LiveTV

Live

National

പ്രകാശ് അംബേദ്കറുടെ വഞ്ചിത ബഹുജൻ അഗാഡി ബി.ജെ.പി യുടെ ബി ടീമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ 

പ്രകാശ് അംബേദ്കറുടെ വഞ്ചിത ബഹുജൻ അഗാഡി ബി.ജെ.പി യുടെ ബി ടീമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ 

പ്രകാശ് അംബേദ്‌കർ നേതൃത്വം നൽകുന്ന വഞ്ചിത ബഹുജൻ അഗാഡി (വി.ബി.എ) യെ ബി.ജെ.പി യുടെ ബി ടീമെന്ന് വിശേഷിപ്പിച്ചു മഹാരാഷ്ട്ര കൊണ്ഗ്രെസ്സ് സംസ്ഥാന അധ്യക്ഷൻ അശോക് ചവാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് ഒമ്പത് മുതൽ പത്തു സീറ്റ് വരെ നഷ്ടപ്പെടാൻ കാരണം അംബേദ്കറുടെ മുന്നണിയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നാന്ദെട് സീറ്റിൽ മത്സരിച്ച മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായ അശോക് ചവാന്‍ ബി.ജെ.പി സ്ഥാനാർഥി പ്രതാപ റാവു ചിഖ്‌ലിക്കറിനോട് പരാജയപ്പെട്ടത് 40,000 വോട്ടുകൾക്കാണ്. ചിഖ്ലിക്കാർ 4.86 ലക്ഷം വോട്ടുകൾ നേടിയപ്പോൾ ചവാൻ 4.46 ലക്ഷം വോട്ടുകൾ നേടി. ഇവിടെ വി.ബി.എ സ്ഥാനാർഥി യശ്പാൽ ബിൻകെ നേടിയത് 1.66 ലക്ഷം വോട്ടുകളാണ്.

മാറാത്തവാഡ മേഖലയില്‍ ശിവസേനയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ഔറംഗാബാദിൽ സിറ്റിംഗ് എം.പി യായ ചന്ദ്രകാന്ത് ഖരെ വി.ബി.എ നോമിനിയും എ.ഐ.എംഐ.എം നേതാവുമായ ഇംത്യാസ് ജലീലിനോട് നേരിയ മാർജിനിൽ തോല്‍ക്കുകയും ചെയ്തിരുന്നു.

ലോക്സഭാ ഇലക്ഷന് മുന്നോടിയായി ബരിപാ ബഹുജൻ മഹാസംഘ് തലവനായ പ്രകാശ് അംബേദ്‌കർ അസദുദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനുമായി ചേർന്നാണ് വഞ്ചിത ബഹുജൻ അഗാഡി രൂപീകരിച്ചത്. വി.ബി.എ യുമായി കോൺഗ്രസ്-എൻ.സി.പി നേതാക്കൾ സഖ്യചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും സ്വാതന്ത്ര്യമായി മത്സരിക്കാൻ വി.ബി.എ തീരുമാനിക്കുകയായിരുന്നു

തിരഞ്ഞെടുപ്പിൽ വി.ബി.എ സ്ഥാനാർത്ഥികളൊന്നാകെ മഹാരാഷ്ട്രയിൽ 41 ലക്ഷം വോട്ടു നേടിയിട്ടുണ്ട്. അതിൽ അകോല, ബുൽധാന, ഗഡ്ചിറോളി-ചിമൂർ,പര്‍ഭാനി, സംഗ്ലി, സോലാപൂർ, ഹറ്റ്കാനാങ്കളെ, നാന്ദെട് തുടങ്ങി എട്ടോളം സീറ്റുകളിൽ വി.ബി.എ സ്ഥാനാർത്ഥികൾ നേടിയ വോട്ടിനേക്കാൾ കുറവാണ് ബി.ജെ.പി-ശിവസേന സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം.

മഹാരാഷ്ട്രയിൽ ഈ വര്‍ഷമവസാനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം വ്യത്യസ്തമായിരിക്കുമെന്ന് പറഞ്ഞ ചവാൻ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.