LiveTV

Live

National

സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി യു.പി പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു

സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി യു.പി പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് കാമ്പെയിന് നേതൃത്വം കൊടുത്തിരുന്നവരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. അമേഠിയിലെ പഴയ പഞ്ചായത്ത് തലവന്‍ കൂടിയായിരുന്നു സുരേന്ദ്ര സിങ്. അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ പകപോക്കലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന വിമര്‍ശം സ്മൃതി ഇറാനിയും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പൊലീസ് നിഗമനവും. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് പൊലീസ് നാടന്‍ തോക്ക് കണ്ടെത്തി. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.