LiveTV

Live

National

ഡോക്ടര്‍ ആത്മഹത്യ ചെയ്തത് ജാതീയ അധിക്ഷേപം സഹിക്കാനാവാതെ; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായല്‍ സല്‍മാന്‍ ടഡ്‌വിയെയാണ് (23) മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഡോക്ടര്‍ ആത്മഹത്യ ചെയ്തത് ജാതീയ അധിക്ഷേപം സഹിക്കാനാവാതെ; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാത്യധിക്ഷേപം നടത്തിയതിനാലാണ് തന്റെ മകള്‍ ജീവനൊടുക്കിയതെന്ന് ആത്മഹത്യ ചെയ്ത ഡോക്ടറുടെ അമ്മ. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായല്‍ സല്‍മാന്‍ ടഡ്‌വിയെയാണ് (23) മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണെന്ന കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാര്‍ നിരന്തരം അധിക്ഷേപിച്ചെന്ന് പായലിന്റെ അമ്മ പറഞ്ഞു. ഡോക്ടര്‍മാരായ ഹേമ അഹുജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡില്‍വാല്‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് റദ്ദാക്കി. ഈ മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി - പട്ടികവര്‍ഗ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും ജാമ്യം ലഭിക്കില്ലെന്നും കേസ് അന്വേഷിക്കുന്ന ദീപക് കുണ്ഡല്‍ പറഞ്ഞു.

മകള്‍ മരിക്കുന്നതിന് മുന്‍പുതന്നെ തന്നെ അധിക്ഷേപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു, പക്ഷേ നടപടിയുണ്ടായില്ലെന്ന് അമ്മ പറഞ്ഞു. തന്നോട് ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം മറ്റ് ഡോക്ടര്‍മാര്‍ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നതിനെ കുറിച്ച് പായല്‍ പറഞ്ഞിരുന്നുവെന്ന് പായലിന്റെ ഭര്‍ത്താവും വെളിപ്പെടുത്തി.