LiveTV

Live

National

രാമക്ഷേത്ര നിര്‍മാണം: ബി.ജെ.പി നിലപാട് തള്ളി ആര്‍.എസ്.എസ്

ക്ഷേത്ര നിര്‍മാണം മറ്റാരെയെങ്കിലും ഏല്‍പിച്ചാല്‍ തുടര്‍ച്ചയായി ശ്രദ്ധിക്കേണ്ടിവരും. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണം: ബി.ജെ.പി നിലപാട് തള്ളി ആര്‍.എസ്.എസ്

രാമക്ഷേത്ര നിര്‍മാണവുമായി ഒറ്റക്ക് മുന്നോട്ടുപോകുമെന്ന സൂചന നല്‍കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് . നാം ചെയ്യേണ്ട ജോലി മറ്റാരെയെങ്കിലും ഏല്‍പിച്ചാല്‍ നിരന്തരം ശ്രദ്ധിക്കേണ്ടിവരുമെന്നായിരുന്നു മോഹന്‍ ഭഗവതിന്‍റെ പ്രസ്താവന. ഭരണഘടനക്കുള്ളില്‍ നിന്ന് ക്ഷേത്രനിര്‍മാണത്തിന് സാധ്യത തേടുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ നിലപാട് തള്ളുന്നതാണ് പരാമര്‍ശം.

ക്ഷേത്ര നിര്‍മാണം മറ്റാരെയെങ്കിലും ഏല്‍പിച്ചാല്‍ തുടര്‍ച്ചയായി ശ്രദ്ധിക്കേണ്ടിവരും. അതിനാല്‍ നമ്മുടെ പണി നാം നിര്‍വഹിക്കണം. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. പ്രത്യേക ഓഡിനന്‍സ് കൊണ്ടുവന്ന് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ആര്‍.എസ്.എസ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭരണഘടനക്കുള്ളില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിനുള്ള സാധ്യത തേടുമെന്നായിരുന്നു പ്രകടനപത്രികയിലെ ബി.ജെ.പി നിലപാട്. സുപ്രീംകോടതി നിശ്ചയിച്ച മധ്യസ്ഥ സമിതിയുടെ പരിഗണനയിലാണ് വിഷയം ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ തള്ളുന്നതും മധ്യസ്ഥത സമിതിയില്‍ അവിശ്വാസം വ്യക്തമാക്കുന്നതുമാണ് മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശം. രാജസ്ഥാനിലെ ഉദയ്പൂരില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രഭരണം നിലനിര്‍ത്തി ദിവസങ്ങള്‍ കഴിയും മുമ്പേയാണ് രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കി ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.