീഷയിൽ നിന്ന് ഇക്കുറി പാർലമെന്റിലേക്ക് പോകുന്നത്. ഒഡീഷയിൽ നിന്നുള്ള മൊത്തം സ്ഥാനാർത്ഥികളുടെ 33 ശതമാനം വരുമിത്.