LiveTV

Live

National

ബെഗുസരായില്‍ കനയ്യക്ക് സംഭവിച്ചത്? 

1991 ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് കാരണമായ എൽ.കെ. അദ്വാനിയുടെ രഥയാത്രയെ ബീഹാറില്‍ പ്രതിരോധിച്ച ലാലുപ്രസാദ് യാദവിന്റെ ‘സദ്ഭാവന രഥ’ത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന തൻവീർ ഹസ്സന്‍ 

ബെഗുസരായില്‍ കനയ്യക്ക് സംഭവിച്ചത്? 

ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ വളരെ സുപ്രധാനമായ ഒരു മണ്ഡലമാണ് ബെഗുസരായ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ലെനിൻഗ്രാഡ് എന്ന പേരിൽ അമിതമായ മാധ്യമ ശ്രദ്ധ കിട്ടിയ ഒരു മണ്ഡലം കൂടിയാണ് ബെഗുസരായ്. എന്നാല്‍ അതിനെല്ലാമുപരി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പത്രമാധ്യമങ്ങൾക്ക് ഒരുപാട് ആഘോഷിക്കാൻ വക വെക്കുന്ന സ്ഥിതിവിശേഷമാണ് ജെ.എൻ.യു. വിദ്യാര്‍ത്ഥി യൂണിയന്റെ മുൻ പ്രസിഡന്റായ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സാധ്യമാക്കിയത്. വധശിക്ഷ നിര്‍‌ത്തലാക്കണമെന്ന പ്രമേയവും കശ്മീർ ജനതയോടുള്ള ഐക്യദാർഢ്യവും ആസ്പദമാക്കി ജെ.എൻ.യുവില്‍ ഗവേഷകനുമായിരുന്ന ഉമർഖാലിദ് അടങ്ങുന്ന ഒരുപറ്റം വിദ്യാർത്ഥികൾ നടത്തിയ സാംസ്കാരിക പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റ് വരിക്കേണ്ടി വന്നവരിൽ ഒരാള്‍ കൂടിയാണ് കനയ്യ കുമാര്‍. അതിനെ തുടർന്നാണ് കശ്മീർ ജനതയുടെ ആസാദി മുദ്രാവാക്യങ്ങള്‍ കടമെടുത്ത്/മാറ്റങ്ങള്‍ വരുത്തി കൊണ്ട് ഇന്ത്യയിൽ നിന്നല്ല ഇന്ത്യക്കകത്താണ് സ്വാതന്ത്ര്യം വേണ്ടത് എന്ന മുദ്രാവാക്യങ്ങൾ കനയ്യ ജനകീയവല്‍ക്കരിച്ചത്.

ഇതേ ബെഗുസറായിയില്‍ തന്നെയാണ് മുസ്‍ലിം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് ശ്രദ്ധേയനായ, നിലവില്‍ ജയിച്ച് കേറിയ കേന്ദ്രമന്ത്രി ഗിരിരാജ്സിങും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുളള മഹാഗട്ബന്ധൻ സ്ഥാനാർത്ഥിയായ തൻവീർഹസ്സനും മത്സരിച്ചത്. 1991 ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് കാരണമായ എൽ.കെ. അദ്വാനിയുടെ രഥയാത്രയെ ബീഹാറില്‍ പ്രതിരോധിച്ച ലാലുപ്രസാദ് യാദവിന്റെ ‘സദ്ഭാവന രഥ’ത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന തൻവീർഹസ്സന്‍ നിലവില്‍ ആർ.ജെ.ഡിയുടെ ബീഹാര്‍ ഘടകം വൈസ് പ്രസിഡന്റ് കൂടിയാണ്.

ബേഗുസറായിയെ ലെനിൻഗ്രാഡെന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോ ?

വർത്തമാന കാലത്ത് ബേഗുസറായിയെ ലെനിൻഗ്രാഡെന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സി.പി.ഐ ഈ പ്രദേശത്ത് മുഖ്യമായ ശക്തിയായി നിലനിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ 16 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 1967ൽ മാത്രമാണ് സി.പി.ഐ എന്ന പാർട്ടി ഈ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചത്. അതിന് ശേഷം 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനവും 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനവുമാണ്. പിന്നീടങ്ങോട്ട് നീണ്ട 35 വർഷത്തിന് ശേഷമാണ് 2014 ൽ മത്സരിക്കാൻ ഒരു മുഖമെങ്കിലുമുണ്ടായത്. അതേ വർഷത്തിലാണ് മോദി അധികാരത്തിൽ വരുന്നതും ആദ്യമായി ബി.ജെ.പി ബേഗുസറായിൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിക്കുന്നതും. രണ്ടാംസ്ഥാനം നേടിയ ആര്‍.ജെ.ഡി യുടെ പ്രധാന മുസ്‍ലിം മുഖമായ തൻവീർ ഹസൻ കേവലം അരലക്ഷം വോട്ടിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഒരുലക്ഷം വോട്ടിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു അന്ന് സി.പി.ഐ സ്ഥാനാർത്ഥി. ഇതിൽ മനസ്സിലാക്കേണ്ടുന്ന ഘടകം കനയ്യ എന്നൊരു സ്ഥാനാർത്ഥി ഇല്ലെങ്കിൽ പോലും സി.പി.ഐ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കും. ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമാവുകയുമില്ല. കഴിഞ്ഞ തവണയും ഇക്കുറിയും ബി.ജെ.പി യുടെ ജയം സുനിശ്ചിതമായത് അങ്ങനെ തന്നെയാണ്.

ഗിരിരാജ് സിംഗ്
ഗിരിരാജ് സിംഗ്

ദുർബലമായി കിടക്കുന്ന പാർട്ടിയുടെ നിലനിൽപ്പും അതിന്റെ പ്രവർത്തനങ്ങൾ പൊടിതട്ടി എടുക്കുകയും മാത്രമാണ് സി.പി.ഐ കനയ്യയിലൂടെ നോക്കി കണ്ടത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കനയ്യ പ്രചരണ സമയത്ത് ദേശീയ മാധ്യമമായ ' ദി ക്വിന്റന്' കൊടുത്ത ഇന്റർവ്യൂവിൽ ആര്.ജെ.ഡിയുടെ ശക്തനായ സ്ഥാനാർത്ഥി നിലനിൽക്കെ എന്തിന് മത്സരിക്കുന്നു എന്ന ചോദ്യത്തിന് അത് പാർട്ടിയോട് ചോദിക്കണം, പാർട്ടിയുടെ നിലപാടാണ് തന്നെ മത്സരിപ്പിക്കുകയെന്നത് എന്ന് മാത്രമാണ് പറഞ്ഞവസാനിപ്പിച്ചത്.

സവർണജാതിയായ ഭൂമിഹാറുകള്‍ തിരഞ്ഞെടുപ്പില് ഒരു ഘടകമായോ ?

ബീഹാറിലെ സവർണജാതിയായ ഭൂമിഹാർ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ബെഗുസറായ്. ഈ വിഭാഗത്തില്‍ നിന്ന് തന്നെയാണ് ബെഗുസറായിലെ സി.പി.ഐയുടെ നേതൃത്വത്തിലുള്ളവരെല്ലാം തന്നെ. 2009 തെരഞ്ഞെടുപ്പിൽ മാത്രമാണ് ഒരു മുസ്‍ലിം സ്ഥാനാർത്ഥി-അതും ബി.ജെ.പി പിന്തുണയോടെയുള്ള ജെ.ഡി.യു സ്ഥാനാര്‍ഥി - ഡോ. മുനാസിർ ബെഗുസറായില്‍ നിന്ന് ജയിച്ചത്. അല്ലാത്ത പക്ഷം ഭൂമിഹാറേതര സ്ഥാനാർത്ഥികൾക്ക് വിജയം ഇക്കാലം വരെയും സാധ്യമായിരുന്നില്ല. ഇത്തരമൊരു മണ്ഡലത്തിലാണ് ആര്‍.ജെ.ഡി യുടെ തൻവീർ ഹസൻ 2014 ല്‍ രണ്ടാംസ്ഥാനം നേടിയത്. 2014 തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി.ജെ.പി യുടെ ഭോലാ സിങായിരുന്നു. അദ്ദേഹം മുമ്പ് സി.പി.ഐയുടെ ടിക്കറ്റില്‍ പാർലമെന്റ് സീറ്റിൽ മത്സരിച്ചയാളും മുൻ സി.പി.ഐ എം.എല്‍.എ കൂടിയാണ്. പാർട്ടി മാറിയിരുന്നെങ്കിലും ഭൂമിഹാറാണെന്ന ജാതി ഘടകമാണ് ഭോലാ സിങ് അന്ന് ജയിക്കാനും കാരണം.

1990 കളിൽ ബ്രഹ്മേഷ്വർ സിങ്ങിന്റെ നേതൃത്വത്തിൽ ദലിതർക്ക് നേരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐയുടെ മൗനം ശ്രദ്ധേയമായിരുന്നു. ഈ തെരഞ്ഞെടുപ്പ് പോളിങ്ങിന് ശേഷം ഒരു ദിവസം ബീഫിന്റെ പേരിൽ മുസ്‍ലിം മധ്യവയസ്ക്കനെ ആൾക്കൂട്ടമർദ്ദനം നടത്തിയപ്പോള്‍ കനയ്യ അപലപിക്കുകയോ വീട് സന്ദർശിക്കുകയോ ചെയ്യാത്തത് ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ടുന്ന ഒന്നാണ്.

മഹാഗട്ബന്ധനും കനയ്യയുടെ ഇലക്ഷന്‍ ക്യാമ്പയിനും ബെഗുസറായിയിലെ യഥാര്‍ഥ ചിത്രവും

കനയ്യ മത്സരിക്കാൻ തീരുമാനിച്ച സമയത്ത് നടന്ന പ്രസ്സ് മീറ്റിൽ മഹാഗട്ബന്ധനെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മത്സരം താനും ഗിരിരാജും തമ്മിലാണെന്നാണ്. എന്നാൽ ഇലക്ഷനിടെ ഐക്യധാർഢ്യവുമായി വന്ന ജാവേദ് അക്തറടക്കമുള്ള സെലിബ്രിറ്റികൾ അക്രമിച്ചത് മഹാഗട്ബന്ധൻ സ്ഥാനാർത്ഥി തൻവീർ ഹസനെയാണ്. 2014 ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി രാജേന്ദ്ര പ്രസാദ് സിങ്ങിന് 1,92,636 ത്തോളം വോട്ട് ലഭിച്ചത് ജെ.ഡി.യു പിന്തുണയോടെയാണ്. 15 ലക്ഷത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇത്തവണ 5 പാർട്ടികളാണ് ബീഹാറിൽ മഹാഗട്ബന്ധൻ സഖ്യകക്ഷികളായിട്ടുള്ളത്. ഇവിടെ മുസ്‍ലിം വോട്ടുകളാണ് തുറന്ന രീതിയിൽ വിഭജിക്കപ്പെട്ടിട്ടുള്ളത്. ഇക്കുറി കനയ്യക്ക് ലഭിച്ച 50 ശതമാനത്തിൽ പരം വോട്ടും നിസ്സഹാരായ മുസ്‍ലിം വോട്ടുകളാണ് എന്നതിൽ സംശയമില്ല.

കനയ്യയുടെ ക്യാമ്പിൽ നിന്നുണ്ടായ ഗ്രൌണ്ട് ലെവൽ ഇലക്ഷന്‍ പ്രചരണങ്ങൾ ശ്രദ്ധേയമാണ്. അതിൽ വളരെ സുപ്രധാനമായ ഒന്ന് ഭോലാസിങിന്റെ ഒത്ത പിൻഗാമി എന്ന നിലയിലുള്ള പ്രചാരണം. അതിന് വേണ്ടി ഉപയോഗിച്ചിരുന്ന ചിത്രം- അദ്ദേഹത്തിന്റെ മരണാനന്തരം കനയ്യ ആദരിക്കുന്ന ചിത്രം. മറ്റൊന്ന് കുർമി ജെ.ഡി.യു വോട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങൾ, കനയ്യയുടെ അറസ്റ്റിനെ തുടർന്ന് കനയ്യക്ക് അനുകൂലമായി നിതീഷ്കുമാർ നടത്തിയ പത്രസമ്മേളനം. പിന്നീട് അവസാന ഘട്ടത്തിൽ തൻവീർഹസ്സൻ കനയ്യക്ക് വോട്ട് ചെയ്യണമെന്ന് അറിയിച്ച് കൊണ്ടുള്ള ഫേക്ക് ട്വീറ്റ്. ഇതെല്ലാം പൂർണ്ണ തലത്തിൽ വിലയിരുത്തുമ്പോൾ കനയ്യയുടെ അധിക പ്രചാരണങ്ങളും മഹാഗഡ്ബന്ധന് എതിരായിരുന്നുവെന്ന് കാണാം. കനയ്യയുടെ കാമ്പയിൻ ഫലത്തില്‍ തൻവീർ ഹസ്സനിൽ നിന്ന് മുസ്ലീം വോട്ടുകൾ വിട്ടു പോകാന്‍ കാരണമായെന്ന് മാത്രമല്ല, ഇതര ജാതിവോട്ടുകൾ ഹിന്ദുവോട്ടുകളായി ഗിരിരാജ് സിങ്ങിന് അനുകൂലമായി പരിണമിക്കാന്‍ കാരണമാവുകയും ചെയ്തു.

തന്‍വീര്‍ ഹസ്സന്‍
തന്‍വീര്‍ ഹസ്സന്‍

മണ്ഡലത്തിലെ സി.പി.ഐയെ അനുകൂലിക്കുന്ന ഭൂമിഹാർ മനോഗതി കറങ്ങിയത് കന്‍ഹയ്യയെ മുമ്പ് ജെ.എന്‍.യുവില്‍ അറസ്റ്റ് ചെയ്തത് ശരിയാണോ തെറ്റാണോ എന്നതിലല്ല. മറിച്ച് പ്രചാരണ പരിപാടികൾ ആരംഭിച്ച ദിവസം മുതൽ കനയ്യ മുസ്ലീം ഗ്രാമങ്ങളിൽ ചെന്നതും , സോഷ്യൽ മീഡിയകളിൽ വളരെ വ്യാപകമായി അത് പ്രചരിപ്പിച്ചതുമാണ്. മുസ്‍ലിംകളോടൊത്തുള്ള നിരവധി പോസ്റ്റുകൾ, ശരാശരി ഹിന്ദുബോധം ഉണർത്തി. മുസ്‍ലിംകളുമായി എല്ലാ സമയവും ചെലവഴിക്കുന്ന ഒരാള്‍ക്ക് എന്തിനാണ് ഞങ്ങള്‍ വോട്ടു ചെയ്യുന്നത് എന്ന് അവര്‍ ചിന്തിച്ചു തുടങ്ങി.അധീശ വിഭാഗമായ ഭൂമിഹാറുകളുടെ ഗ്രാമത്തിലെ സംഭാഷണങ്ങളൊക്കെ ഇതില്‍ കേന്ദ്രീകരിച്ചാവുകയും ഗിരിരാജ് സിങ്ങിനനുകൂലമായ വോട്ട് ബാങ്കായി രൂപപ്പെടുകയും ചെയ്തു.

ഇത് 50% മുസ്‍ലിംകൾ അടങ്ങുന്ന ആർ.ജെ.ഡിയുടെ വോട്ടുകൾ കനയ്യക്ക് മറിയുകയും സി.പി.ഐ അനുകൂല ഹിന്ദു വോട്ടുകളടക്കം മറ്റു ജാതി ഹിന്ദു വോട്ടുകളും ഗിരിരാജ്സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കും വിധം ഏകോപിക്കുകയും ചെയ്തു. കനയ്യയുടെ മത്സരം നേർക്കുനേർ ഗിരിരാജുമായാണ്, തൻവീർഹസൻ ചിത്രത്തിലേ ഇല്ല എന്ന കനയ്യയുടെയും അനുകൂല മാധ്യമങ്ങളുടെയും പ്രചാരണം ഇതിന് ആക്കം കൂട്ടി.

ആത്യന്തികമായി ആര്‍.ജെ.ഡി യുടെ കൂടെ നിന്ന് മുസ്‍ലിം സംഘാടനം നടത്താനുള്ള എല്ലാ ശ്രമങ്ങളെയും തളര്‍ത്താനുള്ള മറ്റൊരു സവര്‍ണ ശ്രമം മാത്രമായി പരിണമിച്ചു പോവുകയായിരുന്നു കനയ്യയുടെ ആദ്യത്തെ പാര്‍ലമെന്ററി അങ്കം.