LiveTV

Live

National

തമിഴ്നാട്ടില്‍ ദിനകരന്‍റെ പാര്‍ട്ടിക്ക് തിരിച്ചടി; നേട്ടമുണ്ടാക്കി കമല്‍ഹാസന്‍റെ പാര്‍ട്ടി

തമിഴ്നാട്ടില്‍ ഇരു മുന്നണികളെയും വെല്ലുവിളിച്ചിറങ്ങിയ ടിടിവി ദിനകരന്‍റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. നിയമസഭയിലേയ്ക്ക് സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ദിനകരന് പല ബൂത്തുകളിലും വോട്ടുകളൊന്നും ലഭിച്ചില്ല

തമിഴ്നാട്ടില്‍ ദിനകരന്‍റെ പാര്‍ട്ടിക്ക് തിരിച്ചടി; നേട്ടമുണ്ടാക്കി കമല്‍ഹാസന്‍റെ പാര്‍ട്ടി

തമിഴ്നാട്ടില്‍ ഇരു മുന്നണികളെയും വെല്ലുവിളിച്ചിറങ്ങിയ ടി.ടി.വി ദിനകരന്‍റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. നിയമസഭയിലേയ്ക്ക് സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ദിനകരന് പല ബൂത്തുകളിലും വോട്ടുകളൊന്നും ലഭിച്ചില്ല. എന്നാല്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് പലയിടത്തും മൂന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു.

നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു ടി.ടി.വി ദിനകരന്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. പരമാവധി സീറ്റുകള്‍ നേടി, ഭരണത്തെയും അതുവഴി അണ്ണാ ഡി.എം.കെയേയും സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ദിനകരന്‍റെ തന്ത്രം. എന്നാല്‍, വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ദിനകര പക്ഷത്തു നിന്നും രാജിവെച്ച് ഡി.എം.കെ പാളയത്തിലെത്തിയ സെന്തില്‍ ബാലാജി അരുവാകുറിച്ചിയില്‍ വിജയിക്കുകയും ചെയ്തു. ഇത് ദിനകരന്‍റെ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആദ്യഘട്ട പരിശോധനകളില്‍ വോട്ടെടുപ്പിലും എണ്ണലിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്ന് ടി.ടി.വി ദിനകരന്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷത്തിനു ശേഷം എത്തിയ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് സാധിച്ചു. എട്ട് മണ്ഡലങ്ങളില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തെ പിന്തള്ളി കമല്‍ഹാസന്‍റെ പാര്‍ട്ടി മൂന്നാമതെത്തി. ഒറ്റയ്ക്കു നിന്ന മറ്റൊരു പാര്‍ട്ടി സീമാന്‍റെ നാം തമിഴര്‍ കക്ഷിയാണ്. പലയിടത്തും നോട്ടയ്ക്കും പിന്നിലായിരുന്നു പാര്‍ട്ടിയുടെ സ്ഥാനം.