LiveTV

Live

National

ശബരിമല വിഷയം തോല്‍വിക്ക് കാരണമായോ എന്ന് പരിശോധിക്കും: യെച്ചൂരി 

സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ചയാക്കാതെ വർഗീയതയും തീവ്രദേശീയതയും ചർച്ചയാക്കുന്നതിൽ ബി.ജെ.പി വിജയിച്ചെന്ന് യെച്ചൂരി

ശബരിമല വിഷയം തോല്‍വിക്ക് കാരണമായോ എന്ന് പരിശോധിക്കും: യെച്ചൂരി 

ശബരിമല വിഷയം കേരളത്തിലെ തോല്‍വിക്ക് കാരണമായോ എന്ന് പരിശോധിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ വരെ കനത്ത തിരിച്ചടി നേരിട്ടുവെന്നും പി.ബി വിലയിരുത്തി. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടുമായിരുന്നുവെന്ന് ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോയില്‍ അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്‍റെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയത്. സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ വരെ കനത്ത തിരിച്ചടി നേരിട്ടുവെന്ന് പി.ബി യോഗം വിലയിരുത്തി. കേരളത്തില്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടില്‍ കുറവ് വരുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളത്തിലെ സി.പി.എമ്മിന് കഴിഞ്ഞില്ലെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമല തിരിച്ചടിക്ക് കാരണമായോയെന്ന് പരിശോധിക്കുമെന്ന് യെച്ചൂരി പറഞ്ഞു

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എന്നാല്‍ കൂട്ടുത്തരവാദിത്വമാണ് നേതൃത്വത്തിനുള്ളതെന്നും യെച്ചൂരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി നയങ്ങളില്‍ പാളിച്ച പറ്റിയോ എന്ന് പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാളിച്ചകള്‍ എന്താണെന്ന് വിലയിരുത്തും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടായിരുന്നുവെങ്കില്‍ സി.പി.എമ്മിന് ഇത്ര വലിയ തിരിച്ചടിയുണ്ടാകുമായിരുന്നില്ലയെന്ന് ബംഗാള്‍ ഘടകം പി.ബിയില്‍ അറിയിച്ചു. വ്യാപകമായ അക്രമങ്ങളുണ്ടായതിനാല്‍ പ്രചാരണം പോലും കൃത്യമായി നടത്താന്‍ സാധിച്ചില്ലെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി.