LiveTV

Live

National

തമിഴ‌ൻ്റെ കാവി പ്രതിരോധം

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ മുദ്രാവാക്ക്യങ്ങളുടെ ഹാഷ്ടാ​ഗുകൾ ഉയർന്നിരുന്നു.

തമിഴ‌ൻ്റെ കാവി പ്രതിരോധം

2014ലെ വിധിയെഴുത്ത് കൂടുതൽ ശക്തിയോടെ ആവർത്തിച്ചിരിക്കുകയാണ് തമിഴ്നാട്. ദേശീയ
ഗതിക്ക് വിപരീതമായി കേരളത്തെ പോലെ തന്നെ ബി.ജെ.പിക്ക് വേരുറപ്പിക്കാൻ പറ്റാത്ത മണ്ണായി അവർ തുടരുന്നു. ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് അകറ്റി നിർത്താൻ 2014ൽ എ.ഐ.എ.ഡി.എം.കെയെ നിരുപാധകം വിജയിപ്പിച്ച തമിഴ്നാട്, ഇത്തവണ അതേ കാരണത്തിന് വേണ്ടി ഡി.എം.കെയുടെ കൂടെ നിന്നു.

2014ൽ ആകെയുള്ള 39 സീറ്റുകളിൽ 37ലും എ.ഐ.എ.ഡി.എം.കെയെ വിജയിപ്പിച്ച തമിഴ്നാട്, 2019ൽ വെല്ലുരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 37 മണ്ഡലങ്ങളിൽ ഡി.എം.കെയെ വിജയിപ്പിച്ചു. പക്ഷെ, ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ നടന്ന 22 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഇഞ്ചോടിഞ്ച് പോരാടിയതാണ് കണ്ടത്.

ഡി.എം.കെ 13 സീറ്റുകൾ നേടിയപ്പോൾ എ.ഐ.എ.ഡി.എം.കെ 9 സീറ്റുകൾ നേടി. നരേന്ദ്ര മോദി തരംഗമല്ല, മറിച്ച് നരേന്ദ്ര മോദി വിരുദ്ധ തരംഗമാണ് തമിഴ്നാട്ടിൽ നിലനിൽക്കുന്നതെന്ന വസ്ഥുതയിലേക്ക് ഇത് വിരൽചൂണ്ടുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ മുദ്രാവാക്ക്യങ്ങളുടെ ഹാഷ്ടാഗുകൾ ഉയർന്നിരുന്നു. എന്നാൽ, മോദി വിരുദ്ധത തമിഴ്നാട്ടിൽ എന്തുമാത്രം ശക്തമാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചു.

ഈ പ്രതിസന്ധി മറികടക്കാൻ വേണ്ടി തങ്ങളുടെ പക്കലുള്ള എല്ലാ അടവുകളും ബി.ജെ.പി പയറ്റി നോക്കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ നാലുതവണ തമിഴ്നാട്ടിൽ നേരിട്ടെത്തി മോദി വോട്ടഭ്യർത്ഥിച്ചു. എന്നാൽ കന്യാകുമാരിയിൽ നിന്ന് കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റ് പോലും നഷ്ടപെട്ടതായിരുന്നു ഫലം. മത്സരിച്ച അഞ്ചിടങ്ങളിലും വലിയ മാർജിനിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരേ ആയിരുന്നു എതിർ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം.

ഇതിൽ കോയമ്പത്തൂരിൽ സി.പി.ഐ.എമ്മിനോടും രാമനാഥപുരത്ത് മുസ്ലീം ലീഗിനോടും ഏറ്റ തോൽവികൾ ബി.ജെ.പിയെ കൂടുതൽ പിന്നോട്ട് വലിക്കുന്നു. എ.ഐ.എ.ഡി.എം.കെയുടെ വോട്ടുവാങ്ങി സംസ്ഥാനത്ത് നില മെച്ചപെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. ശിവ
ഗംഗയിലെ സ്ഥാനാർത്ഥി രാജ എ.ഐ.എ.ഡി.എം.കെയുടെ വോട്ട് തന്നെ വിജയിപ്പിക്കുമെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. മാത്രവുമല്ല, കണക്കുകളെല്ലാം രാജക്ക് അനൂകലവുമായിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കുന്നതായിരുന്നു ഫലങ്ങൾ. ദ്രാവിഡ പൈത‍ൃകത്തിൽ അഭിമാനം കൊള്ളുന്ന തമിഴർ, ചരിത്രത്തിലിതുവരെ ഉത്തരേന്ത്യൻ പാർട്ടികളേയും നേതാക്കളേയും അടുപ്പിച്ചിട്ടില്ല. തമിഴർ ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. കേരളവും തമിഴ്നാടും ബി.ജെ.പി യെ ഒരുപോലെ പ്രതിരോധിച്ചു. എന്നാൽ തമിഴരുടെ പ്രതിരോധം മലയാളികളുടേതിലെകാൾ ഒരൽപ്പം മാറ്റ് കൂടിയതായിരുന്നു.