LiveTV

Live

National

‘ഞാനിനിയും നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും’: ബി.ജെ.പിയെ വെല്ലുവിളിച്ച് മമത

‘ഞാനിനിയും നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും’: ബി.ജെ.പിയെ വെല്ലുവിളിച്ച് മമത

മുസ്‍ലിംങ്ങളെ പ്രീണിപ്പിക്കുകയാണെന്ന ബി.ജെ.പി ആരോപണത്തിന് ചുട്ട മറുപടി നല്‍കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഞാനിനിയും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും. നിങ്ങളും വരണം. ഞാന്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണോ?, അല്ല- മമത പറഞ്ഞു.

‘ഞാന്‍ നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് പശു പാല്‍ തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയാറാവേണ്ടതുണ്ട്’; കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ട് മമത പ്രതികരിച്ചു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ മമതയുടെ നേതൃത്വത്തിലുള്ള തൃണമൂലിന് സാധിച്ചിരുന്നു. അതേസമയം, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയാണ് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതെന്ന് മമത ആരോപിച്ചു. ബംഗാളിലെ 42ല്‍ 18 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത്. തൃണമൂല്‍ അഞ്ച് വര്‍ഷം മുമ്പ് 34 സീറ്റുകളുണ്ടായത് ഇപ്രാവിശ്യം 22 സീറ്റുകളിലൊതുങ്ങി. പരമാവധി ഹിന്ദു വോട്ടുകള്‍ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ഇപ്രാവിശ്യം ബി.ജെ.പിക്കായിട്ടുണ്ട്.