LiveTV

Live

National

ഇടത് ‘പക്ഷാഘാതം’

20 ലോക്സഭ സീറ്റുകളില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച എ.എം ആരിഫ് മാത്രമാണ് പാര്‍ലിമെന്‍റിലേക്ക് കഷ്ടിച്ച് കടന്നുകൂടിയത്

ഇടത് ‘പക്ഷാഘാതം’

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ദയനീയ പരാജയം ഈ ഒരു വിശേഷണം മാത്രമാണിപ്പേള്‍ ഇടതുപക്ഷത്തിന് ഏറ്റവും അനുയോജ്യം. നിലവില്‍ സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയായ കേരളത്തില്‍ നിന്നു പോലും കേവലം ഒരു സീറ്റ് മാത്രമാണ് കിട്ടിയതെന്നത് പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടാണ്. കേരളത്തിലെ 20 ലോക്സഭ സീറ്റുകളില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച എ.എം ആരിഫ് മാത്രമാണ് പാര്‍ലിമെന്‍റിലേക്ക് കഷ്ടിച്ച് കടന്നുകൂടിയത്. 40.96 ശതമാനമാണ് അദ്ദേഹത്തിന്‍റെ വോട്ടുവിഹിതം. യു.ഡി.എഫിന്‍റെ എട്ട് സ്ഥാനാർഥികൾ 50 ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയപ്പോൾ സി.പി.എമ്മിന്‍റെ ഒമ്പത് പേർ പാര്‍ട്ടിയുടെ ശരാശരി വോട്ടുവിഹിതമായ 35 ശതമാനത്തിനല്‍ പോലും തൊട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തേക്കാള്‍ സി.പി.എം നേട്ടമുണ്ടാക്കിയത് തമിഴ്നാട്ടിലാണ്. കാരണം അവിടെ സി.പി.എമ്മിനിപ്പോള്‍ രണ്ട് സീറ്റുണ്ട്. ബംഗാളിലും ത്രിപുരയിലും നിന്ന് ഒരാള്‍ പോലും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഇത്തവണ പാര്‍ലിമെന്‍റിലേക്കില്ല എന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്രയും തകര്‍ന്ന ഒരവസ്ഥ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. തമിഴ്നാട്ടിലെ രണ്ട് സീറ്റുകളില്‍ പോലും ഉറച്ച സ്വരത്തില്‍ പിതൃത്വമവകാശപ്പെടാനാവില്ല പാര്‍ട്ടിക്ക്. ആ വിജയത്തില്‍ മുന്നണി നേതാക്കാളായ ഡി.എം.കെക്ക് മാത്രമല്ല കോണ്‍ഗ്രസിനും മുസ്‍ലിം ലീഗിനും പോലും വോട്ടവകാശപ്പെടാം. ബംഗാളിലേയും ത്രിപുരയിലെയും തമിഴ്നാട്ടിലെയും ഫലം സി.പി.എം പ്രതീക്ഷിച്ചതാണ്. എന്നാല്‍ കേരളം ഇങ്ങനെ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും പാര്‍ട്ടി ചിന്തിച്ച് കാണില്ല. ശബരിമല വിഷയവും അനുബന്ധ സംഭവങ്ങളും ബി.ജെ.പി - മോദി വിരുദ്ധ വോട്ടുകള്‍ എതിര്‍ചേരിയിലേക്ക് മറിയാന്‍ കാരണമായതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇടത് 'പക്ഷങ്ങള്‍'

തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായുള്ള താല്‍ക്കാലിക നീക്കുപോക്കുകള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമായപ്പേള്‍ ഇടതില്‍ രണ്ട് പക്ഷങ്ങളുണ്ടായി. അന്ന് ജനറല്‍ സെക്രടറിയായി തെരഞ്ഞെടുത്ത സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അനുകൂല പക്ഷത്തില്‍ തന്നെ ഉറച്ച് നിന്നു. ഇപ്പോള്‍ ബംഗാളിന് വേണ്ടി സ്വീകരിച്ച കോണ്‍ഗ്രസ് അനുകൂല നയം നടപ്പിലാക്കാനാവാത്തതും കേരളത്തിലെ ദാരുണ പരാജയവും ചേര്‍ത്ത് വായിക്കുമ്പേള്‍ ചോദ്യങ്ങള്‍ നിരവധിയാണ്. പക്ഷെ തമിഴ്നാട്ടിലെ വിജയം ഉയര്‍ത്തിക്കാട്ടി യെച്ചൂരി പക്ഷത്തിന് തലയൂരാം.

ത്രിപുരയിലെ പാഠം

സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിജയന്‍ ബംഗാളില്‍ പ്രചാരണത്തിന് പോകാത്തിന്‍റെ കാരണം ഇന്നും അവ്യക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏറെ കഴിഞ്ഞ ശേഷം നടത്തിയ വിദേശ യാത്രയാണ് ന്യായീകരിക്കുന്ന ഏക കാരണം. ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനു കെൽപില്ലെന്നും കോൺഗ്രസിനെ ആശ്രയിക്കാതെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കണമെന്നുമാണു കഴിഞ്ഞ മാർച്ചിൽ കാരാട്ട്, യച്ചൂരിപക്ഷക്കാർ വിലയിരുത്തിയത്.

പരാജയങ്ങള്‍ പലവിധം

സി.പി.എം രാജസ്ഥാൻ സെക്രട്ടറി ആംറാ റാം, സീക്കറിൽ നേടിയത് കഷ്ടിച്ച് 2.5 ശതമാനം വോട്ടുകളാണ്. ജയം ബിജെപിക്ക്, കോൺഗ്രസ് രണ്ടാമത്. ഒഡീഷയിലെ ഭുവനേശ്വറിൽ കോൺഗ്രസ് പിന്തുണയോടെയാണ് കേന്ദ്ര കമ്മിറ്റി അംഗം ജനാർദൻ പതി മൽസരിച്ചത്. അദ്ദേഹത്തിനും 2.5 ശതമാനത്തിനടുത്ത് വോട്ട്. അവിടെയും ബിജെപിയും ബി.ജെ.ഡിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബംഗാളിലെ റായ്ഗഞ്ചിൽ സിറ്റിങ് എംപിയായ പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ജയിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചു. ബസീർഗാട്ടിൽ സി.പി.ഐ ദേശീയ സെക്രട്ടറി പല്ലബ് സെൻഗുപ്ത 5% വോട്ട് പോലും തികക്കാനാകാതെ 4–ാം സ്ഥാനത്തേക്ക് പതിച്ചു. കടുത്ത പോരാട്ടമെന്ന് പാര്‍ട്ടി വിലയിരുത്തിയ ജാദവ്പൂരിൽ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബസീർഗാട്ടിൽ സി.പി.ഐ ദേശീയ സെക്രട്ടറി പല്ലബ് സെൻഗുപ്ത 5% വോട്ട് തികയ്ക്കാതെ 4–ാം സ്ഥാനത്ത്. പാര്‍ട്ടി ഏറെ ഉയര്‍ത്തിക്കാട്ടിയ സി.പി.ഐയുടെ യുവ സ്ഥാനാര്‍ഥി കനയ്യ കുമറിന് ബിഹാറിലെ ബെഗുസരായിൽ ബിജെപി സ്ഥാനാർഥിക്കു കിട്ടിയ വോട്ടിന്‍റെ പകുതി വോട്ടുപോലും കിട്ടിയില്ല. ബംഗാളിൽ ഇടതു വോട്ടുകൾ ബി.ജെ.പിക്കും തൃണമൂലിനുമായി ഭിന്നിച്ചെന്നു സി.പി.എം സമ്മതിക്കുന്നുണ്ട്. ബിഹാറിൽ ആർ.ജെ.ഡി.യും കോൺഗ്രസും ചേർന്ന് ഇല്ലാതാക്കിയ സഖ്യത്തെക്കുറിച്ചായിക്കും സി.പി.ഐ പറയുക. തമിഴ്നാട്ടില്‍ രണ്ട് സീറ്റ് നേടിയതോടെ സി.പിഎമ്മിന് ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താം. എന്നാല്‍ സി.പി.ഐക്ക് ഈ പദവി നഷ്ടമാകും.