LiveTV

Live

National

ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്;  എ.ബി.വി.പി പരാതിയില്‍ ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍ 

ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി  ഫേസ്ബുക്ക് പോസ്റ്റ്;  എ.ബി.വി.പി പരാതിയില്‍  ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍ 

ബീഫ് കഴിക്കാനുള്ള അവകാശത്തെ ചൂണ്ടിക്കാട്ടി 2017ല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സാക്ച്ചി ഗവണ്‍മെന്റ് വനിതാ കോളേജിലെ ആദിവാസി ആക്ടിവിസ്റ്റും പ്രൊഫസറുമായ ജീത്റായ് ഹന്‍സയെയാണ് പൊലീസ് 2017ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. 2017 ജൂണിലാണ് ജീത്റായുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ എ.ബി.വിപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ജീത്റായിയെ ഇതിന് മുമ്പേ അറസ്റ്റ് ചെയ്യാതിരുന്നതെന്നും അത് വഴി ആദിവാസി വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാവാതെ നോക്കുകയായിരുന്നു ചെയ്തതെന്നും ജീത്റായുടെ കേസ് കൈകാര്യം ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അഡ്വക്കറ്റ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഇപ്രാവിശ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14ല്‍ 12 സീറ്റുകളും ബി.ജെ.പിയാണ് സ്വന്തമാക്കിയത്.

ആദിവാസി വിഭാഗങ്ങളുടെ ബീഫിനോടുള്ള ആഭിമുഖ്യവും പശുവിനെ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനെ വിശദീകരിച്ചു കൊണ്ടുമാണ് ജീത്റായ് ഹന്‍സ 2017ല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. ബീഫ് കഴിക്കുക എന്നത് ആദിവാസികളുടെ ജനാധിപത്യപരവും സാംസ്ക്കാരികവുമായ അവകാശമാണെന്നും ഹിന്ദു ആചാരങ്ങളെ അത് കൊണ്ട് തന്നെ പിന്തുടരാന്‍ സാധിക്കില്ലെന്നുമാണ് ജീത്റായ് ഹന്‍സ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ വരെ ആദിവാസികള്‍ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കാറുണ്ടെന്നും ജീത്റായ് കുറിപ്പില്‍ അവകാശപ്പെടുന്നുണ്ട്.

ജീത്റായ ഹന്‍സയെ പരാതിയുടെ അടിസ്ഥാനത്തില്‍ 2017ല്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു പക്ഷെ അന്ന് അറസ്റ്റ് നടപടികളൊന്നും കൈകൊണ്ടിരുന്നില്ല. പ്രൊഫസര്‍ക്ക് ലഭ്യമായിരുന്ന മുന്‍കൂര്‍ ജാമ്യഹരജി പോലും തള്ളികൊണ്ടാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. മതചിഹ്നങ്ങളെ അവഹേളിക്കുക, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദയുണ്ടാക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹന്‍സയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.