LiveTV

Live

National

മുസ്‍ലിം യുവാവിനെതിരായ ആക്രമണത്തില്‍ ഗംഭീറിന്റെ പ്രതികരണം ഇങ്ങനെ...

ഹരിയാനയിലെ ഗുരുഗ്രാമിലാണ് കഴിഞ്ഞദിവസം രാത്രി ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദനത്തിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

മുസ്‍ലിം യുവാവിനെതിരായ ആക്രമണത്തില്‍ ഗംഭീറിന്റെ പ്രതികരണം ഇങ്ങനെ...

മുസ്‍ലിം യുവാവിന്റെ തൊപ്പി അഴിപ്പിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള നിയുക്ത എം.പിയുമായ ഗൌതം ഗംഭീര്‍ രംഗത്ത്.

സംഭവം ദൌര്‍ഭാഗ്യകരമായി പോയെന്നും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കഴിഞ്ഞദിവസം രാത്രി ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദനത്തിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മുഹമ്മദ് ബര്‍ക്കത്ത് എന്ന 25 കാരനാണ് രാത്രി 10 മണിയോടെ ഗുരുഗ്രാമിലെ പള്ളിയില്‍ നിന്നിറങ്ങി വരും വഴി ക്രൂര മര്‍ദ്ദനത്തിനിരയായത്. ഒരു സംഘം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബര്‍ക്കത്തിന് നേരെ വരികയും തൊപ്പി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

പള്ളിയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറ‍ഞ്ഞപ്പോള്‍ ബര്‍ക്കത്തിന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ജയ് ശ്രീറാമും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു. അതിന് വിസമ്മതിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ വലിയ ഒരു വടിയെടുത്ത് തന്നെ ക്രൂരമായി തല്ലിചതച്ചെന്നും അധിക്ഷേപിച്ചെന്നും ബര്‍ക്കത്ത് പറഞ്ഞു.